
വാഷിംഗ്ടൺ: അഴിമതി തടയാൻ പുതിയ മാർഗം നിർദ്ദേശിച്ച് ടെസ്ല ഗ്രൂപ്പ് സ്ഥാപകൻ ഇലോൺ മസ്ക്. യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് ശമ്പള വർദ്ധനവ് നടത്തണമെന്നാണ് ഇലോൺ മസ്ക് കഴിഞ്ഞ ദിവസം നിർദ്ദേശിച്ചത്. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ഇലോൺ മസ്കിന് ഡിപ്പാർട്ട്മെന്റ് ഒഫ് എഫിഷൻസിയുടെ (ഡോജ്) അടക്കം പല നിർണായക ചുമതലകളും നൽകിയിരുന്നു. പുതിയ നിർദ്ദേശവുമായി ബന്ധപ്പെട്ട് ഇലോൺ മസ്ക് എക്സിലൂടെയും പ്രതികരിച്ചിട്ടുണ്ട്.
‘മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കിടയിലും യുഎസ് കോൺഗ്രസ് അംഗങ്ങൾക്കിടയിലും ഉണ്ടാകുന്ന അഴിമതി കുറയ്ക്കാൻ ഈ നീക്കം സഹായിക്കും. അല്ലെങ്കിൽ ഇത് പൊതുജനങ്ങൾക്ക് 1000 മടങ്ങ് കൂടുതൽ ചെലവേറിയതായിരിക്കും’ -അദ്ദേഹം പോസ്റ്റിൽ കുറിച്ചു. രണ്ട് പാർട്ടികളിലെയും നിയമനിർമാതാക്കൾ ഇത്തരത്തിൽ ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് ആശങ്കാകുലരാണ്. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവക്ക് പുതിയ തീരുമാനം ഗുണം ചെയ്യുമെന്ന നിലപാടാണ് ഉദ്യോഗസ്ഥർക്ക്.
ബുധനാഴ്ച നടന്ന ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ ഡോജിന്റെ പ്രവർത്തനങ്ങളുടെ പേരിൽ തനിക്ക് വധഭീഷണി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുവെന്നും ഇലോൺ മസ്ക് പറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ച എന്ത് ജോലിയാണ് ചെയ്തതെന്നു വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ഫെഡറൽ ജീവനക്കാർക്ക് ഇലോൺ മസ്ക് ഇമെയിൽ അയച്ചതും വിവാദമായിരുന്നു. ഇതിനുപിന്നാലെ അമേരിക്കയിൽ ഉദ്യോഗസ്ഥർ കൂട്ടത്തോടെ രാജിവച്ചിരുന്നു.
ഡോജിന്റെ ചെലവ് ചുരുക്കലിൽ ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇലോൺ മസ്ക് സമ്മതിച്ചു. എബോള പ്രതിരോധത്തിനുള്ള സാമ്പത്തിക സഹായം നിർത്തലാക്കിയത് അതിനുദാഹരണമാണ്. എബോള പ്രതിരോധത്തിനുള്ള സാമ്പത്തിക സഹായം ആവശ്യമാണെന്ന് മനസിലായപ്പോൾ പുനഃരാരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇലോൺ മസ്കിന് ശേഷം സംസാരിച്ച ട്രംപ്, അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ ആരെങ്കിലും അസന്തുഷ്ടരാണോ എന്ന് ചോദിച്ചിരുന്നു. അസന്തുഷ്ടരാണെങ്കിൽ അവരെ ഇവിടെ നിന്ന് പുറത്താക്കുമെന്ന് ട്രംപ് പറഞ്ഞതും ചർച്ചയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]