
വെടിനിർത്തൽ നിർത്തി ഇസ്രയേൽ, ബെയ്റൂട്ടിൽ കനത്ത വ്യോമാക്രമണം; ഹിസ്ബുല്ല താവളങ്ങളിൽ ബോംബ് വർഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെയ്റൂട്ട്∙ ലബനൻ നഗരമായ ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമസേനയുടെ ശക്തമായ വ്യോമാക്രമണം. നവംബറിൽ സായുധ സംഘമായ ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ കരാറിനുശേഷം ഇതാദ്യമായാണ് ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ സേന വൻ വ്യോമാക്രമണം നടത്തുന്നത്. ഡ്രോണുകൾ സൂക്ഷിക്കുന്ന ഹിസ്ബുല്ല താവളങ്ങൾക്കു നേരെയാണ് ബോംബ് വർഷിച്ചതെന്ന് ഇസ്രയേൽ സേന അറിയിച്ചു.
ലബനനിലെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയിൽ നടന്ന സ്ഥലത്തുനിന്നു പുക ഉയരുന്നത് കാണാമായിരുന്നെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലബനൻ തലസ്ഥാനത്തിനു ചുറ്റുമുള്ള പർവതങ്ങളിൽനിന്ന് സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബർ 27നാണ് ഹിസ്ബുല്ലയും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പുവച്ചത്. ഇതിനുശേഷം നിലനിന്നിരുന്ന വെടിനിർത്തൽ ഇല്ലാതാക്കുന്നതാണ് ഇസ്രയേലിന്റെ ഇപ്പോഴത്തെ വ്യോമാക്രമണം. ബോംബാക്രമണത്തിനു മണിക്കൂറുകൾക്ക് മുൻപ് ഇസ്രയേലി സൈന്യം ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിക്കുകയും ദാഹിയേയിലെ കെട്ടിടം ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
“നിങ്ങൾ ഹിസ്ബുല്ലയുടെ താവളത്തിനു സമീപമാണ്,” ദഹിയയിലെ രണ്ട് സ്കൂളുകൾക്ക് സമീപമുള്ള കെട്ടിടങ്ങൾ കാണിച്ചുകൊണ്ട് ഇസ്രയേൽ വക്താവ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിനു പിന്നാലെ ഡ്രോൺ ആക്രമണവും നടത്തി. ഒരു ട്രക്കും ഹിസ്ബുല്ലയുടെ ഡ്രോൺ സംഭരണ കേന്ദ്രവും ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രയേലി സൈനിക വക്താവ് പറഞ്ഞു. മുന്നറിയിപ്പ് വന്നതോടെ ദാഹിയേ നിവാസികൾ പ്രദേശത്തുനിന്നു പലായനം ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങൾ ശ്രദ്ധിക്കാത്തവർക്ക് മുന്നറിയിപ്പ് നൽകാൻ ആകാശത്തേക്ക് വെടിവയ്ക്കുന്നതും കാണാമായിരുന്നു.
ഇതിനിടെ ലബനനിൽനിന്ന് വന്ന രണ്ട് റോക്കറ്റുകൾ തകർത്തതായി ഇസ്രയേൽ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇസ്രയേലിനു നേരെ റോക്കറ്റ് ആക്രമണം നടക്കുന്നത്. വെള്ളിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വെള്ളിയാഴ്ച ബെയ്റൂട്ടിൽ ഒഴിഞ്ഞുപോകൽ മുന്നറിയിപ്പ് നൽകുന്നതിനു മുൻപ്തന്നെ തെക്കൻ ലബനനിൽ ഇസ്രയേൽ സേന ഒട്ടേറെ വ്യോമാക്രമണങ്ങൾ നടത്തി. കൂടുതൽ ആക്രമണങ്ങൾ ഭയന്ന് പ്രദേശത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ലബനനിൽ 13 മാസം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 3,900ലധികം പേർ കൊല്ലപ്പെടുകയും ഏകദേശം 10 ലക്ഷത്തോളം പേരെ കുടിയിറക്കുകയും ചെയ്തിരുന്നു.