
കോവിഡിന് ശേഷമുള്ള കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് സ്പോർട്സ് ബ്രാൻഡുകൾ തങ്ങളുടെ ബിസിനസ് ഇരട്ടിയാക്കിയതായി കണക്കുകൾ. റണ്ണിംഗ് ഷൂസും ജോഗറുകളും മുതൽ ഡംബെല്ലുകളും യോഗ മാറ്റുകളും വരെ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, അര ഡസനോളം പ്രമുഖ സ്പോർട്സ് ബ്രാൻഡുകളുടെ വിൽപ്പന കുതിച്ചുയർന്നു. ഫിറ്റ്നസിനെ കുറിച്ചുള്ള അവബോധം വർധിക്കുകയും സ്പോർട്സ് വസ്ത്രങ്ങൾക്കുള്ള ഡിമാൻഡ് വർധിക്കുകയും ചെയ്തതാണ് ബിസിനസ് ഉയരാനുള്ള കാരണം.
പ്യൂമ, ഡെക്കാത്ലോൺ, അഡിഡാസ്, സ്കെച്ചേഴ്സ്, ആസിക്സ് തുടങ്ങിയ ബ്രാൻഡുകളെല്ലാം 2021 സാമ്പത്തിക വർഷം മുതൽ 35-60% വാർഷിക വളർച്ച കൈവരിച്ചു . ഈ കമ്പനികളുയെല്ലാം ആകെ വരുമാനം 2022- 2023 സാമ്പത്തിക വർഷത്തിൽ 11,617 കോടി രൂപയായിരുന്നു. രണ്ട് വർഷം മുമ്പ് ഈ ബ്രാൻഡുകളുടെ ആകെ വിൽപ്പന 5,022 കോടി രൂപ മാത്രമായിരുന്നു. കോവിഡ് -19 ന്റെ തുടക്കത്തോടെ ആളുകൾ ആരോഗ്യത്തിന് മുൻഗണന നൽകിയതിനാൽ ക്രിക്കറ്റ് ഒഴികെയുള്ള കായിക വിഭാഗങ്ങളിലെ വസ്ത്രങ്ങൾക്കും കായിക ഉപകരണങ്ങൾക്കുമുള്ള ആവശ്യം വർദ്ധിച്ചു.
രാജ്യത്തെ വസ്ത്ര, പാദരക്ഷ വിപണിയേക്കാൾ വേഗത്തിലുള്ള വിൽപ്പന വളർച്ചയാണ് സ്പോർട്സ്, അത്ലറ്റിക്സ് വിