
കൊച്ചി: ഗുണ്ടൽപ്പേട്ടിലും സുന്ദരപാണ്ഡ്യപുരത്തുമെല്ലാമുള്ള സൂര്യകാന്തി കൃഷി എറണാകുളത്തും പരീക്ഷിച്ച് വിജയം കൊയ്യുകയാണ് കാക്കനാടുള്ള ഒരു കർഷക കുടുംബം. കർഷകനായ വിജയന്റെ വീടിനോട് ചേർന്നുള്ള 40 സെന്റ് സ്ഥലത്താണ് സൂര്യകാന്തികള്‍ പൂത്ത് നിൽക്കുന്നത്.
ഗുണ്ടൽപ്പേട്ടിലും സുന്ദരപാണ്ഡ്യപുരത്തുമെല്ലാമുള്ള സൂര്യകാന്തി പാടങ്ങള്‍ കാണണമെന്ന് അമ്മയ്ക്ക് ഒരാഗ്രഹം. പക്ഷേ യാത്ര ചെയ്യാൻ പ്രായം അനുവദിക്കില്ല. പിന്നെ വിജയൻ ഒന്നും ആലോചിച്ചില്ല. വീടിനോട് ചേർന്നുള്ള 40 സെന്റ് സ്ഥലത്ത് സൂര്യകാന്തി കൃഷി ഇറക്കി. ഇപ്പോള്‍ കാക്കനാട് തുതിയൂരിലെ തോട്ടത്തിന് സൂര്യകാന്തിച്ചന്തമാണ്. പാലാരിവട്ടത്ത് നിന്ന് കാക്കനാട് വഴി തുതിയൂരിലേക്കൊരു യാത്ര. അവിടെത്തിയാൽ കാണുന്ന കാഴ്ച മനോഹരമാണ്.
പൂത്തുലഞ്ഞ് നിൽക്കുന്ന സൂര്യകാന്തിപ്പാടം കാണാനും ഫോട്ടോയെടുക്കാനുമെല്ലാം സന്ദർശകരുടെ തിരക്കാണിപ്പോള്‍. നൂറ് മേനി വിജയം കണ്ടെങ്കിലും ഓഫ് സീസണായതിനാൽ പൂക്കളെന്ത് ചെയ്യുമെന്ന് ആശങ്കയുണ്ടെങ്കിലും കണ്ണിനും മനസിനും കുളിർമ നൽകുന്ന സൂര്യകാന്തി പ്രഭയിൽ എല്ലാം മറക്കും. മികച്ച യുവ കർഷകനുള്ള പുരസ്കാരമടക്കം നേടിയിട്ടുള്ള വിജയൻ കൂടുതൽ ഇടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]