

First Published Feb 27, 2024, 4:11 PM IST
എട്ട് സിനിമകളുടെ പരിചയസമ്പത്തുമായിട്ടാണ് വിഷ്ണു രഘു ‘മഞ്ഞുമ്മൽ ബോയ്സി’ലെ ജിൻസനായി അഭിനയിക്കാൻ എത്തിയത്. സംവിധായകൻ രാജീവ് രവിയുടെ ‘അന്നയും റസൂലും’, ‘ഞാൻ സ്റ്റീവ് ലോപ്പസ്’, ‘കമ്മട്ടിപ്പാടം’ ബി. അജിത്കുമാറിന്റെ ‘ഈട’ സിനിമകളിലെല്ലാം ചെറിയ വേഷങ്ങൾ വിഷ്ണു ചെയ്തിരുന്നു. എന്നിട്ടും രാജീവ് രവിയുടെ പാളയത്തിൽ നിന്ന് തന്നെ പരിചയപ്പെട്ട യുവ സംവിധായകൻ ചിദംബരം നീട്ടിയ ജിൻസന്റെ വേഷം, സമ്മർദ്ദത്തോടെയാണ് വിഷ്ണു സ്വീകരിച്ചത്.
തീയേറ്ററുകളിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ വമ്പൻ വിജയം നേടി പ്രദർശനം തുടരുമ്പോൾ താനെടുത്ത തീരുമാനം ശരിയായിരുന്നു എന്ന് വിഷ്ണുവിന് ബോധ്യമാകുന്നു. “ഒരുപാട് പേർ എന്നെ വിളിച്ചു. സത്യം പറഞ്ഞാൽ, നമ്മളെ മൈൻഡ് ചെയ്യാത്ത ആളുകളൊക്കെയാണ് ഇപ്പോൾ വിളിച്ച് സിനിമ നന്നായി എന്ന് പറയുന്നത്.”
കൊടൈക്കനാലിലെ ഗുണ കേവ്സിലേക്ക് ടൂർ പോയ പതിനൊന്ന് മഞ്ഞുമ്മലുകാരുടെ കഥ 2022-ലാണ് വിഷ്ണു, സംവിധായകൻ ചിദംബരത്തിൽ നിന്നും കേൾക്കുന്നത്. ചിദംബരത്തിന്റെ മുറിയിൽ പതിപ്പിച്ചിരുന്ന യഥാർത്ഥ ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ ഫോട്ടോയിൽ നിന്നും ജിൻസന്റെ ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി ചിദംബരം പറഞ്ഞു: “നീയാണ് ഈ വേഷം ചെയ്യുന്നത്.”
“അപ്പോഴും എനിക്ക് അറിയില്ലായിരുന്നു ഇത്രമാത്രം ശ്രദ്ധേയമായ കഥാപാത്രമാണ്, സിനിമ മുഴുവൻ പ്രാധാന്യമുള്ള വേഷമാണ് എന്നൊന്നും.” വിഷ്ണു ഓർക്കുന്നു.
രണ്ടര വർഷം മുൻപാണ് വിഷ്ണു അവസാനമായി ഒരു സിനിമ ചെയ്തത്. കൊവിഡിന് ശേഷം പൂർണമായും ഫോട്ടോഗ്രഫിയിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു. പെട്ടന്ന് വീണു കിട്ടിയ അവസരം സ്വീകരിച്ചെങ്കിലും പേടി ബാക്കിനിന്നു. കാസ്റ്റിങ് പൂർണമായപ്പോൾ പേടി കൂടി. കൂടെ അഭിനയിക്കുന്ന പത്ത് പേരും തങ്ങളുടെ മേഖലയിൽ കഴിവ് തെളിയിച്ചവർ. വിഷ്ണുവിന് പുറമെ സിനിമയിലെ മറ്റൊരു പുതുമുഖം ചന്തു – മലയാളത്തിലെ എക്കാലത്തെയും മികച്ച കൊമേഡിയന്മാരിൽ ഒരാളായ സലീം കുമാറിന്റെ മകൻ.
“ഞാൻ ഇടയ്ക്ക് ആലോചിച്ചു, ഇതിൽ നിന്ന് മാറിയാലോ? ഒരുപാട് പൈസയും സമയവും ഒക്കെ ചെലവാകുന്ന പരിപാടിയാണ് സിനിമ. അവർക്ക് ഒരു ബുദ്ധിമുട്ടാകുമോ? പിന്നെ, കിട്ടിയാൽ കിട്ടി പോയാൽ പോയി, അങ്ങനെയാണ് ഞാൻ അഭിനയിക്കാൻ തീരുമാനിച്ചത്. എന്തോ ഒരു ധൈര്യം.” വിഷ്ണു രഘു പറയുന്നു.
