
പത്തനംതിട്ട: മുതിർന്ന നേതാവായ ഡോ. തോമസ് ഐസക്കിനെ കളത്തിലിറക്കുമ്പോൾ ഗ്ലാമർ പോരാട്ടത്തിലൂടെ അട്ടിമറി ജയമാണ് പത്തനംതിട്ടയിൽ സിപിഎം കണക്കുകൂട്ടുന്നത്. ഐസക്കിന്റെ ജനകീയ മുഖം കോൺഗ്രസ് കോട്ട തകർക്കുമെന്നാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം. ആറുമാസം മുൻപേ മണ്ഡലം കേന്ദ്രീകരിച്ച് തോമസ് ഐസക് പ്രവർത്തനം തുടങ്ങിയിരുന്നു.
തോമസ് ഐസക്കിനെ പത്തനംതിട്ടയിലേക്ക് സ്വാഗതം ചെയ്ത് ഇടതുമുന്നണി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിൽ ഒന്നിലെ വാചകം ഇങ്ങനെയാണ് – ഇന്ത്യയുടെ ഭാവി ധനമന്ത്രിയാകാൻ കെൽപ്പുള്ള നേതാവെന്നാണ് വിശേഷണം. ആഗ്രഹം അല്പം കടന്നുപോയെങ്കിലും എൽഡിഎഫിന്റെ പ്രചരണ ആയുധം ഐസക്കിന്റെ ഗ്ലാമർ മുഖം തന്നെയെന്നു വ്യക്തം. എംഎൽഎയും ധനമന്ത്രിയും ഒക്കെയായിരുന്ന കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ പ്രചരണ ഗാനത്തിൽ പോലും താരപരിവേഷം.
കിഫ്ബിയിലെ ഇ.ഡി. അന്വേഷണം എതിരാളികൾ പ്രചാരണായുധമാക്കുമെന്ന് ഐസക്കിന് ഉറപ്പാണ്. കിഫ്ബിയാണ് തന്റെ ഹീറോ എന്ന് ആദ്യമെ മറുതന്ത്രം ഇറക്കുന്നു ഐസക്.പത്തനംതിട്ട മണ്ഡലം രൂപീകരിച്ചത് മുതൽ ആന്റോ ആന്റണിയാണ് യുഡിഎഫ് കോട്ടയ്ക്ക് കാവൽ. സിപിഎം ജില്ലാ സെക്രട്ടറിയും കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടിയവരും എംഎൽഎയുമൊക്കെ എതിരാളികളായി വന്നെങ്കിലും ആന്റോയെ വീഴ്ത്താൻ കഴിഞ്ഞില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങളും കൈയ്യിലുള്ള എൽഡിഎഫ് തലയെടുപ്പുള്ള നേതാവിലൂടെ അട്ടിമറി ജയത്തിൽ കുറഞ്ഞൊന്നും ഇക്കുറി പ്രതീക്ഷിക്കുന്നില്ല. യുഡിഎഫ് പ്രഖ്യാപനത്തിന് മുൻപേ സ്ഥാനാർഥിയെ എൽഡിഎഫ് ഇറക്കി. ബിജെപിയിലെ ആശയക്കുഴപ്പവും ആദ്യ ലാപ്പിൽ തുണയാകുമെന്ന് ഐസക് ക്യാമ്പ് കണക്കുകൂട്ടുന്നു.
Last Updated Feb 28, 2024, 12:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]