ജീവനുള്ള കാലത്താേളം മനുഷ്യശരീരം സുന്ദരമാണ്. പക്ഷേ, ജീവൻ നഷ്ടമായാലോ? മണിക്കൂറുകൾക്കകം ദുർഗന്ധം വമിച്ച് അത് അഴുകാൻ തുടങ്ങും. പിന്നെ ബന്ധുക്കൾപാേലും അടുക്കില്ല. എന്നാൽ അഴുകിനാറുന്നതും പുഴുവരിച്ചതുമായ മൃതദേഹങ്ങൾ ലഹരിയുടെ പിൻബലമില്ലാതെ വാരിയെടുത്ത് ആശുപത്രി മോർച്ചറിയിലേക്ക് പോകുന്ന ഒരാളുണ്ട്. വെഞ്ഞാറമൂട് സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ ജലീൽ. ആരും മടിക്കുന്ന പ്രവൃത്തിയാണ് ചെയ്യുന്നതെങ്കിലും ഒരിക്കും കണക്കുപറഞ്ഞ് പ്രതിഫലം വാങ്ങാറില്ല. അറിഞ്ഞുനൽകുന്നത് സന്തോഷത്തോടെ സ്വീകരിക്കും. അങ്ങനെ ലഭിക്കുന്ന പണം മറ്റൊരു പുണ്യപ്രവൃത്തിക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത് എന്നറിയുമ്പോൾ ആ മനുഷ്യനോടുള്ള ആരാധന കൂടുകയേ ഉള്ളൂ. ദൈവംപോലും നമിച്ചുപോകുന്ന ആ മനുഷ്യന്റെ അനുഭവങ്ങളിലൂടെ …
ജീവിക്കാനായി പലവേഷം
ഇപ്പോൾ ആംബുലൻസ് ഡ്രൈറാണെങ്കിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ജലീൽ ചെയ്യാത്ത ജോലികളില്ല. പ്രൈവറ്റ് ബസ് ഡ്രൈവർ, സിനിമാ മേഖലയിലെ ഡ്രൈവർ.. അങ്ങനെ പലതും. ഒടുവിൽ ആംബുലൻസ് ഡ്രൈവറായി. തിരുവനന്തപുരം കരമനയിൽ ആംബുലൻസ് ഓടിച്ചുകൊണ്ടിരുന്ന ജലീൻ 2012 ലാണ് നിമിത്തംപോലെ വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ഡ്രൈവറായി എത്തുന്നത്. പക്ഷേ, തുടക്കം നിരാശയായിരുന്നു. മാസങ്ങളോളം ആരും വിളിച്ചില്ല. ഒടുവിൽ തൊട്ടടുത്തുള്ള സെന്റ് ജോൺസ് ആശുപത്രിയിൽ നിന്ന് രോഗിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപാേകാനുളള വിളി വന്നു. രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ചശേഷം അവർക്ക് ആവശ്യമുള്ള സഹായങ്ങൾ എല്ലാം ചെയ്തുകൊടുത്തു. അവിടെനിന്നങ്ങോട്ട് തിരിഞ്ഞുനോക്കാൻ സമയമുണ്ടായിട്ടില്ല. ഒരുദിവസം പതിമൂന്നുതവണവരെ രോഗികളുമായി മെഡിക്കൽ കോളേജിലേക്ക് പാഞ്ഞിട്ടുണ്ട്.
