
തിരുവനന്തപുരം: ഏഴ് വർഷത്തിന് ശേഷം നാട്ടിലെത്തിയ ഭർത്താവിന്റെ മുഖത്ത് ഷെമി ഏറെനേരം നോക്കി. പിന്നീട് വേദനകൾ കടിച്ചമർത്തി മെല്ലെ ചോദിച്ചത് ഒരുകാര്യം മാത്രം, തന്റെ ഇളയമകൻ എവിടെ എന്ന്. അഫ്സാനെ കണ്ടു, പരീക്ഷയ്ക്ക് പോയിരിക്കുകയാണ്, കൂട്ടിക്കൊണ്ട് വരാം എന്നായിരുന്നു കരച്ചിലടക്കി റഹീം മറുപടി നൽകിയത്.
മൂത്തമകന്റെ ആക്രമണത്തിലാണ് പരിക്കേറ്റതെന്ന് ഷെമി ഭർത്താവിനോട് പറഞ്ഞില്ല. പൊന്നുപോലെ വളർത്തിയ ഇളയമകനെ നഷ്ടമായ വിവരം റഹീമും ഭാര്യയെ അറിയിച്ചില്ല. പരസ്പരം ഒന്നും പറയാനാകാതെ ഇരുവരും ഒരുമണിക്കൂർ ചെലവിട്ടു. വിങ്ങിപ്പോട്ടിയാണ് റഹീം ആശുപത്രിയിൽ നിന്ന് മടങ്ങിയത്.
സൗദിയിലെ ദമ്മാമിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ രാവിലെ എട്ട് മണിയോടെയാണ് റഹീം തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തിൽ നിന്ന് നേരെയെത്തിയത് മകന്റെ ആക്രമണത്തിൽ ഗുതുരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷെമിയുടെ അരികിലേക്കായിരുന്നു. ശേഷം തന്റെ ഇളയമകനും അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയും അന്ത്യവിശ്രമം കൊള്ളുന്ന താഴേപാങ്ങോട്ടെ കബറിടത്തിലെത്തി. അഫ്സാന്റെ കബറിലാണ് കൂടുതൽ സമയവും ചെലവഴിച്ചത്. ഓരോ ബന്ധുക്കളെത്തി ആശ്വസിപ്പിക്കുമ്പോഴും പൊട്ടിക്കരയുകയായിരുന്നു ആ പ്രവാസി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. സൗദിയിലെ മലയാളികളായ സാമൂഹ്യ പ്രവർത്തകരുടെയും നാട്ടിലെ രാഷ്ട്രീയ പ്രവർത്തകരുടെയും ഇടപെടലിലൂടെയാണ് നാട്ടിലെത്താൻ സാധിച്ചത്. റിയാദിലെ കട നഷ്ടം വന്ന് പൂട്ടേണ്ടിവന്നതോടെ അബ്ദുൾ റഹീമിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാവുകയായിരുന്നു. രണ്ടര വർഷമായി ഇഖാമയും പുതുക്കാൻ കഴിഞ്ഞില്ല. സാമൂഹ്യ പ്രവർത്തകൻ നാസ് വക്കമാണ് അബ്ദുൾ റഹീമിന്റെ രക്ഷയ്ക്കെത്തിയത്. പൊലീസ് കേസില്ലെന്ന് പാസ്പോർട്ട് വിഭാഗത്തിൽ നിന്നും സ്ഥിരീകരിച്ചതോടെ നാട്ടിലേക്കുള്ള വഴിയൊരുക്കിയതും ഇദ്ദേഹമാണ്.