ഷൂട്ട് അടുക്കുംതോറും സമ്മർദ്ദവും കൂടി. “ഞാൻ രണ്ടു വർഷമായി ഒരു സിനിമക്ക് വേണ്ടിയും ട്രൈ ചെയ്തിട്ടില്ല. ഒരു സർക്കിളിലും സജീവവുമല്ല. അതിന്റെ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. സെറ്റിൽ എത്തിയപ്പോഴും ഒരു പുതിയ ആളെപ്പോലെയാണ് തോന്നിയത്. സൗബിക്കായെ (സൗബിൻ ഷാഹിർ) എനിക്ക് ‘അന്നയും റസൂലും’ മുതലെ അറിയാം. എന്നാലും എന്റെ അന്തർമുഖത്വം കാരണം എല്ലാവരുമായി ആദ്യം കുറച്ച് അകലത്തിലായിരുന്നു. പോകെപ്പോകെയാണ് അടുത്തത്.”
“ഇന്ന് വിഷ്ണു പൊളിച്ചു.”
വിനോദയാത്ര പോലെ തന്നെ കളിയും ചിരിയുമായിരുന്ന സിനിമ ഇമോഷണൽ ട്രാക്കിലേക്ക് മാറിയപ്പോൾ വിഷ്ണുവും മാറി. “ഞാൻ പോലീസ് സ്റ്റേഷനിൽ വച്ച് കരയുന്ന ഒരു സീൻ ഉണ്ട്. ഞാൻ കരയുകയാണ്. ആ ഷോട്ട് കഴിഞ്ഞപ്പോൾ ഭാസി (ശ്രീനാഥ് ഭാസി) അടുത്ത് വന്നിട്ടു പറഞ്ഞു, ‘എടാ നിനക്ക് ജിൻസനെ അറിയില്ലേ? ഈ സിറ്റുവേഷനിൽ അവൻ കരയില്ല. നീ കുറച്ച് ദേഷ്യം കൂടെ ചേർത്ത് കരയ്.’ അത് ചിദംബരത്തിനും ഇഷ്ടപ്പെട്ടു. ആ സീക്വൻസ് കഴിഞ്ഞ് രാത്രി എഡിറ്റിൽ അത് കണ്ടു കഴിഞ്ഞപ്പോൾ എല്ലാവരും അഭിനന്ദിച്ചു.” കാസ്റ്റിങ് ഡയറക്ടർ കൂടെയായ ഗണപതി പറഞ്ഞു: ഇന്ന് വിഷ്ണു പൊളിച്ചു.”
രാജീവ് രവി ഉൾപ്പെട്ട ‘കളക്റ്റീവ് ഫേസ് വൺ’ എന്ന കൂട്ടായ്മയിലൂടെയാണ് വിഷ്ണു രഘു സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നത്. മൂന്നു വർഷം ‘കളക്റ്റീവി’ൽ ജോലി ചെയ്യുമ്പോൾ രാജീവ് രവിയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ചിദംബരം അടുത്ത സുഹൃത്തായി. ‘ജാൻ എ മൻ’ സംവിധാനം ചെയ്ത് ചിദംബരം സ്വതന്ത്ര സംവിധായകനായപ്പോൾ വിഷ്ണു അവസരം ചോദിച്ചു, അഭിനയിക്കാനല്ല അസിസ്റ്റന്റാകാൻ. ആ അടുപ്പമാണ് ‘മഞ്ഞുമ്മൽ ബോയ്സി’ൽ വിഷ്ണുവിനെ എത്തിച്ചത്.