കിളിമാനൂർ പൊലീസിന്റെ ആ വിളി
ജലീൽ അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ എടുക്കാൻ നിമിത്തമായത് കിളിമാനൂർ പൊലീസിൽ നിന്നുള്ള ഒരു ഫോൺകോളാണ്. പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ചെറുകാര പാലത്തിന് സമീപം വെള്ളത്തിൽ ദിവസങ്ങൾ പഴക്കമുള്ള ഒരു മൃതദേഹം കിടക്കുന്നു. പുഴുവരിക്കുന്നുണ്ട്. അത് ചിലർചേർന്ന് കരയ്ക്കെടുത്തുതരും. ആ മൃതദേഹവുമായി മെഡിക്കൽകോളേജിലേക്ക് പോകണം എന്നായിരുന്നു പൊലീസ് പറഞ്ഞത്. പൊലീസ് ആവശ്യപ്പെട്ട സ്ഥലത്തെത്തി. നന്നായി മദ്യപിച്ച നിലയിലുള്ള രണ്ടുമൂന്നുപേർ പൊലീസുകാർക്കൊപ്പം അവിടെയുണ്ട്. അവരാണ് മൃതദേഹം വെള്ളത്തിൽ നിന്ന് എടുക്കുന്നതെന്ന് വ്യക്തമായി. അവർ വെള്ളത്തിലേക്കിറങ്ങി. പുഴുവരിച്ച് ഏറക്കുറെ തകർന്ന നിലയിലായിരുന്ന മൃതദേഹം അവർ എടുക്കവരെ മൃതദേഹത്തിന്റെ കൈയുടെ ഒരുഭാഗം അടർന്ന് താഴേക്കുവീണു. ഇതുകണ്ട് സഹിക്കാനാവാതെ ജലീൽ അവരോട് ദേഷ്യപ്പെട്ടു. അതോടെ എങ്കിൽപ്പിന്നെ നീ തന്നെ എടുത്തോ എന്നുപറഞ്ഞ് അവർ പിന്മാറി. പൊലീസുകാർക്കും ദേഷ്യപ്പെടൽ അത്ര ഇഷ്ടപ്പെട്ടില്ല. അവരുടെ കുറ്റപ്പെടുത്തലും മൃതദേഹം എടുക്കാൻ വന്നവരുടെ പിന്മാറ്റവും കൂടിയായപ്പോൾ മറ്റൊന്നും ആലോചിക്കാതെ ജലീൽ മൃതദേഹം എടുക്കാൻ തന്നെ തീരുമാനിച്ചു. പൊലീസുകാർ നൽകിയ രണ്ട് ഗ്ലൗസും ധരിച്ച് വെള്ളത്തിലേക്കിറങ്ങിയ ജലീൽ മൃതദേഹം കരയിലേക്കടുപ്പിച്ച് അറിയാവുന്ന വിധത്തിൽ നന്നായി പാക്കുചെയ്ത് ആംബുലൻസിൽ മെഡിക്കൽകോളേജിലേക്ക് മാറ്റി. പൊലീസ് ഉദ്യോഗസ്ഥരിൽ ഏറെ മതിപ്പുളവാക്കിയ പ്രവർത്തനത്തിന്റെ ബാക്കിപത്രമാണ് പഴക്കമുളള മൃതദേഹങ്ങൾ എടുക്കാൻ ഇന്നും ജലീലിനെത്തുന്ന വിളികൾ.
ബർത്തുകൾ പൊളിച്ചടുക്കി
കൊവിഡ് സമയത്ത് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഒതുക്കിയിട്ടിരുന്ന ബോഗിക്കുള്ളിൽ തൂങ്ങിമരിച്ചയാളുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം പുറത്തെടുക്കാൻ റെയിൽവേപൊലീസും ജലീലിന്റെ സേവനം തേടിയിട്ടുണ്ട്. വെഞ്ഞാറമൂടിന് സമീപത്തുള്ള പിരപ്പൻകോടുകാരനായ ഒരു റെയിൽവേപൊലീസുകാരനാണ് ഇതിന് കാരണക്കാരനായത്. അടഞ്ഞുകിടക്കുന്ന ബോഗിൽ നിന്ന് മൃതദേഹം മാറ്റാൻ വൻ റേറ്റും പറഞ്ഞുറപ്പിച്ച് പലരും എത്തിയെങ്കിലും വന്നതിനെക്കാൾ വേഗത്തിൽ അവരെല്ലാം മടങ്ങി. തുടർന്നാണ് ജലീലിന് വിളിയെത്തിയത്. മൃതദേഹം വീർത്ത് ബർത്തുകൾക്കിടയിൽ ഞെരുങ്ങിയ നിലയിലായിരുന്നു. ഒടുവിൽ രണ്ടുമണിക്കൂറോളം എടുത്ത് ഒപ്പമുണ്ടായിരുന്നു ഫോട്ടോഗ്രാഫറുടെ സഹായത്തോടെ ബർത്തുകൾ പൊളിച്ചുമാറിയാണ് മൃതദേഹം പുറത്തെടുത്തത്. പ്രതിഫലമായി പൊലീസുകാർ നൽകിയത് രണ്ടുകൈയും നീട്ടി സന്തോഷത്തോടെ സ്വീകരിച്ച് മടങ്ങി. പൂർണമായി അടച്ചിട്ടിരുന്നതിനാൽ ബോഗിക്കുള്ളിൽ ആർക്കും സഹിക്കാനാവാത്ത ദുർഗന്ധമായിരുന്നുവെന്ന് ജലീൽ ഓർക്കുന്നു.
