വാസ്വേട്ടനും അച്ഛനും തമ്മിൽ വളരെ നല്ല സൗഹൃദമായിരുന്നു. വാസ്വേട്ടനെ കുട്ടിക്കാലം മുതലേ അച്ഛനറിയാം. എം.ടിയുടെ സഹോദരൻ ബാലേട്ടനുമായിട്ടായിരുന്നു അച്ഛന് ആദ്യം അടുപ്പമുണ്ടായിരുന്നത്. അദ്ദേഹം എം.ടിയെ വീട്ടിൽ കൂട്ടിക്കൊണ്ട് വരുമായിരുന്നു. അങ്ങനെ അവർ നല്ല കൂട്ടായി. വയസിന് വ്യത്യാസം ഉണ്ടായിരുന്നെങ്കിലും അവർ തമ്മിൽ എടാ പോടാ ബന്ധമായിരുന്നു. അത് കേൾക്കുമ്പോൾ മറ്റുള്ളവർ എന്താ ഇങ്ങനെ എന്നൊക്കെ ചോദിച്ചിരുന്നു. പക്ഷേ അവരതൊന്നും കൂട്ടാക്കിയില്ല. മിക്ക ദിവസങ്ങളിലും അദ്ദേഹം വീട്ടിൽ വരുമായിരുന്നു. രണ്ടുപേരും വായിച്ച പുസ്തകങ്ങളെക്കുറിച്ചും സാഹിത്യ സംഭവങ്ങളെക്കുറിച്ചും ചർച്ച ചെയ്യും. പ്രസംഗിക്കാൻ ഒപ്പം പോകും. വെെകുന്നേരങ്ങളിൽ കൂടും. അതുപോലെ കടുത്ത ഭാഷയിൽ പരസ്പരം വിമർശിക്കും. അതെല്ലാം ആ നിമിഷം തീരുകയും ചെയ്തിരുന്നു. ഒരാൾ മുന്തിയത്, മറ്റേയാൽ അൽപ്പം താഴ്ന്നത് എന്ന ഈഗോയൊന്നും അവർ തമ്മിലുണ്ടായിരുന്നില്ല. ഞാനന്ന് കൊച്ചുകുട്ടിയാണ്. എം.ടിയെന്ന വലിയ പേരിനെക്കുറിച്ചൊന്നും അറിവില്ലാത്ത കാലം. മുതിർന്നപ്പോഴാണ് അച്ഛന്റെ സുഹൃത്തുക്കളെല്ലാം സാഹിത്യപരമായും സാംസ്കാരികമായും ഉയർന്ന നിലവാരം പുലർത്തിയിരുന്നവരാണെന്ന് മനസിലാക്കുന്നത്. അതിൽ ഞാൻ ഇപ്പോഴും അഭിമാനിക്കുന്നു. അച്ഛന്റെ അവസാന നാളുകളിലും എം.ടിയുമായുള്ള സൗഹൃദത്തിന് മങ്ങലേറ്റിരുന്നില്ല. സമയമുള്ളപ്പോഴെല്ലാം അവർ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തു.
