
ദില്ലി: ദില്ലി വിവേക് വിഹാറിലെ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൻ്റെ അടിസ്ഥാനത്തിൽ ദില്ലിയിലെ എല്ലാ ആശുപത്രികളിലും അഗ്നി സുരക്ഷ പരിശോധന നടക്കും. അടിയന്തര പരിശോധന നടത്തി ജൂൺ എട്ടിന് ഉള്ളിൽ റിപ്പോർട്ട് നൽകാനാണ് ആശുപത്രികൾക്കുള്ള ദില്ലി സർക്കാരിൻ്റെ നിർദ്ദേശം. ബേബി കെയർ ആശുപത്രിയിലെ തീപിടിത്തത്തിൽ അറസ്റ്റിലായ ഉടമ നവീൻ കിച്ചി റിമാൻഡിൽ തുടരുകയാണ്. ഇയാളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിലാണ് കോടതി വിട്ടിരിക്കുന്നത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കേസുകൾ ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, നവജാത ശിശുക്കളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ എഫ്ഐആറിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. ആശുപത്രിയിലെ അഞ്ച് ഓക്സിജൻ സിലണ്ടറുകൾ പൊട്ടിത്തെറിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. അപകട സമയത്ത് 27 സിലിണ്ടറുകളാണ് ആശുപത്രിയിലുണ്ടായിരുന്നത്. നിലവിൽ ഉടമസ്ഥനെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ അടക്കം നാല് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജനറേറ്ററിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്നാണ് ഇത്രയും വലിയ രീതിയിലുള്ള തീപിടിത്തമുണ്ടായതെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.
Last Updated May 28, 2024, 1:38 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]