
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിലിൽ കുടുങ്ങിയ 57 തൊഴിലാളികളെ പുറത്തെത്തിക്കാനുളള രക്ഷാപ്രവർത്തനം തുടരുന്നു. ചമോലി ജില്ലയിൽ ബി ആർ ക്യാമ്പിന് സമീപമാണ് ഹിമപാതം ഉണ്ടായത്. അകപ്പെട്ട പത്ത് തൊഴിലാളികളെ രക്ഷപ്പെടുത്തി സൈനിക ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവർത്തനം വൈകുന്നതായി ബോർഡർ റോഡ്സ് ഓർഗനൈസേഷൻ( ബിആർഒ) എക്സിക്യൂട്ടീവ് എഞ്ചിനീയർ സി ആർ മീന മാദ്ധ്യമങ്ങളോട് പറഞ്ഞു.
65 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവരും സംഘത്തിലുണ്ട്. സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രതികരിച്ചിട്ടുണ്ട്. ‘ഹിമപാതത്തിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ സഹോദരൻമാരുടെയും സുരക്ഷയ്ക്കായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു’- അദ്ദേഹം എക്സിൽ കുറിച്ചു.
ഉത്തരാഖണ്ഡ് ഉൾപ്പടെയുളള നിരവധി മലയോരമേഖലകളിൽ ഇന്ന് രാത്രി വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത മഴയെ തുടർന്ന് റോഡുകളിൽ വെളളപ്പൊക്കം, താഴ്ന്ന പ്രദേശങ്ങളിൽ വെളളക്കെട്ട് തുടങ്ങിയവയ്ക്ക് സാദ്ധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]