റ്റാറ്റയുടെ നൂലൻ വാസു
—————————————–
വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിന
എം.ടിയെന്ന രണ്ടക്ഷരത്തിന് എന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഇടമാണുള്ളത്. റ്റാറ്റയുടെ (ബഷീറിന്റെ മറ്റൊരു പേര്) മാനസികാവസ്ഥ തെറ്റിയ സമയത്തെല്ലാം സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അദ്ദേഹത്തിനൊപ്പം നിന്ന വാസ്വേട്ടനെ ഇന്നും ഓർക്കുന്നു. അന്ന് ഞാൻ കുട്ടിയാണ്. ഒരു രാത്രിയിൽ ഞെട്ടി എഴുന്നേറ്റപ്പോൾ കാണുന്നത് കഠാര കൊണ്ട് കിടക്ക കുത്തിക്കീറുന്ന റ്റാറ്റയെയാണ്. അന്ന് എനിക്കും ഉമ്മായ്ക്കും അടുക്കാൻ പോലും കഴിഞ്ഞില്ല. വീടിന് സമീപത്ത് നിൽക്കുന്നവർക്ക് നേരെ കഠാരയെടുത്ത് വിരട്ടിയ റ്റാറ്റയെ എല്ലാവരും ഭയന്നു. അപ്പോഴാണ് ആശ്വാസത്തിന്റെ തണലെന്ന പോലെ വാസ്വേട്ടനും സുഹൃത്തുക്കളുമെത്തിയത്. അതോടെ റ്റാറ്റ ശാന്തനായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റ്റാറ്റയുടെ ജീവിതത്തിലുടനീളം വാസ്വേട്ടൻ ഉണ്ടായിരുന്നു. ഗുരു എന്നാണ് റ്റാറ്റയെ വാസ്വേട്ടൻ വിളിച്ചിരുന്നത്. വീട്ടിൽ നിത്യസന്ദർശകനായിരുന്ന വാസ്വേട്ടൻ റ്റാറ്റയ്ക്ക് നൂലൻ വാസുവായിരുന്നു. അന്ന് മെലിഞ്ഞിട്ടായിരുന്നു വാസ്വേട്ടൻ. അതുകൊണ്ടാണ് റ്റാറ്റ വാസ്വേട്ടന് ആ പേരിട്ടതും. ഞങ്ങളുടെ കുടുംബജീവിതത്തിൽ പല ഘട്ടത്തിലും കരുതലിന്റെ തണലായും സ്നേഹവാത്സല്യമായും വാസ്വേട്ടനുണ്ടായിരുന്നു. പല സമയങ്ങളിലും അദ്ദേഹം ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റ്റാറ്റയുടെ മരണശേഷവും അത് തുടർന്നു. റ്റാറ്റയുടെ അഭാവത്തിൽ കുടുംബത്തിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയിലും വാസ്വേട്ടൻ കൂടെയുണ്ടായിരുന്നു. അങ്ങനെ ഒന്നായിരുന്നു ഉമ്മച്ചിയുടെ രണ്ടാമത്തെ പ്രസവ സമയം. അന്ന് റ്റാറ്റ മദ്രാസിലായിരുന്നു. ഉമ്മച്ചിക്ക് ഒരു കുറവും വരുത്താതെയാണ് വാസ്വേട്ടനും പുതുക്കൂടി ബാലേട്ടനും പട്ടത്ത്വിള കരുണാകരനും തിക്കോടിയൻ മാഷും ചേർന്ന് നോക്കിയത്.
സാഹിത്യത്തേക്കാൾ മറ്റുള്ള വിഷയങ്ങളായിരുന്നു റ്റാറ്റയും വാസ്വേട്ടനും സുഹൃത്തുക്കളും സംസാരിച്ചിരുന്നത്. തമാശപറച്ചിലുകൾ, വായിച്ച വിദേശ പുസ്തകങ്ങൾ, അങ്ങനെ നീളും. എം.ടിയുടെ എഴുത്തുകൾ എന്നും എന്നെ സ്വാധീനിച്ചിട്ടേയുള്ളൂ. ആദ്യം വായിച്ച ‘കാലം” തന്നെയാണ് ഇന്നും എന്റെ പ്രിയപ്പെട്ടത്. സുമിത്രയും സേതുവും എന്റെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. റ്റാറ്റയും വാസ്വേട്ടനും മറ്റു ദേശങ്ങളിൽ നിന്ന് കോഴിക്കോടെത്തി ഒരുപാട് സുഹൃദ് വലയങ്ങൾ തീർത്തവരാണ്. വാസ്വേട്ടൻ മരിക്കുന്നതുവരെ സൗഹൃദത്തിന്റെ കണ്ണികൾ അറ്റുപോകാതെ തുടർന്നു.