
‘വീട്ടിൽ കയറി വെട്ടുമെന്ന് സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി; ജോലിയിൽ തുടരാൻ പ്രയാസം’: കലക്ടർക്കു പരാതി നൽകി വില്ലേജ് ഓഫിസർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ സിപിഎം ഏരിയ സെക്രട്ടറിയുമായുള്ള ഫോൺവിളിയുടെ ശബ്ദരേഖ പുറത്തു വന്നതിനു ശേഷം അജ്ഞാത ഭീഷണി വന്നതായി നാരങ്ങാനം വില്ലേജ് ഓഫിസർ. ഇക്കാര്യം ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസർ ജോസഫ് ജോർജ് ഇന്നലെ കലക്ടർക്കു പരാതി നൽകി. പരാതി കലക്ടർ ആറന്മുള പൊലീസിനു കൈമാറി. പൊലീസ് ഇന്നു മൊഴിയെടുക്കും. ഇതേ സ്ഥലത്തു ജോലിയിൽ തുടരാൻ പ്രയാസമാണെന്ന് വില്ലേജ് ഓഫിസർ മേലധികാരികളെ അറിയിച്ചെന്നാണു സൂചന. അടുത്ത ദിവസങ്ങളിൽ വില്ലേജ് ഓഫിസർ അവധിക്ക് അപേക്ഷ നൽകി.
വീടിന്റെ നികുതി കുടിശിക അടച്ചു തീർക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം നാരങ്ങാനം വില്ലേജ് ഓഫിസർ സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജുവിനെ ഫോൺ വിളിച്ചത്. സംസാരത്തിനൊടുവിൽ പ്രകോപിതനായ ഏരിയ സെക്രട്ടറി വില്ലേജ് ഓഫിസറെ വീട്ടിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നത് വിവാദമായിരുന്നു.
സഞ്ജുവിനോട് വിരോധം ഇല്ലെന്നും പെട്ടെന്നുള്ള പ്രകോപനത്തിൽ സംസാരിച്ചതാണെന്നും വില്ലേജ് ഓഫിസർ പറഞ്ഞു. സേവ് ചെയ്യപ്പെടാത്ത നമ്പറുകളിൽ നിന്നുള്ള സംഭാഷണം റിക്കോർഡ് ചെയ്യപ്പെടുന്നതാണ് ഫോണിലെ ക്രമീകരണം. സംഭാഷണം റെക്കോർഡ് ചെയ്ത് മനഃപൂർവം പ്രചരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീഷണി കോളുകൾ തുടർന്നതോടെ വില്ലേജ് ഓഫിസർ ഔദ്യോഗിക നമ്പറിന്റെ സിംകാർഡ് ഓഫിസിൽ വച്ച ശേഷം പരാതി നൽകാനായി കലക്ടറേറ്റിലേക്ക് പോയി. റവന്യു ഉദ്യോഗസ്ഥർ മറ്റൊരു വാഹനത്തിൽ ഇദ്ദേഹത്തെ അനുഗമിച്ചു.
അതേസമയം, വില്ലേജ് ഓഫിസർ ജോസഫ് അഴിമതിക്കാരനാണെന്നു ഏരിയ സെക്രട്ടറി എം.വി. സഞ്ജു ആരോപിച്ചു. മര്യാദകെട്ട നിലയിലാണ് തന്നോട് സംസാരിച്ചതെന്നും വിവാദമുണ്ടാക്കാൻ ബോധപൂർവം സംഭാഷണം റിക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്നും സഞ്ജു പറഞ്ഞു.