
ഏറ്റവും കൂടുതൽ ആരാധകരുള്ളത് സിനിമാ താരങ്ങൾക്കാണെന്നതിൽ തർക്കം ഉണ്ടാവാനിടയില്ല. മലയാളമെന്നല്ല ബോളിവുഡിലും, ഹോളിവുഡിലും ഇതുതന്നെ അവസ്ഥ. അഭിനയത്തിലൂടെ കോടികളാണ് ഇവർ സമ്പാദിക്കുന്നത്. അതിനനുസരിച്ചുള്ള ആഡംബര ജീവിതമാവും അവർ നയിക്കുക. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇവരിൽ പലരും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരാണെന്നതാണ് സത്യം. ബോളിവുഡിൽ ആരാധക ലക്ഷങ്ങൾ ഉള്ള നടന്മാർവരെ ഇക്കൂട്ടത്തിൽ ഉണ്ട്. അവരെ പരിചയപ്പെടാം.
ആമിർഖാൻ
ബോളിവുഡിലെ സൂപ്പർസ്റ്റാറാണ് ആമിർഖാൻ. ജിക്യൂ ഇന്ത്യ പുറത്തുവിട്ട കണക്ക് ശരിയാണെങ്കിൽ ആമിറിന്റെ ആസ്തി 1,862 കോടിരൂപയാണ്. ഫോർബ്സ് പറയുന്നതനുസരിച്ച് അദ്ദേഹം ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത് 100 കോടിമുതൽ 275 കോടി രൂപവരെയാണ്.
മുംബയിലെ ജെ ബി പെറ്റിറ്റ് സ്കൂളിലായിരുന്നു ആമിറിന്റെ പ്രീ പ്രൈമറി വിദ്യാഭ്യാസം. തുടർന്ന് എട്ടാം ക്ളാസുവരെ ബാന്ദ്രയിലെ സെന്റ് ആൻസ് സ്കൂളിൽ ചേർന്ന് പഠിച്ചു. ഒമ്പതും പത്തും ക്ളാസുകളിൽ മുംബയിലെ സ്കോട്ടിഷ് സ്കൂളിലായിരുന്നു പഠിച്ചത്. മുംബയിലെ നർസി മോൻജി കോളേജിൽ പന്ത്രണ്ടാം ക്ളാസിൽ ചേർന്നെങ്കിലും ഇടയ്ക്കുവച്ച് പഠനം അവസാനിപ്പിച്ചു. പിന്നീട് അത് തുടരാനും അദ്ദേഹം ശ്രമിച്ചില്ല.
നല്ലൊരു ടെന്നീസ് കളിക്കാരനായിരുന്നു ആമിർ എന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. സ്കൂൾ പഠനകാലത്ത് സംസ്ഥാന ചാമ്പ്യനായിട്ടുണ്ട്. പിന്നീട് അഭിനയരംഗത്ത് തിരക്ക് കൂടിയതോടെ ടെന്നീസ് ഉപേക്ഷിക്കുകയായിരുന്നു.
രൺബീർ കപൂർ
ഏറെ ആരാധകരുള്ള മറ്റൊരു ബോളിവുഡ് താരമാണ് രൺബീർ കപൂർ. ന്യൂയോർക്കിലെ സ്കൂൾ ഒഫ് വിഷ്വൽ ആർട്സിൽ പഠിച്ച വ്യക്തിയാണ് അദ്ദേഹം. പിന്നീട് ലീ സ്ട്രാസ്ബർഗ് തിയേറ്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കോഴ്സിനുചേർന്നു. എന്നാൽ ഇത് തീരുംമുമ്പുതന്നെ നടൻ എന്ന നിലയിൽ അദ്ദേഹം കരിയറിന് തുടക്കമിട്ടു. അതിനാൽ തന്നെ വീണ്ടും പഠനത്തിലേക്ക് തിരിയാൻ കഴിഞ്ഞില്ല. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം 350- 500 കാേടിരൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 70മുതൽ 75കോടി രൂപയാണ് ഒരു സിനിമയ്ക്ക് വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സൽമാൻഖാൻ
രാജ്യത്തിന് വെളിയിലും ഏറെ ആരാധകരുള്ള ഒരു നടനാണ് സൽമാൻ ഖാൻ. മുംബയിലെ സെന്റ് സ്റ്റാനിസ്ളാസ് സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഗ്വാളിയോറിലെ സിന്ധ്യ സ്കൂളിലും കുറച്ചുകാലം പഠിച്ചിരുന്നു. സ്കൂൾ പഠനത്തിനുശേഷം മുംബയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ ചേർന്നെങ്കിലും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
പ്രിയങ്ക ചോപ്ര
ദേശി ഗേൾ എന്ന് വിശേഷണമുള്ള നടിയാണ് പ്രിയങ്ക ചോപ്ര. മുംബയിലെ ജയ്ഹിന്ദ് കാേളേജിൽ ചേർന്നെങ്കിലും 2000ൽ ലോക സുന്ദരിപട്ടം കിട്ടിയതോടെ മാേഡലിംഗ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയും പഠനം പാതിവഴിയിൽ മുടങ്ങുകയും ചെയ്തു. തിരക്കുപിടിച്ച താരമായതോടെ പഠനം എന്നെന്നേക്കുമായി ഉപേക്ഷിക്കുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കങ്കണ റണാവത്ത്
ഒരു ഡോക്ടറാകണം എന്നതായിരുന്നു കങ്കണയുടെ എക്കാലത്തെയും വലിയ ആഗ്രഹം. അതിനനുസരിച്ചുതന്നെ പഠനവും മുന്നോട്ടുകൊണ്ടുപോയി. സ്കൂൾ പഠനം കഴിഞ്ഞ് കോളേജിൽ പ്രവേശനം നേടിയെങ്കിലും മോഡലിംഗിലും അഭിനയത്തിലും കൂടുതൽ സജീവമായതോടെ കോളേജ് വിട്ടു.
ദീപിക പദുകോൺ
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക പദുകോൺ. സ്കൂൾ പഠനത്തിനുശേഷം ബംഗളൂരുവിലെ മൗണ്ട് കാർമൽ കോളേജിൽ ചേർന്നു. ബാച്ചിലർ ഒഫ് ആർട്സിൽ ബിരുദം നേടിയെങ്കിലും തുടർ പഠനം ഉപേക്ഷിച്ച് മോഡലിംഗിലും അഭിയനയത്തിലും കൂടുതൽ ശ്രദ്ധിക്കുകയായിരുന്നു.