കത്തിക്കരിഞ്ഞിട്ടും സംസാരിച്ച പെൺകുട്ടി
വെഞ്ഞാറമൂടിന് സമീപം പാലാംകോണത്തുണ്ടായ സംഭവം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതാണെന്ന് ജലീൽ പറയുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ തീപിടിച്ചു, പെട്ടെന്ന് വരണം എന്നൊരാൾ വിളിച്ചുപറഞ്ഞതോടെ ജലീൽ ആംബുലൻസുമായി അവിടേയ്ക്ക് കുതിച്ചു. സ്ഥലത്തെത്തുമ്പോൾ വീടിനുചുറ്റും ആളുകൾ. പക്ഷേ, ആരും പെൺകുട്ടി ഉളള ഭാഗത്തേക്ക് അടുക്കുന്നില്ല. ആ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ മാംസം കത്തിയത്തിന്റെ രൂക്ഷ ഗന്ധവും പുകയും. അതൊന്നും കൂസാതെ പെൺകുട്ടിയുള്ള മുറിയുടെ ഭാഗത്തേക്ക് ചെന്നപ്പോൾ ജനൽകമ്പിയിൽ പിടിച്ചുകൊണ്ട് നിൽക്കുകയായിരുന്നു പെൺകുട്ടി. ശരീരമാകെ കത്തിക്കരിഞ്ഞിട്ടുണ്ട്. എങ്കിലും സംസാരിക്കുന്നു. എന്തുപറ്റി മോളേ എന്നു ചോദിച്ചപ്പോൾ എല്ലാം പോയി മാമാ എന്നായിരുന്നു മറുപടി . സംസാരിക്കുമ്പോൾ അവളുടെ വെന്തുപോയ ചുണ്ടുകൾ പരസ്പരം ഒട്ടുന്നുണ്ടായിരുന്നു. ജനൽ കമ്പിയിൽ നിന്ന് പിടിവിടാൻ ജലീൽ പറഞ്ഞതനുസരിച്ച് പെൺകുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും കൈകൾ കമ്പികളിൽ ഒട്ടിപ്പിടിച്ചിരിക്കുന്നതിനാൽ അതിന് കഴിയുന്നില്ല. ദേഹമാകെ കരിക്കട്ടപോലെയായിരുന്നു അപ്പോൾ. ഒടുവിൽ ജലീൽ തന്നെ കമ്പികളിലെ പിടിവിടുവിച്ച് തോർത്തുകൊണ്ട് ദേഹം പുതച്ചത് ആംബുലൻസിലേക്ക് കുട്ടിയെ മാറ്റി. ഭയാനക രംഗമായതുകൊണ്ടാവാം മറ്റാരും അടുത്തേക്കുപോലും വന്നില്ല. പെൺകുട്ടിയുമായി ഉടൻ ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായിരുന്നു എന്ന് പീന്നീടറിഞ്ഞു.
മാസ്ക് വേണ്ട
പാറയിടുക്കിലുൾപ്പെടെയുള്ള നിരവധി മൃതദേഹങ്ങൾ സ്വന്തം ജീവന് പുല്ലുവില കല്പിച്ച് ജലീൽ താഴെയെത്തിച്ചിട്ടുണ്ട്. ഒരുവിധ സുരക്ഷാമുൻകരുതലുകളും സ്വീകരിക്കാനാവാത്ത ആ സമയം തന്നെ കാക്കുന്നത് സർവശക്തന്റെ കരങ്ങൾ മാത്രമാണെന്നാണ് ജലീൽ പറയുന്നത്. ഇതുവരെയും പറയത്തക്ക അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
