
ദില്ലി: ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. ജാവദേക്കറെ കണ്ടത് ജയരാജൻ മൂടി വച്ചത് അതീവ ഗൗരവത്തോടെ സിപിഎം ചർച്ച ചെയ്യുമെന്ന് പാർട്ടി നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അച്ചടക്ക നടപടിയെടുക്കുന്ന കാര്യം കേന്ദ്ര കമ്മിറ്റി ആലോചിക്കുമെന്നാണ് സൂചന.
ഇപി ജയരാജൻ ഇന്നലെ നടത്തിയ തുറന്ന് പറച്ചിൽ സിപിഎം കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ബിജെപിയുടെ മുതിർന്ന നേതാവുമായി വീട്ടിൽ കൂടിക്കാഴ്ച നടത്തി എന്നത് നിസാരമായി തള്ളാനാവില്ലെന്ന വികാരമാണ് നേതാക്കൾക്കുള്ളത്. കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചോരുന്നത് പാർട്ടി ആയുധമാക്കുമ്പോൾ ഈ ചർച്ച വൻ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ നേതാക്കൾ തമ്മിൽ കാണുന്നത് സാധാരണമാണ്. എന്നാൽ ബിജെപി നേതാവ് സിപിഎം സിസി അംഗത്തെ വീട്ടിൽ വന്ന് കാണുന്നത് അസാധാരണമാണ്. അങ്ങനെയൊരു കൂടിക്കാഴ്ച നടന്ന ശേഷവും ജയരാജൻ പാർട്ടിയെ ഇക്കാര്യം അറിയിച്ചില്ല. ഇത് അറിയിക്കേണ്ട ബാധ്യതയുണ്ടായിരുന്ന നേതാവ് മൂടിവച്ച് പാർട്ടിവിരുദ്ധമാണ്.
കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജനെതിരെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ ഇന്നലെ പറഞ്ഞതിന് പരസ്യ ശാസനയുടെ സ്വഭാവുമുണ്ട്. എന്നാൽ കൂടുതൽ കർശനമായ നടപടി ആലോചിക്കേണ്ടി വരും എന്ന സൂചനയാണ് നേതാക്കൾ നല്കുന്നത്. മുമ്പ് ബന്ധു നിയമന വിവാദം ഉയർന്നപ്പോൾ കേന്ദ്ര നേതാക്കൾ ഇടപെട്ടാണ് ഇ പി ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയത്. പുതിയ വിവാദത്തിൽ കേരളത്തിൽ ആലോചിച്ച ശേഷം എന്ത് നടപടി വേണമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം ചർച്ച ചെയ്യും.
Last Updated Apr 27, 2024, 6:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]