
.news-body p a {width: auto;float: none;}
ചെന്നൈ: പൊലീസുമായുണ്ടായ സംഘർഷത്തിൽ നാം തമിഴർ കക്ഷി (എൻടികെ) നേതാവും നടനും സിനിമാ നിർമാതാവുമായ സീമാന്റെ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. സീമാന്റെ നീലങ്കരയിലെ വീട്ടിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ വലസരവക്കം പൊലീസ് സ്റ്റേഷനിൽ സീമാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് പതിച്ചിരുന്നു. ഇത് കീറിക്കളഞ്ഞതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.
സീമാന്റെ ഭാര്യയുടെ നിർദേശപ്രകാരം സഹായി സുബാകരനാണ് സമൻസ് കീറിക്കളഞ്ഞത്. ഇതറിഞ്ഞെത്തിയ നീലാങ്കര പൊലീസും സുരക്ഷാ ജീവനക്കാരനും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസിനുനേരെ തോക്ക് ചൂണ്ടിയ സുരക്ഷാ ജീവനക്കാരനായ അമൽ രാജ് ആണ് അറസ്റ്റിലായത്. കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. തോക്ക് പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ സുബാകരനും അറസ്റ്റിലായിട്ടുണ്ട്.
നടിയുടെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ സ്റ്റേഷനിൽ ഇന്നലെ ഹാജരാകണമെന്ന് അറിയിച്ചിട്ടും സീമാൻ എത്താതിരുന്നതിനാലാണ് ഇന്ന് എത്തണമെന്ന് ആവശ്യപ്പെട്ട് വീടിന് മുന്നിൽ സമൻസ് പതിപ്പിച്ചത്. പാർട്ടിയുമായി ബന്ധപ്പെട്ട് സീമാൻ ചെന്നൈയ്ക്ക് പുറത്താണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചത്. വഞ്ചന, ബലാംത്സംഗം, തമിഴ്നാട് സ്ത്രീപീഡന നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സീമാനെതിരെ കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിവാഹ വാഗ്ദാനം നൽകി സീമാൻ പീഡിപ്പിച്ചെന്നും നേതാവിന്റെ നിർദേശപ്രകാരം പലതവണ ഗർഭച്ഛിദ്രം നടത്തിയെന്നും ആരോപിച്ച് 2011ലാണ് നടി വലസരവക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ 2012ൽ പരാതി പിൻവലിക്കാൻ നടി അപേക്ഷ നൽകിയെങ്കിലും പൊലീസ് വിസമ്മതിച്ചു. പൊലീസ് തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് 2020ൽ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 2011ൽ നൽകിയ പരാതിയിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് 2023ൽ നടി ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. എന്നാൽ പരാതി പിൻവലിക്കാൻ അനുമതി നൽകണമെന്ന് നടി പിന്നീട് കോടതിയോട് അഭ്യർത്ഥിച്ചു. പരാതി പിൻവലിച്ചതിനാൽ കേസ് റദ്ദാക്കണമെന്ന് സീമാനും ആവശ്യപ്പെട്ടു. എന്നാൽ പീഡനക്കേസ് ആയതിനാൽ പരാതി പിൻവലിച്ചാലും പൊലീസിന് അന്വേഷണം നടത്താമെന്ന് നിരീക്ഷിച്ച കോടതി മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണമെന്ന് പൊലീസിനോട് ഉത്തരവിട്ടിരിക്കുകയാണ്.