ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും പ്രധാന പങ്കുവഹിച്ച മൻമോഹൻ സിംഗിന്റെ വിയോഗം ഏറെ വേദനയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. ഇന്ത്യയുടെ അടിസ്ഥാന വർഗത്തെ പുരോഗതിയിലേക്ക് കൊണ്ടുവരുന്നതിന് നിരവധി നിയമ നിർമാണങ്ങളും അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായിട്ടുണ്ട്.
വിവരാവകാശ നിയമമാണ് അതിൽ പ്രധാനപ്പെട്ടത്. ജനങ്ങളുടെ അറിയാനുളള അവകാശത്തെയായിരുന്നു മൻമോഹൻ സിംഗ് നിയമമാക്കിയത്. ഇത് പൊതുരംഗത്തുണ്ടാക്കിയ സുതാര്യത ചെറുതായിരുന്നില്ല. വിവാരാവകാശം നിയമം 2005ൽ പ്രാബല്യത്തിൽ വന്നതോടെ സർക്കാരിന്റെയോ അഥവാ സർക്കാർ സംവിധാനങ്ങളോ സംബന്ധിച്ച വിവരങ്ങൾ മറച്ചുവയ്ക്കാൻ അധികാരികൾക്ക് സാധിക്കാതെയായി. ഇതോടെ സർക്കാരുകൾക്ക് നേരെ ചോദ്യമുയർത്താനും വാദങ്ങൾ നിരത്താനുമുള്ള കരുത്ത് സാധാരണ പൗരനും ലഭിച്ചു.
ഇന്ത്യയിൽ ബാലവിവാഹങ്ങൾ വർദ്ധിച്ച സമയത്ത്, രാജ്യത്ത് ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കി കൊണ്ടുള്ള നിയമം കൊണ്ടുവന്നതും മൻമോഹൻ സിംഗായിരുന്നു. ഇതുകൂടാതെ ഭക്ഷ്യ സുരക്ഷാ നിയമം, തെരുവ് കച്ചവടക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുളള നിയമം, ഇന്ത്യൻ കമ്പനീസ് ആക്ട് തുടങ്ങിയവയും അദ്ദേഹം നടപ്പിലാക്കി. ലോക്പാൽ, ലോകായുക്ത ആക്ട് തുടങ്ങിയ നിയമങ്ങളും നടപ്പിലാക്കിയത് മൻമോഹൻ സിംഗിന്റെ ഭരണകാലത്തായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ അവിദഗ്ധ തൊഴിലാളികൾക്ക് പുതുജീവിതത്തിലേക്കുള്ള വഴി തുറന്നുകൊടുത്തതും അദ്ദേഹം ഭരണത്തിലിരുന്നപ്പോഴായിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നോക്ക ജാതിക്കാർക്കായി 27 ശതമാനം സംവരണം ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം പ്രവർത്തിച്ചു.
റിസർവ് ബാങ്ക് ഗവർണർ
റിസർവ്വ് ബാങ്ക് ഗവർണർ എന്ന നിലയിൽ ഇന്ത്യൻ കറൻസി നോട്ടുകളിൽ ഒപ്പിടുന്ന മൻമോഹൻ സിംഗ് എന്ന പേരായിരിക്കും ഇന്ത്യയിലെ സാധാരണക്കാരുടെ മനസിലേക്ക് ആദ്യം കടന്നു വന്നിരിക്കുക. പി.വി.നരസിംഹറാവു വിന്റെ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയെന്ന നിലയിൽ തിളങ്ങിയതോടെ ഒട്ടും ശബ്ദമുയർത്താതെ സംസാരിക്കുന്ന സൗമ്യ വ്യക്തിത്വത്തിനുടമയായ മൻമോഹൻസിംഗ് രാജ്യത്തിനു കൂടുതൽ സുപരിചിതനായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യൻ വിപണിയെ കരുത്തുറ്റതാക്കി മാറ്റിയ ഉദാരവൽക്കരണ നയങ്ങൾ മൻമോഹൻ സിംഗിന്റെ പ്രാഗത്ഭ്യത്തിന്റെ തെളിവായിരുന്നു. പ്രധാനമന്ത്രിയായതോടെ അവ കൂടുതൽ വിപുലമായി നടപ്പിലാക്കാൻ അദ്ദേഹത്തിനായി. ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയതിന്റെ അടിസ്ഥാനം ധനമന്ത്രി എന്ന നിലയിൽ 1991 ജൂലായ് 24 മൻമോഹൻ സിംഗ് അവതരിപ്പിച്ച ബഡ്ജറ്റായിരുന്നു.