“ചിദു (ചിദംബംരം) ഒരു നല്ല ഫിലിംമേക്കർ ആണെന്ന് അന്നേ എല്ലാവർക്കും അറിയാമായിരുന്നു. കളക്റ്റീവിൽ നിന്നും ഇറങ്ങിയതിന് ശേഷം ഞങ്ങൾ തമ്മിൽ വലപ്പോഴും മെസേജ് അയക്കും എന്നതിനപ്പുറം ബന്ധമൊന്നും ഇല്ലായിരുന്നു. പക്ഷേ, പഴയ അടുപ്പം ഇപ്പോഴും ഉണ്ടെന്ന് എനിക്ക് മനസ്സിലായത് ഈ വേഷത്തിന് വേണ്ടി വിളിച്ചപ്പോഴാണ്. ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്, എന്തുകൊണ്ട് എന്നെ വിളിച്ചു? ചിദുവിന് ആരെ വേണമെങ്കിലും വിളിക്കാമായിരുന്നു. ഈ വേഷം എനിക്ക് കിട്ടിയ ഒരു ‘ഗിഫ്റ്റ്’ ആയിട്ടാണ് എനിക്ക് തോന്നുന്നു. രണ്ടര വർഷം കഴിഞ്ഞാണ് ഞാനൊരു സിനിമ ചെയ്യുന്നത്. എന്നെ സംബന്ധിച്ച് ലൈഫിൽ ഒരു റീസ്റ്റാർട്ട് കൂടെയാണ് ഈ പടം.”
“ഈ സിനിമ ജയിക്കും, 200% ഉറപ്പ്”
രണ്ട് വർഷത്തോളം ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ ഒപ്പം വിഷ്ണു ഉണ്ട്. കൊടൈക്കനാലിൽ ഷൂട്ടിങ് ലൊക്കേഷനുകൾ തേടിപ്പോയത് മുതൽ ആലുവ കാലടിയിൽ ഗുണ കേവ്സിന് സെറ്റിട്ടത് വരെ ഈ സിനിമയുടെ ഓരോ ചുവടും വിഷ്ണുവിന് ഓർമ്മയുണ്ട്.
“തിരക്കഥ വിശദമായിട്ട് കേൾക്കുമ്പോഴാണ് ഇതൊരു വലിയ സിനിമയാണ് എന്ന് എനിക്ക് ബോധ്യമായത്. ഏറ്റവും ബുദ്ധിമുട്ട് ആർട്ട് ഡിസൈൻ ആയിരുന്നു. (നിർമ്മാതാവ് കൂടെയായ) സൗബിക്ക വലിയ എഫേർട്ട് എടുത്തു. വലിയ പ്രഷറുള്ള കാര്യമായിരുന്നു. പക്ഷേ, അത് ആർക്കും ഫീൽ ചെയ്യാതെ ചെയ്യാൻ പുള്ളിക്ക് പറ്റി. സൗബിക്കയും അസിസ്റ്റന്റ് ഡയറക്ടറായാണല്ലോ വന്നത്. ഒരു കോംപ്രമൈസും ചെയ്യേണ്ട എന്നതായിരുന്നു നിലപാട്. അതിന് ഫലമുണ്ടായി.” വിഷ്ണു തുടരുന്നു: “പിന്നെ, എല്ലാവർക്കും തുല്യ പ്രാധാന്യമുള്ള വേഷങ്ങൾ സിനിമയിൽ ഉണ്ടാകുമെന്ന് ചിദു എന്നോട് പറഞ്ഞിരുന്നു. ഒരു ഈഗോയും ഇല്ലാത്ത അഭിനേതാക്കളായിരുന്നു എല്ലാവരും. എല്ലാവരും മത്സരിച്ച് അഭിനയിച്ചു.”
യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സും സിനിമയിലെ മഞ്ഞുമ്മൽ ബോയ്സും അടുത്ത സുഹൃത്തുക്കളാണ്. സിനിമ തുടങ്ങുന്നതിന് മൂന്ന് മാസം മുൻപ് എല്ലാവരും ആദ്യമായി ഒരുമിച്ച് കൂടി. പിന്നീട് ഫോണിലൂടെയും നേരിട്ടും സൗഹൃദം തുടരുന്നു.
“ഈ പടം വിജയിക്കും എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ലായിരുന്നു. നൂറല്ല എനിക്ക് 200 ശതമാനം ഉറപ്പായിരുന്നു സിനിമ ശ്രദ്ധിക്കപ്പെടുമെന്ന്. പക്ഷേ, ഇത്രയധികം പേർ ഇത് ഏറ്റെടുക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. സിനിമ കണ്ട് ജിൻസണെ കണ്ടു. വളരെ നന്നായി എന്നാണ് പറഞ്ഞത്. അതാണ് എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത്. അവരുടെ ജീവിതം സിനിമയിൽ കണ്ടിട്ട് അവർ നൽകുന്ന അക്സപ്റ്റൻസ്… അതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരം.”
Last Updated Feb 27, 2024, 4:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]