മൃതദേഹങ്ങൾ പൊതിഞ്ഞുകെട്ടാൻ ഒരുതരത്തിലുള്ള പരിശീലനവും ജലീലിന് ലഭിച്ചിട്ടില്ല. പക്ഷേ, പരിശീലനം ലഭിച്ചവരെക്കാൾ നന്നായി ചെയ്യും. പോളിത്തീൻ ഷീറ്റുപയോഗിച്ച് നന്നായി പൊതിഞ്ഞുകെട്ടിയ മൃതദേഹത്തിൽ നിന്ന് അത് എത്രത്തോളം അഴുകി പുഴുവരിച്ചതായാലും ശരി രണ്ടുമണിക്കൂർ ദുർഗന്ധമോ പുഴുവോ പുറത്തുചാടില്ലെന്ന് ജലീൽ പറയുന്നു. ഇതെല്ലാം സ്വന്തമായി പഠിച്ചെടുത്തതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുഴുവരിച്ച മൃതദേഹങ്ങൾ എടുക്കാൻ ആദ്യകാലങ്ങളിൽ ഫയർഫോഴ്സുകാർ ഉപയോഗിക്കുന്ന വലിപ്പംകൂടിയ ഗംബൂട്ട് ധരിക്കുമായിരുന്നു. പുഴു കാലുകളിലേക്ക് കയറായിരിക്കാനായിരുന്നു ഇത്. എന്നാലിപ്പോൾ അതൊന്നുമില്ല. വെറും ചെരിപ്പ് ധരിച്ചുകൊണ്ടുതന്നെ മൃതദേഹങ്ങൾ എടുത്തുമാറ്റുന്നു. ഗ്ലൗസ് മാത്രം ധരിക്കും. തുടക്കകാലം മുതൽ ഇപ്പോഴും മാസ്ക് ധരിക്കാറില്ല. ഒന്നോ രണ്ടോ തവണ മാത്രമാണ് മാസ്ക് ധരിച്ചിട്ടുള്ളത്. ഇപ്പോൾ ധരിച്ചിരിക്കുന്ന ഷർട്ടിൽപ്പോലും ഒരുതുള്ളി മാലിന്യം തെറിക്കാതെ ഏതവസ്ഥയിലുള്ള മൃതദേഹങ്ങളും മാറ്റാൻ കഴിയുന്നുണ്ട്.
അഴുകിയ മൃതദേഹങ്ങൾ എടുത്തുമാറ്റുന്നു എന്നുപറഞ്ഞ് ആരും ഒരിടത്തും തന്നെ മാറ്റിനിറുത്തിയിട്ടില്ലെന്നും മറിച്ച് സ്നേഹത്തോടെ ചേർത്തുനിറുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും ജലീൽ പറയുന്നു. ഭാര്യയോടും മകളോടും നാട്ടുകാർക്ക് ആ കരുതലുണ്ട്.
24 അമ്മമാർക്ക് മകൻ
സ്നേഹസ്പർശം കെയർ ആൻഡ് ക്യൂവർ എന്നപേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റിന് നേതൃത്വം നൽകുന്നത് ജലീലാണ്. പഴകിയ മൃതദേഹങ്ങൾ നീക്കികിട്ടുന്നതും ആംബുലൻസ് ഓടിക്കിട്ടുന്നതും സ്നേഹസ്പർശത്തിലെ 24 അമ്മമാർക്കുവേണ്ടിയാണ് ജലീൽ ചെലവാക്കുന്നത്. അവർക്ക് ഒരു ബുദ്ധിമുട്ടും വരുന്നത് ജലീലിന് സഹിക്കാൻ കഴിയില്ല. അഭ്യുദയ കാംഷികളും സഹായവുമായി എത്താറുണ്ട്. കെയർഹോമിനുവേണ്ടി തന്നാലാവുന്ന സഹായം ആരുതന്നാലും ജലീൽ സ്വീകരിക്കും. ഇപ്പോൾ സ്നേഹസ്പർശത്തിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാനുള്ള നെട്ടോട്ടത്തിലാണ് ജലീൽ. ദൈവവും നല്ലവരായ നാട്ടുകാരും തന്നെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് അദ്ദേഹമിപ്പോൾ.
നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ജലീലിന് ഇപ്പോൾ പുരസ്കാരങ്ങൾ സ്വീകരിക്കുന്നതിൽ തീരെ താൽപ്പര്യമില്ല. അഹങ്കാരം കൊണ്ടല്ല. പുരസ്കാരദാനത്തിനുൾപ്പെടെ ചെലവാക്കുന്ന പണം സ്നേഹസ്പർശത്തിന് തന്നാൽ 24 വയസുകൾക്ക് അത് ആശ്വാസമാകുമെന്നതിനാലാണത്. 24 അന്തേവാസികൾക്കൊപ്പം ആറ് ജീവനക്കാരുമുണ്ട്.
ആംബുലൻസ് ഡ്രൈവറായ ഒരു യുവാവിന്റെ ചില അനുഭവങ്ങൾ