
‘സെലെൻസ്കിയെ മാറ്റിയാൽ യുദ്ധം അവസാനിപ്പിക്കാൻ ഒത്തുതീർപ്പുകളാകാം’: നിർണായക പ്രഖ്യാപനവുമായി പുട്ടിൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മോസ്കോ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ മാറ്റിയാൽ യുദ്ധം അവസാനിപ്പിക്കാൻ ഒത്തുതീർപ്പുകളാകാമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സെലൻസ്കിയെ മാറ്റി ഒരു താൽക്കാലിക ഭരണകൂടം ഉണ്ടാകുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകളാകാമെന്നും പുട്ടിൻ വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയ്ക്കും യുഎസിനും യൂറോപ്യൻ രാജ്യങ്ങൾക്കും യുക്രെയ്നിൽ താൽക്കാലിക ഭരണസംവിധാനമുണ്ടാക്കാൻ മുന്നോട്ടുവരാനാകുമെന്നും പുട്ടിനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
റഷ്യ– യുക്രെയ്ൻ യുദ്ധം ആരംഭിച്ച് മൂന്നു വർഷം പിന്നിടുമ്പോൾ പതിനായിരക്കണക്കിനു പേരാണ് ഇരുപക്ഷത്തും കൊല്ലപ്പെട്ടത്. നാറ്റോ സഖ്യത്തിൽ അംഗത്വമെടുക്കാനും സൈനിക ശക്തി വർധിപ്പിക്കാനും യുക്രെയ്ൻ ശ്രമിച്ചതാണ് യുദ്ധത്തിന് ഇടയാക്കിയതെന്നാണ് തുടക്കം മുതൽ റഷ്യ ആരോപിക്കുന്നത്. സെലൻസ്കിയെയാണ് പ്രധാനമായും റഷ്യൻ നേതൃത്വം കുറ്റപ്പെടുത്തുന്നത്. യുഎസിൽ അധികാരത്തിലെത്തിയതോടെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. റഷ്യയ്ക്ക് അനുകൂലമായ നിബന്ധനകൾ അംഗീകരിച്ച് യുദ്ധം അവസാനിപ്പിക്കേണ്ടിവരുമോയെന്ന ഭയത്തിലാണ് യുക്രെയ്ൻ.
വൊളോഡിമിർ സെലെൻസ്കിയും ഡോണൾഡ് ട്രംപുമായി നടന്ന ചർച്ചയിൽ വാക്കേറ്റവും വെല്ലുവിളിയും ഉണ്ടായതിനെ തുടർന്ന് ചർച്ച അലസിപ്പിരിഞ്ഞിരുന്നു. ചർച്ചയ്ക്കിടെ, യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
പുട്ടിൻ വിശ്വസിക്കാനാവുന്ന വ്യക്തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും വ്യക്തമാക്കിയ സെലെൻസ്കി, യുദ്ധം അവസാനിപ്പിക്കാൻ തയാറെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. മുന്നാം ലോകയുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലെൻസ്കിയുടേതെന്ന് ട്രംപ് ആരോപിച്ചതോടെ, പുട്ടിനോടുള്ള മൃദുലമായ സമീപനത്തിൽ ട്രംപിനെ സെലെൻസ്കി പരസ്യമായി വെല്ലുവിളിച്ചു. പിന്നീട് സെലൻസ്കി ട്രംപിനോട് മാപ്പു പറഞ്ഞു.