
ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ ബ്രിട്ടീഷ് പാകിസ്ഥാനികൾ സംഘടിപ്പിച്ച പ്രതിഷേധത്തിന് മറുപടിയുമായി ബ്രിട്ടീഷ് ഇന്ത്യക്കാരും രംഗത്ത്. പഹൽഗാമിൽ ഭീകരാക്രമണത്തിൽ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്ന ഇന്ത്യയുടെ പ്രചാരണം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടാണ് പാക് പ്രതിഷേധക്കാർ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം നടത്തിയത്. പിന്നാലെ, നൂറുകണക്കിന് ഇന്ത്യക്കാരും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് തടിച്ചുകൂടി. പൊലീസെത്തിയാണ് ഇരുവിഭാഗത്തെയും നിയന്ത്രിച്ചത്. പാകിസ്ഥാൻ പ്രതിഷേധത്തിൽ ഏകദേശം 50 പേർ എത്തിയപ്പോൾ, മറുപടിയായി നൂറുകണക്കിന് ഇന്ത്യക്കാരാണ് എത്തിയത്.
പൊലീസ് ബാരിക്കേഡുകൾ കൊണ്ട് ഇരുവിഭാഗത്തെയും തടഞ്ഞു. ഇന്ത്യൻ പ്രതിഷേധക്കാർ ത്രിവർണ്ണ പതാക പ്രദർശിപ്പിക്കുകയും ഉച്ചഭാഷിണി ഉപയോഗിച്ച് ദേശീയ ഗാനം ആലപിക്കുകയും ‘ജയ് ശ്രീ റാം’, ‘വന്ദേമാതരം’, ‘ഭാരത് മാതാ കീ ജയ്’ മുഴക്കുകയും ചെയ്തു. പാകിസ്ഥാൻ പ്രതിഷേധക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു. ബിഹാറിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പഹൽഗാമിൽ ആക്രമണമുണ്ടാക്കിയതെന്ന് പാക് പ്രതിഷേധക്കാർ ആരോപിച്ചു. ഇന്ത്യക്ക് അണക്കെട്ടുകളില്ലാത്തതിനാൽ വെള്ളം തടയാൻ കഴിയില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഇന്ത്യൻ ഭാഗത്ത്, ചിലർ ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാകകൾ വീശി. പാകിസ്ഥാൻ പ്രതിഷേധത്തിന് പിന്നിലെ ഉദ്ദേശ്യങ്ങളെ പ്രതിഷേധക്കാർ ചോദ്യം ചെയ്തു. ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ അവർ എന്തിനാണ് പ്രതിഷേധിക്കുന്നത്. അവരാണ് ഭീകരാക്രമണം നടത്തുന്നത്. എന്നിട്ട് ലജ്ജയില്ലാതെ ഇരവാദമിറക്കുകയാണെന്നും ആരോപിച്ചു. പ്രതിഷേധങ്ങളെ എതിർത്ത് റിഫോം യുകെയുടെ ഡെപ്യൂട്ടി നേതാവായ റിച്ചാർഡ് ടൈസ് രംഗത്തെത്തി. ലണ്ടൻ തെരുവുകളിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഭാഗീയ രാഷ്ട്രീയമാണ് നടക്കുന്നത്. ഇത് ബ്രിട്ടനാണ്. നിങ്ങളുടെ ദേശീയ തർക്കങ്ങൾ മറ്റെവിടെയെങ്കിലും കൊണ്ടുപോകണമെന്നും ഇദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]