
3.8 കോടി രൂപയുടെ സമ്പാദ്യം പഴക്കച്ചവടക്കാരന് എഴുതി നൽകി അയൽക്കാരൻ. ചൈനയിലെ ഷാങ്ഹായിൽ നിന്നുള്ള മാ എന്ന വ്യക്തിയാണ് തന്റെ സ്വത്ത് മുഴുവൻ പരിചയക്കാരനായ പഴക്കച്ചവടക്കാരന് എഴുതി നൽകിയത്.
ഷാങ്ഹായിലെ മാർക്കറ്റിൽ കച്ചവടം നടത്തുന്ന ലിയു എന്ന വ്യക്തിക്കാണ് ഇത്തരത്തിൽ 3.8 കോടിയുടെ സമ്പാദ്യം ലഭിച്ചത്. എന്നാൽ, 88 -കാരനായ മായുടെ മരണശേഷം അദ്ദേഹത്തിൻറെ ബന്ധുക്കൾ ഇത് ചോദ്യം ചെയ്തതോടെ ലിയു കോടതിയെ സമീപിക്കുകയും കഴിഞ്ഞദിവസം കോടതി ലിയുവിന് അനുകൂലമായി വിധിപ്രസ്താവം നടത്തിയതായുമാണ് സൗത്ത് മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
തൻറെ ജീവിതത്തിൻറെ അവസാന കാലത്ത് ബന്ധുക്കൾ സഹായിക്കാൻ തയ്യാറാകാതെ വന്നപ്പോൾ ലിയുവും കുടുംബവും തന്നെ സഹായിച്ചതിനുള്ള നന്ദി സൂചകമായാണ് സ്വത്ത് വകകൾ മുഴുവൻ മാ പഴക്കച്ചവടക്കാരനായ ലിയുവിനും കുടുംബത്തിനും എഴുതി നൽകിയത്. വർഷങ്ങൾക്കു മുൻപാണ് ലിയുവും മായും തമ്മിൽ പരിചയത്തിൽ ആകുന്നത്. താമസിക്കാൻ നല്ലൊരു വീടോ മറ്റ് സാമ്പത്തിക ഭദ്രതയോ ലിയുവിന് ഇല്ല എന്ന് മനസ്സിലാക്കിയപ്പോൾ മാ ഇവരുടെ കുടുംബത്തെ തന്നോടൊപ്പം താമസിക്കാൻ ക്ഷണിക്കുകയായിരുന്നു.
മായുടെ മകൻ അകാലത്തിൽ മരണമടഞ്ഞതോടെ കടുത്ത ഏകാന്തതയിലായിരുന്നു അദ്ദേഹം കഴിഞ്ഞു വന്നിരുന്നത്. മൂന്ന് സഹോദരിമാരും മറ്റു ബന്ധുക്കളും മായ്ക്ക് ഉണ്ടായിരുന്നെങ്കിലും അസുഖബാധിതനായി കിടന്നപ്പോൾ ആരും അദ്ദേഹത്തെ സഹായിക്കാൻ തയ്യാറായില്ല. ഈ സമയത്ത് അദ്ദേഹത്തെ പരിചരിക്കുകയും ഒപ്പം നിൽക്കുകയും ചെയ്തത് ലിയു ആയിരുന്നു. ഇതിനുള്ള പ്രതിഫലമായാണ് തൻറെ സ്വത്ത് വകകൾ മുഴുവൻ ലിയുവിന് നൽകികൊണ്ട് മാ വിൽപത്രം തയ്യാറാക്കിയത്.
എന്നാൽ, മായുടെ മരണശേഷം ബന്ധുക്കൾ സ്വത്തുക്കൾ കയ്യടക്കുകയും വിൽപത്രത്തിൽ പറഞ്ഞിരിക്കുന്നത് പോലെ നടപ്പിലാക്കാൻ സമ്മതിക്കാതെ വരികയും ചെയ്തതോടെ ലിയു കോടതിയെ സമീപിക്കുകയായിരുന്നു. ഒടുവിൽ കോടതി ലിയുവിന് അനുകൂലമായി വിധിപ്രസ്താവം നടത്തുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Dec 27, 2023, 4:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]