
തിരുവനന്തപുരം: വിഴിഞ്ഞത്ത് മാർബിൾ ഇറക്കുന്നതിനിടെ അട്ടി മറിഞ്ഞ് വീണ് മൂന്ന് ചുമട്ടു തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. ആഴാകുളം സ്വദേശി റജീബ് (42), ടൗൺഷിപ്പ് സ്വദേശി അലിയാർ(55), ആമ്പൽകുളം സ്വദേശി സിദ്ദിഖ് (45) എന്നിവർക്കാണ് പരിക്കേറ്റത്. റജീബ്, സിദ്ദിഖ് എന്നിവരുടെ കാലിന് പൊട്ടലുണ്ടായി. അലിയാർക്ക് കാലിൽ ഗുരുതരമായും മുറിവേറ്റു. വിഴിഞ്ഞം പൊലീസ് സ്റ്റേഷനു സമീപം വച്ചായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്നും ടോറസ് ലോറിയിലെത്തിച്ച മാർബിളുകൾ മിനി ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ആമ്പൽകുളത്ത് വീടുപണി നടക്കുന്നിടത്ത് ടോറസ് ലോറി പോകാൻ ബുദ്ധിമുട്ട് ആയതിനാൽ സ്റ്റേഷൻ പരിസരത്ത് റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്ത് മിനി ലോറിയിലേക്ക് മാറ്റുന്ന സമയത്താണ് മാർബിൾ അട്ടിയോടെ മറിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് പതിച്ചത്. സംഭവ സമയത്ത് ആറ് തൊഴിലാളികൾ ഉണ്ടായിരുന്നു.മൂന്നു പേർ മിനിലോറിയിൽ ആയിരുന്നു. ഇതിൽ കയറ്റുന്നതിനിടെയാണ് മാർബിളുകൾ മറിഞ്ഞ് ഇവരുടെ കാലുകളിലേക്ക് പതിച്ചത്. ഉടൻ തന്നെ അടുത്തുണ്ടായിരുന്ന നാട്ടുകാരും പൊലീസുകാരും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ ദുരന്തം ഒഴിവായി.വിഴിഞ്ഞത്തു നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]