
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം- സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ ലഭ്യമായിരുന്ന പതിമൂന്ന് ഇനങ്ങൾക്ക് വൻതോതിൽ വില വർധിക്കും. പതിമൂന്ന് അവശ്യസാധനങ്ങളുടെ വില വർധനയിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കാൻ നേരത്തെ എൽ.ഡി.എഫ് യോഗം ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന് അനുവാദം നൽകിയിരുന്നു. നവകേരള സദസ്സ് കഴിയുന്നതുവരെ തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം കൈക്കൊള്ളാനാണ് സാധ്യത. ഇതോടെ സബ്സിഡി ഇനങ്ങളായ ചെറുപയർ, ഉഴുന്ന്, വൻകടല, വൻ പയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവക്ക് വില വർധിക്കും. ഇത് പൊതുവിപണിയിലും വൻ വിലവർധനവിന് വഴിയൊരുക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സബ്സിഡിയിൽ ലഭിക്കുന്ന അവശ്യസാധനങ്ങളുടെ കുറവ് സപ്ലൈകോയിൽ രൂക്ഷമായിരുന്നു. ഇതിനിടെയാണ് വില വർധനയുണ്ടാകുന്നത്. അളവിലും വിലയിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനു വേണ്ടി ഭക്ഷ്യ വകുപ്പ് സെക്രട്ടറി കെ. അജിത്കുമാർ, സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമൻ, പ്ലാനിംഗ് ബോർഡ് അംഗം ഡോ.കെ.രവിരാമൻ എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് വിലവർധനക്കുള്ള നീക്കം.
സാധനങ്ങൾ വാങ്ങിയ വകയിൽ 600 കോടിയിലധികം രൂപയാണ് സപ്ലൈകോ വിതരണക്കാർക്ക് നൽകാനുള്ളത്. വിപണിയിൽ ഇടപെട്ടതിന്റെ പേരിൽ സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശ്ശികയാകട്ടെ 1500 കോടിയിലധികവും. ഒന്നുകിൽ ഈ തുക സർക്കാർ നൽകണം അല്ലെങ്കിൽ ആവശ്യസാധനങ്ങളുടെ വില കാലാനുസൃതമായി വർധിപ്പിക്കണമെന്നായിരുന്നു സപ്ലൈകോയുടെ ആവശ്യം. സാമ്പത്തിക പ്രശ്നം വ്യക്തമാക്കി സപ്ലൈകോ ഭക്ഷ്യമന്ത്രിയെ ബന്ധപ്പെടുകയും രേഖാമൂലം ആവശ്യം അറിയിക്കുകയും ചെയ്തിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ ഇതല്ലാതെ മറ്റു മാർഗമില്ലെന്നാണ് സപ്ലൈകോ സർക്കാരിനെ അറിയിച്ചത്.