
ദില്ലി: മിസോറാമിൽ ദുരന്തം വിതച്ച് റേമൽ ചുഴലിക്കാറ്റ്. ഐസ്വാളിൽ കനത്ത മഴയെ തുടർന്ന് കരിങ്കൽ ക്വാറി തകർന്നു. അപകടത്തിൽ 10 തൊഴിലാളികൾ മരിച്ചു. നിരവധി പേർ ഇപ്പോഴും ക്വാറിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു. സമീപത്തെ ധാരാളം വീടുകളും ചുഴലിക്കാറ്റിൽ തകർന്നിട്ടുണ്ട്. കൂടാതെ മിസോറാമിൽ പലയിടത്തും മണ്ണിടിച്ചിലും സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിന്റെ തീരത്ത് കരതൊട്ട റേമൽ വീശിയത് മണിക്കൂറിൽ 110 മുതൽ 120 കിലോ മീറ്റർ വേഗതയിലാണ്. ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങളാണ് പശ്ചിമ ബംഗാളിൽ ഉണ്ടാക്കിയത്. രണ്ട് പേര് മരിച്ചെന്നാണ് റിപ്പോര്ട്ട്. 2 ലക്ഷത്തോളം ആളുകളെ തീരപ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിലും സാഗർ അയലൻഡിലും കാറ്റ് വ്യാപക നാശ നഷ്ടമുണ്ടാക്കി. കൊൽക്കത്തയടക്കം പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി. ധാരളം വീടുകൾക്കും കേടുപാടുകൾ ഉണ്ടായി. ബംഗ്ലാദേശിൽ ചുഴലിക്കാറ്റ് നാല് പേരുടെ ജീവനെടുത്തു.
ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതോടെ 21 മണിക്കൂറായി അടച്ചിട്ടിരുന്ന കൊൽക്കത്ത വിമാനത്താവളം തുറന്നു. ബംഗാൾ ഗവർണ്ണർ സി വി ആനന്ദബോസ് ചുഴലിക്കാറ്റ് കൊൽക്കത്തയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ പ്രദേശങ്ങൾ സന്ദർശിച്ചു. ത്രിപുരയിൽ രണ്ട് ദിവസത്തേക്ക് സ്കൂളുകൾ അടച്ചു. ചുഴലിക്കാറ്റിന്റെ പ്രകമ്പനത്തിൽ തെലങ്കാനയിലുണ്ടായ മഴയിലും ഇടി മിന്നലിലും 13 പേർ മരിച്ചതായും റിപ്പോർട്ടുകളുമുണ്ട്.
Last Updated May 28, 2024, 12:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]