കോഴിക്കോട്: ഹോട്ടലിലേക്ക് നിയന്ത്രണം വിട്ട് വാൻ ഇടിച്ചുകയറി അപകടം.നരിക്കുനി നെല്ല്യേരിത്താഴം ജംഗ്ഷനിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. നരിക്കുനിയിൽ നിന്നും പൂനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചളിക്കോട് സ്വദേശി സഞ്ചരിച്ച മഹീന്ദ്ര മാക്സിമോ വാനാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഹോട്ടലിന്റെ മുൻവശം തകർന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹോട്ടൽ തുറക്കുന്നതിന് മുൻപാണ് അപകടം സംഭവിച്ചത്. വലിയൊരു അപകടമാണ് ഒഴിവായതെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ ദിവസം ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് 23കാരൻ മരിച്ചിരുന്നു. ബൈക്ക് യാത്രികനായ കണ്ണൂർ കൂത്തുപറമ്പ് മങ്ങാട്ടിടം കിണവക്കൽ തട്ടാൻകണ്ടി വീട്ടിൽ പ്രീതയുടെ മകൻ വിഷ്ണുവാണ് മരിച്ചത്. എംസി റോഡിൽ ചെങ്ങന്നൂർ ടൗണിൽ എസ്എൻഡിപി യൂണിയൻ കെട്ടിടത്തിന് മുന്നിലായിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ വിഷ്ണു 15 അടിയോളം ഉയരത്തിൽ പൊങ്ങി ബോർഡിൽ തലയിടിച്ച് താഴേയ്ക്ക് വീഴുകയായിരുന്നു.അപകടത്തിൽ ബൈക്ക് യാത്രികനായ അമ്പലപ്പുഴ കരൂർ പുതുവൽ വിവേകിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. പൊലീസും ഫയർ ഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]