
മകന്റെ അമിത ഗൃഹപാഠത്തെക്കുറിച്ച് പരാതിപ്പെടാൻ തുടർച്ചയായി പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച പിതാവ് അറസ്റ്റിൽ. അമേരിക്കയിലെ ഒഹായോയിൽ നിന്നുള്ള ആദം സൈസ്മോർ ആണ് തുടർച്ചയായി 19 തവണ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചതിന് അറസ്റ്റിലായത്. സ്കൂൾ പ്രിൻസിപ്പാളിനെ തുടർച്ചയായി വിളിച്ചെങ്കിലും ലഭ്യമാകാതെ വന്നതോടെയാണ് ഇയാൾ ഒരു മണിക്കൂറിനുള്ളിൽ ഏകദേശം 19 തവണ പൊലീസ് സ്റ്റേഷനിൽ വിളിച്ചത്. തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഓക്സ്ഫോർഡ് പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ഡിറ്റക്റ്റീവ് സർജൻ്റ് ആദം പ്രൈസ് പറയുന്നതനുസരിച്ച് ക്രാമർ എലിമെൻ്ററി സ്കൂളിലാണ് ഇയാളുടെ മകൻ പഠിക്കുന്നത്. എന്നാൽ, സ്കൂളിൽ നിന്ന് നൽകുന്ന ഗൃഹപാഠം അമിതമാണെന്നാണ് ഇയാളുടെ പരാതി. തുടർന്ന് നിരവധി തവണ ഇയാൾ സ്കൂൾ പ്രിൻസിപ്പലിനെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായാണ് പൊലീസ് റിപ്പോർട്ട്. സ്കൂളിലേക്ക് ആവർത്തിച്ചു വിളിച്ചിട്ടും ഒടുവിൽ പ്രിൻസിപ്പൽ ലഭ്യമല്ലെന്ന് അറിയിച്ചതോടെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ശല്യം ചെയ്യാൻ തുടങ്ങിയത്.
റിപ്പോർട്ടുകൾ പ്രകാരം രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട് സന്ദർശിച്ചെങ്കിലും സൈസ്മോർ വാതിൽ തുറക്കാൻ വിസമ്മതിച്ചു, തുടർന്ന് സ്കൂളിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഇയാളുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സ്കൂളിലേക്ക് നിരന്തരമായി ഫോൺ ചെയ്ത് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കാര്യം സ്കൂൾ അധികൃതർ പൊലീസിനെ അറിയിച്ചത്.
തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ സൈസ്മോർ നിഷേധിക്കുകയും അവയിൽ പലതും ശരിയല്ലെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാൽ, കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ ഇയാൾക്ക് പരമാവധി 1,000 ഡോളർ (ഏകദേശം 83,000 രൂപ) പിഴയും ഓരോ കേസിനും ആറുമാസം വരെ തടവും ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Mar 27, 2024, 3:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]