
വാഷിംഗ്ടൺ: വിഖ്യാത നടനും ഓസ്കാർ ജേതാവുമായ ജീൻ ഹാക്ക്മാനേയും ( 95 ) ഭാര്യ ബെറ്റ്സി അരകാവയേയും (64) മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച യു.എസിലെ ന്യൂമെക്സിക്കോയിലെ സാന്റാ ഫേയിലുള്ള വസതിയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വളർത്തുനായയേയും ജീവനറ്റ നിലയിൽ കണ്ടെത്തി. മരണങ്ങളിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മരണകാരണമോ മരിച്ച സമയമോ വ്യക്തമാക്കിയിട്ടില്ല.
ആറ് ദശാബ്ദം നീണ്ട അഭിനയ ജീവിതത്തിനിടെ രണ്ട് ഓസ്കാറുകൾ നേടിയ ഹാക്ക്മാൻ രണ്ട് ബാഫ്റ്റ പുരസ്കാരങ്ങളും നാല് ഗോൾഡൻ ഗ്ലോബ് അവാർഡുകളും നേടി. ദ ഫ്രഞ്ച് കണക്ഷനിലൂടെ (1971) മികച്ച നടന്റെയും ക്ലിന്റ് ഈസ്റ്റ്വുഡിന്റെ അൺഫൊർഗീവനിലൂടെ (1992) മികച്ച സഹനടന്റെയും ഓസ്കാറുകൾ അദ്ദേഹം സ്വന്തമാക്കി. മൂന്ന് തവണ നോമിനേഷനും നേടി.
സൂപ്പർമാൻ (1978), സൂപ്പർമാൻ 2 (1980) എന്നിവയിലെ ഹാക്ക്മാന്റെ ലക്സ് ലൂഥർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദ പൊസീഡോൺ അഡ്വെഞ്ചർ, സ്കെയർക്രോ, ദ കോൺവർസേഷൻ, എ ബ്രിഡ്ജ് ടൂ ഫാർ, എനിമി ഒഫ് ദ സ്റ്റേറ്റ്, ബിഹൈൻഡ് എനിമി ലൈൻസ് തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. 2004ൽ അഭിനയരംഗത്ത് നിന്ന് വിരമിച്ചു. സിനിമയിലെത്തും മുന്നേ യു.എസ് മറൈൻ അംഗമായിരുന്നു. ഫെയ് മാൾട്ടീസ് ആണ് ആദ്യ ഭാര്യ. 1956ൽ വിവാഹിതരായ ഇരുവരും 1986ൽ വേർപിരിഞ്ഞു. ഇവർക്ക് മൂന്ന് മക്കളുണ്ട്. 1991ലാണ് പിയാനിസ്റ്റായ ബെറ്റ്സിയെ വിവാഹം ചെയ്തത്.