അസ്താന: അസർബൈജാൻ എയർലൈൻസ് യാത്രാവിമാനം കസഖ്സ്ഥാനിൽ തകർന്നു വീണ് 38 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. വിമാനത്തെ റഷ്യൻ മിസൈൽ അബദ്ധത്തിൽ വെടിവച്ചിട്ടതാണെന്ന് സൂചന ലഭിച്ചതായി ചില വിദേശ മാദ്ധ്യമങ്ങൾ വെളിപ്പെടുത്തി. മിസൈൽ ഭാഗങ്ങൾ തറച്ചതിന് സമാനമായി വിമാനത്തിന്റെ പുറത്ത് ദ്വാരങ്ങളും വാൽ ഭാഗത്ത് പാടുകളും കണ്ടെത്തി. ബുധനാഴ്ചയാണ് കസഖ്സ്ഥാനിലെ അക്റ്റൗവിൽ വിമാനം തകർന്നുവീണത്. അസർബൈജാനിലെ ബാകുവിൽ നിന്ന് തെക്കൻ റഷ്യയിലെ ചെച്ന്യ മേഖലയിലെ ഗ്രോസ്നിയിലേക്ക് പോവുകയായിരുന്നു. മോശം കാലാവസ്ഥ മൂലം ഗ്രോസ്നിയിൽ ലാൻഡ് ചെയ്യാനുള്ള അനുമതി നിഷേധിച്ചതോടെ വിമാനം കാസ്പിയൻ കടൽ കടന്ന് കസഖ്സ്ഥാനിലേക്ക് പറക്കുകയായിരുന്നു. ഇതിനിടെ കസഖ്സ്ഥാനിലെ അക്റ്റൗ എയർപോർട്ടിൽ അടിയന്തര ലാൻഡിംഗിന് വിമാനത്തിന്റെ പൈലറ്റ് അനുമതി തേടി. ഇതിന്റെ കാരണം വ്യക്തമല്ല. അക്റ്റൗ എയർപോർട്ടിന് 3 കിലോമീറ്റർ അകലെ വച്ച് വിമാനം തകർന്നുവീണു. അതേസമയം, റിപ്പോർട്ടുകൾക്കെതിരെ റഷ്യ രംഗത്തെത്തി.
സ്ഫോടന ശബ്ദം
അടുത്തിടെ യുക്രെയിൻ ഡ്രോൺ ആക്രമണമുണ്ടായ പ്രദേശമാണ് ഗ്രോസ്നി. ചെച്ന്യക്ക് സമീപമുള്ള രണ്ട് പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെയും യുക്രെയിൻ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. മേഖലയിലെ റഷ്യൻ പാന്ത്സിർ – എസ് വ്യോമപ്രതിരോധ സംവിധാനം വിമാനത്തെ യുക്രെയിൻ ഡ്രോണായി തെറ്റിദ്ധരിച്ച് വെടിവച്ചോ എന്ന് സംശയമുണ്ട്. അപകടത്തിൽ 29 പേർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇവർ ചികിത്സയിലാണ്. ഗ്രോസ്നിയിൽ പൈലറ്റ് ലാൻഡിംഗിന് രണ്ട് തവണ ശ്രമിച്ചെന്നും മൂന്നാം തവണ വിമാനത്തിന് പുറത്ത് സ്ഫോടന ശബ്ദം കേട്ടെന്നും രക്ഷപ്പെട്ട ചില യാത്രക്കാർ പറഞ്ഞു. മിസൈൽ വിമാനത്തിന് പുറത്തുവച്ച് പൊട്ടിത്തെറിച്ചിരിക്കാമെന്ന സൂചനയാണ് ഇതു നൽകുന്നത്.അതേസമയം, അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് അസർബൈജാന്റെയും കസഖ്സ്ഥാന്റെയും ഔദ്യോഗിക പ്രതികരണം. ഇരുരാജ്യങ്ങളും അന്വേഷണം തുടങ്ങി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ലഭിച്ചു.
സംഭവിച്ചത്
അസർബൈജാൻ എയർലൈൻസിന്റെ എംബ്രേയർ വിമാനമായ ജെ 2 – 8243 ബാകുവിൽ നിന്ന് തെക്കൻ റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ടു. 62 യാത്രക്കാരും 5 ക്രൂ അംഗങ്ങളും
ഗ്രോസ്നിയിൽ ലാൻഡിംഗ് അനുമതി നിഷേധിച്ചതോടെ കാസ്പിയൻ കടൽ കടന്ന് കസഖ്സ്ഥാനിലേക്ക്. ഇതിനിടെ വിമാനം കുറച്ച് നേരത്തേക്ക് റഡാറിൽ നിന്ന് അപ്രത്യക്ഷം. ലൊക്കേഷൻ ഡേറ്റ ലഭിച്ചില്ല. വീണ്ടും റഡാറിൽ പ്രത്യക്ഷപ്പെട്ട വിമാനം അടിയന്തര ലാൻഡിംഗിനായി അക്റ്റൗ എയർപോർട്ടിലേക്ക്
ഇതിനിടെ വിമാനം കുത്തനെ താഴേക്ക് പതിച്ചു. രണ്ടായി പിളർന്നു. മുൻഭാഗം കത്തി. അടർന്നുമാറിയ പിൻഭാഗത്തെ യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു
വിമാനം പതിച്ചത് അക്റ്റൗ എയർപോർട്ടിൽ നിന്ന് 3 കിലോമീറ്റർ അകലെ കാസ്പിയൻ കടൽ തീരത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പക്ഷി ഇടിച്ചത് മൂലമാണ് വിമാനം അടിയന്തര ലാൻഡിംഗിന് ശ്രമിച്ചതെന്ന് റഷ്യൻ വ്യോമയാന അധികൃതർ