
ദില്ലി: ഹരിയാനയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ രാജസ്ഥാനിൽ നിന്നുള്ള യുവ ഡോക്ടര്‍ ചികിത്സയിലിരിക്കെ മരിച്ചു. ദില്ലിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് തയ്യാറെടുക്കുന്ന 25കാരിയായ ഭാവന യാദവാണ് മരിച്ചത്. ഹിസാറിൽ വെച്ച് ഭാവനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അമ്മയ്ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഹിസാറിലെത്തിയ അവർ മകളെ ജയ്പൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഓൺലൈനിൽ ക്ലാസുകൾ കേട്ട് ആഴ്ചതോറും ദില്ലിയിൽ പരീക്ഷയ്ക്ക് പോവുമായിരുന്നു ഭാവന. എന്നാൽ ഇവര്‍ എങ്ങനെ ഹിസാറിൽ എത്തിയതെന്ന് വ്യക്തമല്ല. മരണത്തിൽ ദുരൂഹതകൾ ചൂണ്ടിക്കാട്ടി അമ്മ ഗായത്രി യാദവ് ജയ്പൂരിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണിപ്പോൾ. ഫിലിപ്പീൻസിൽ 2023-ൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയതാണ് ഭാവന യാദവ്. വിദേശത്ത് എംബിബിഎസ് ബിരുദം നേടിയ വിദ്യാര്‍ത്ഥികൾക്കായുള്ള നിർബന്ധിതമായ മെഡിക്കൽ ലൈസൻസിംഗ് പരീക്ഷയായ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു അവൾ.
അമ്മയുടെ പരാതി പ്രകാരം, 25 കാരി ഭാവന ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയും ആഴ്ചതോറും പരീക്ഷകൾക്കായി ദില്ലിയിലേക്ക് പോവുകയും ചെയ്തിരുന്നു. ഏപ്രിൽ 21ന് അവൾ പരീക്ഷയ്ക്കായി ദില്ലിയിലായിരുന്നു. ദില്ലിയിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സഹോദരിയോടൊപ്പമായിരുന്നു ഭാവന താമസിച്ചിരുന്നത്. ഏപ്രിൽ 21, 22 തീയതികളിൽ ഭാവന സഹോദരിയോടൊപ്പമായിരുന്നു താമസിച്ചത്.
23ന് ഭാവന അമ്മയെ വിളിച്ച് 24ന് രാവിലെ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ എത്തിയില്ല. അന്വേഷണത്തിനിടെ ഏപ്രിൽ 24ന്, ഉമേഷ് യാദവ് എന്നയാൾ അമ്മയെ വിളിച്ച് ഭാവനയ്ക്ക് പൊള്ളലേറ്റതായും ഹരിയാനയിലെ ഹിസാറിലെ സോണി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അറിയിച്ചു. താമസിയാതെ, അമ്മ ഹിസാറിലെത്തി. എന്നാൽ ഭാവനയെ എവിടെ നിന്നാണ് കണ്ടെത്തിയതെന്നോ എങ്ങനെ അവിടെ എത്തിയെന്നോ ആശുപത്രി അധികൃതര്‍ക്ക് വ്യക്തതയുണ്ടായിരുന്നില്ല. തൂടര്‍ന്ന് ഗുരുതരാവസ്ഥ മനസിലാക്കിയ അമ്മ, ഭാവനയെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി.
ഏപ്രിൽ 24ന് രാത്രി ചികിത്സയ്ക്കിടെ അവർ മരിക്കുകയായിരുന്നു. മകളുടെ വയറ്റിൽ മൂർച്ചയേറിയ ആയുധം കൊണ്ടതിന്റെ പാടുകൾ ഉണ്ടായിരുന്നതായി അമ്മ പറയുന്നു. മകളെ കുത്തിക്കൊന്ന് തീകൊളുത്തിയതാണെന്നും ഇത് കൊലപാതകമാണെന്നും അമ്മ പരാതിയിൽ പറയുന്നു. ഭാവനയുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ നഷ്ടപ്പെട്ടതായും അമ്മ പൊലീസിനെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]