കൊച്ചി: പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ഫോർട്ട് കൊച്ചിയിൽ വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകി ഹൈക്കോടതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ പപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകിയത്.
40 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്നും അത് നീക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടതിനെതിരെ സംഘാടകരായ ഗാല ഡി ഫോർട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി അനുവദിച്ചതോടെ ഇത്തവണ ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തും പപ്പാഞ്ഞിയെ കത്തിക്കും.
ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണ് വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുന്നത് പൊലീസ് തടഞ്ഞത്. ഡിസംബർ 31ന് രാത്രി ഫോർട്ട് കൊച്ചി പരേഡ് മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കുന്നതിന് സുരക്ഷയൊരുക്കാൻ മാത്രം ആയിരത്തിലേറെ പൊലീസുകാർ വേണമെന്നാണ് കണക്ക്. ഇതിന് പുറമേ വെളി മൈതാനത്ത് കൂടി പപ്പാഞ്ഞിയെ കത്തിച്ചാൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുമെന്നായിരുന്നു പൊലീസ് വാദം. രണ്ട് മൈതാനങ്ങളും തമ്മിൽ രണ്ട് കിലോമീറ്റർ അകലമാണുള്ളത്. എല്ലാ വകുപ്പുകളിൽ നിന്നും ആവശ്യമായ സുരക്ഷാ അനുമതികൾ ലഭിച്ചിട്ടുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് പപ്പാഞ്ഞിക്ക് ചുറ്രും സുരക്ഷാ ബാരിക്കേഡുകൾ ഒരുക്കുന്നതടക്കമുള്ള ഉപാധികളോടെ കോടതി അനുമതി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സുരക്ഷാ നടപടികളുടെ ഭാഗമായി വെളി മൈതാനത്ത് സംഘാടകർ 42 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. പുതുവത്സര ദിവസം വിദേശികൾക്കും സ്വദേശികൾക്കും പ്രത്യേക പവലിയൻ സജ്ജമാക്കും. പൊലീസ് നിരീക്ഷണത്തിനായി ടവറുകൾ സജ്ജീകരിക്കാനും സംഘാടകർ തീരുമാനിച്ചിരുന്നു. വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കുന്ന കാര്യത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വമാണ് കോടതി ഉത്തരവോടെ ഇല്ലാതായത്. കഴിഞ്ഞ വർഷവും പപ്പാഞ്ഞിയെ തയ്യാറാക്കിയിരുന്നെങ്കിലും കത്തിക്കാൻ പൊലീസ് അനുമതി നൽകിയിരുന്നില്ല.