
മുംബൈ: തെക്കൻ മുംബൈയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ വൻ തീപ്പിടിത്തം. ബല്ലാഡ് എസ്റ്റേറ്റിലുള്ള കെസർ-ഐ-ഹിന്ദ് കെട്ടിടത്തിലെ ഓഫീസിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ഓഫീസിലുണ്ടായിരുന്ന കംപ്യൂട്ടറുകളും ഫർണിച്ചറുകളും ഒട്ടേറെ രേഖകളും കത്തിനശിച്ചു. പ്രധാനപ്പെട്ട സർക്കാർ ഫയലുകൾ കത്തി നശിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ആർക്കും പരിക്കേറ്റിട്ടില്ല.
ആറ് നില കെട്ടിടത്തിലെ നാലാം നിലയിലുള്ള ഇഡി ഓഫീസിലാണ് അപകടമുണ്ടായത്. ആദ്യം ചെറിയ രീതിയിലാണ് തീ പിടിച്ചത്. പിന്നീട് ഓഫീസിലെ ഫർണിച്ചറുകളിലേക്ക് തീ പടർന്നു. ഇതോടെ വ്യാപകമായി തീപിടിത്തമുണ്ടായെന്ന് മുംബൈ അഗ്നിരക്ഷാസേനാ മേധാവി രവീന്ദ്ര അംബുൽഗേങ്കർ പറഞ്ഞു. ഫയലുകളടക്കം കത്തിയതോടെ കെട്ടിടം നിറയെ പുകയും ഉണ്ടായിരുന്നു അതിനാൽ ഏറെ പണിപെട്ടാണ് തീയണച്ചത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായതെന്ന് രവീന്ദ്ര അംബുൽഗേങ്കർ പറഞ്ഞു. മുംബൈ ഫയർഫോഴ്സിന്റെ 12 ഫയർ എഞ്ചിനുകൾ, ഏഴ് ജംബോ ടാങ്കറുകൾ, ഒരു ഏരിയൽ വാട്ടർ ടവർ ടെൻഡർ തുടങ്ങിയവ എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന് കാരണം ഇതുവരെ വ്യക്തമല്ല. ഫയർഫോഴ്സ് വിഗദ്ധ സംഘം അന്വേഷണം നടത്തിവരികയാണെന്നും മുംബൈ അഗ്നിരക്ഷാസേനാ മേധാവി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]