
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി- അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂർ നൂലേലി മുടശേരി സവാദിന്റെ (38) ഡി.എൻ.എ പരിശോധനക്ക് എൻ.ഐ.എ അന്വേഷണ സംഘം കോടതിയിൽ ഈയാഴ്ച അപേക്ഷ നൽകും. കുറ്റകൃത്യം നടന്ന് 13 വർഷത്തിന് ശേഷം അറസ്റ്റിലായ സവാദിനെതിരെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഡി.എൻ.എ പരിശോധന. അധ്യാപകന്റെ കൈപ്പത്തി വെട്ടുന്നതിനിടെ സവാദിന് പരിക്കേറ്റിരുന്നു. അന്ന് ശേഖരിച്ച രക്തക്കറകളിൽ ചിലത് പ്രതികളുടേതായിരുന്നു. ഇതിന്റെ ഡി.എൻ.എ പരിശോധനയും നടത്തിയിരുന്നു. ഇപ്പോൾ സവാദിന്റെ ഡി.എൻ.എ പരിശോധന നടത്തുന്നതോടെ കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ വിചാരണ ഘട്ടത്തിൽ കോടതിയിൽ അവതരിപ്പിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. ഷാജഹാൻ എന്ന പേരിൽ ദീർഘനാൾ പലസ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാൾ സവാദ് തന്നെയാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് ബന്ധുക്കളുടെയും ഡി.എൻ.എ പരിശോധന നടത്താൻ സാധ്യതയുണ്ട്.
അതേസമയം 13 വർഷക്കാലം സവാദ് എവിടെയൊക്കെ ഒളിവിൽ കഴിഞ്ഞുവെന്ന് ഇനിയും വ്യക്തത വരുത്തനായിട്ടില്ല. രണ്ടു വർഷം താൻ തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ ഒളിവിൽ കഴിഞ്ഞതായി ചോദ്യം ചെയ്യലിൽ സവാദ് സമ്മതിച്ചു. ഡിണ്ടിഗലിലെ എസ്റ്റേറ്റ് മേഖലയിലും മലയോര മേഖലയിലും മാറിമാറിയാണ് വ്യാജ പേരിൽ താമസിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ട എം.കെ നാസർ ഡിണ്ടിഗലിൽ തനിക്കൊപ്പം ഒളിവിൽ കഴിഞ്ഞിട്ടുണ്ടെന്ന് സവാദ് മൊഴി നൽകി. നാസർ പിന്നീട് കീഴടങ്ങുകയായിരുന്നു. ഡിണ്ടിഗലിൽ ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിൽ സവാദിനെ എത്തിച്ച് എൻ.ഐ.എ സംഘം കഴിഞ്ഞ ആഴ്ച തെളിവെടുപ്പ് നടത്തി.
എന്നാൽ സവാദ് വിദേശത്ത് ഒളിവിൽ കഴിഞ്ഞിട്ടുണ്ടെന്നാണ് എൻ.ഐ.എക്ക് ലഭിച്ചിട്ടുള്ള വിവരം. കൈവെട്ട് നടത്തിയ ശേഷം ബാംഗ്ളൂരിലേക്കും അവിടെനിന്നും നേപ്പാളിലേക്കും പിന്നീട് ഖത്തറിലേക്കും പോയെന്നായിരുന്നു സൂചന. എന്നാൽ സവാദ് ഇക്കാര്യം സമ്മതിച്ചിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കൂടുതൽ ആഴത്തിലുള്ള ചോദ്യം ചെയ്യൽ വേണ്ടിവരുമെന്ന് എൻ.ഐ.എ പറയുന്നു. ഇതിനായി സവാദിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ അടുത്ത ദിവസം കോടതിയിൽ സമർപ്പിക്കും. കണ്ണൂരിലടക്കം തെളിവെടുപ്പും പൂർത്തീകരിക്കാനുണ്ട്. അതിനിടെ ഒളിവിൽ താമസിക്കാൻ തനിക്ക് സഹായം നൽകിയവരെക്കുറിച്ച് സവാദ് വിവരം നൽകിയിട്ടുണ്ട്. ഇവർ എൻ.ഐ.എയുടെ നിരീക്ഷണത്തിലാണ്.