
ലാഹോര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ സെമിയില്‍ പ്രവേശിച്ചു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെയാണ് ഓസീസിന്റെ സെമി പ്രവേശനം ഔദ്യോഗികമായത്. 274 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഓസ്ട്രേലിയ 12.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 109 റണ്‍സ് എന്ന അതിശക്തമായ നിലയില്‍ നില്ക്കുമ്പോള് മഴ എത്തുകയായിരുന്നു. പിന്നീട് കളി പുനരാരംഭിക്കാന്‍ സാധിച്ചില്ല. ഗ്രൗണ്ട് മത്സരയോഗ്യമല്ലാത്ത രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ഉപേക്ഷിക്കാന്‍ തീരുമാനമായത്.
മാത്യു ഷോര്‍ട്ട് 20(15) മാത്രമാണ് ഓസീസ് നിരയില്‍ പുറത്തായത്. ഒമ്പത് ഫോറും ഒരു സിക്സും സഹിതം 40 പന്തില്‍ 55 റണ്‍സുമായി ട്രാവിസ് ഹെഡും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും 19(22) ആയിരുന്നു ക്രീസില്‍. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണ് ഓസീസിന്റെ സമ്പാദ്യം.
ഗ്രൂപ്പില്‍ നാളെ നടക്കുന്ന ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് മത്സരത്തിന്റെ ഫലത്തെ ആശ്രയിച്ചാകും ഈ ഗ്രൂപ്പില്‍ നിന്നുള്ള രണ്ടാമത്തെ സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുക. നിലവില്‍ അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. ദക്ഷിണാഫ്രിക്ക വിജയിച്ചാല്‍ അഞ്ച് പോയിന്റ് നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാകും സെമി പ്രവേശനം. തോല്ക്കുകയാണെങ്കില് പോലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്ക സെമിയിലെത്താന്‍ സാദ്ധ്യത കൂടുതലാണ്. നെഗറ്റീവ് റണ്‍റേറ്റ് ആണ് അഫ്ഗാന് മുന്നിലുള്ള വില്ലന്‍.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 273 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിന്റെ വിക്കറ്റ് 0(5) അഫ്ഗാന് നഷ്ടമായി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഇബ്രാഹിം സദ്രാന് 22(28) റണ്‍സ് നേടി പുറത്തായി. 95 പന്തില്‍ 85 റണ്‍സ് നേടി സെദിഖുള്ള അത്തല്‍ ആണ് ടോപ് സ്കോറര്‍. ആറ് ബൗണ്ടറികളും മൂന്ന് സിക്സറുകളുമാണ് താരം നേടിയത്. റഹ്മത്ത് ഷാ 12(21) റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഹാഷ്മത്തുള്ള ഷാഹിദി 20(49) റണ്‍സിന് പുറത്തായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
63 പന്തുകളില്‍ നിന്ന് അഞ്ച് സിക്സറുകള്‍ സഹിതം 67 റണ്‍സ് നേടിയ അസ്മത്തുള്ള ഒമര്‍സായിയുടെ പ്രകടനം സ്കോര്‍ 273ല്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. മുഹമ്മദ് നബ് 1(1), ഗുല്‍ബാദിന്‍ നയീബ് 4(12), റാഷിദ് ഖാന് 19(17), നൂര്‍ അഹമ്മദ് 6(8) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഓസ്ട്രേലിയക്ക് വേണ്ടി ബെന്‍ ഡ്വാര്‍ഷിയുസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സ്പെന്‍സര്‍ ജോണ്സന്, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. നാഥന് എലീസ്, ഗ്ലെന്‍ മാക്സ്വെല് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.