
മൂത്രാശയ കല്ല് അഥവാ കിഡ്നി സ്റ്റോണ്‍ ധാരാളം പേരെ ബാധിക്കുന്നൊരു അസുഖമാണ്. വളരെയധികം വേദനയും അസ്വസ്ഥതയുമുണ്ടാക്കുന്നൊരു രോഗം. മൂത്രത്തില്‍ കാത്സ്യം, ഓക്സലേറ്റ് എന്നിങ്ങനെ ചില ഘടകങ്ങള്‍ അധിമായി കാണുമ്പോള്‍ ഇവ വൃക്കയില്‍ അടിഞ്ഞുകിടക്കുന്ന അവസ്ഥയാണ് മൂത്രാശയ കല്ല്.
നിര്‍ജലീകരണം (ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്ന അവസ്ഥ), മോശം ഭക്ഷണരീതി, പാരമ്പര്യം എന്നിങ്ങനെയുള്ള കാരണങ്ങളാണ് പ്രധാനമായും കിഡ്നി സ്റ്റോണിലേക്ക് നയിക്കുന്നത്.
കിഡ്നി സ്റ്റോണുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള തെറ്റായ സങ്കല്പങ്ങളും ആളുകളിലുണ്ട്. ഇതില്‍ ചിലതിനെക്കുറിച്ചാണിനി വിശദീകരിക്കുന്നത്. കിഡ്നി സ്റ്റോണ്‍ മരുന്നിലൂടെ മാറില്ല, സര്‍ജറി നിര്‍ബന്ധമാണ്, സര്‍ജറിയിലൂടെ കളഞ്ഞാലും ഇത് വീണ്ടും വരും, എല്ലാ കിഡ്നി സ്റ്റോണിനും വേദനയുണ്ടാകില്ല എന്നെല്ലാം പറയുന്നത് നിങ്ങള്‍ കേട്ടിരിക്കും.
ഇപ്പറയുന്ന കാര്യങ്ങളില്‍ ചിലതിന് അടിസ്ഥാനമില്ല. ചിലത് സത്യവുമാണ്. അതായത് കിഡ്നി സ്റ്റോണിന് അതിന്റെ തീവ്രത അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. മരുന്നിലൂടെ മാറുന്ന കിഡ്നി സ്റ്റോണുണ്ട്. അങ്ങനെയെങ്കില്‍ മരുന്ന് മാത്രം മതി, ചികിത്സയായി.
എന്നാല്‍ ചിലരില്‍ സര്‍ജറി തന്നെ ആവശ്യമായി വരാം. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സര്‍ജറി ചെയ്യാം. സര്‍ജറിയിലൂടെ കല്ലുകള്‍ എടുത്തുകളഞ്ഞാലും വീണ്ടും വരാം എന്ന് പറയുന്ന വാദത്തില്‍ ചെറിയൊരു സത്യമുണ്ട്. എന്നുവച്ചാല്‍ മൂത്രാശയ കല്ല് ചികിത്സയിലൂടെ കളഞ്ഞാലും അത് തിരിച്ചുവരാൻ ഓരോ രോഗിയിലും 50 ശതമാനം വരെ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയാറ്. ഇത് സര്‍ജറിയിലൂടെ നീക്കം ചെയ്ത കല്ലാണെങ്കിലും ശരി മരുന്നിലൂടെ നീക്കം ചെയ്തതാണെങ്കിലും ശരി. സര്‍ജറിക്ക് ഇതില്‍ വലിയ പങ്കില്ല.
ഇനി, എല്ലാ കിഡ്നി സ്റ്റോണിനും വേദന കാണില്ല എന്ന വാദത്തിലും ചെറിയ കഴമ്പുണ്ട്. ചെറിയ, വൃക്കയുടെ മൂലകളില്‍ കിടക്കുന്ന, മൂത്രത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്താത്ത കല്ലുകള്‍ പലപ്പോഴും വേദനയുണ്ടാക്കില്ല.
അതുപോലെ ബിയര്‍ കഴിച്ചാല്‍ മൂത്രാശയ കല്ല് പോകും എന്നൊക്കെയുള്ള വാദങ്ങള്‍ ശുദ്ധ പൊള്ളത്തരമാണ്. മൂത്രാശയ കല്ലുള്ളവര്‍ ആല്‍ക്കഹോള്‍ കൂടി അകത്താക്കുന്നത് അവരുടെ സ്വതവേയുള്ള ആരോഗ്യപ്രശ്നങ്ങളെല്ലാം കൂട്ടുകയേ ഉള്ളൂ. മൂത്രാശയ കല്ല് സംശയം തോന്നിയാല്‍ നേരെ ആശുപത്രിയില്‍ പോവുക, ഡേക്ടറുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സയോ ഭക്ഷണരീതിയോ പിന്തുടരുക. മറ്റ് പ്രചാരണങ്ങളും, അഭിപ്രായങ്ങളും ഒന്നും കണക്കിലെടുക്കേണ്ട കാര്യമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]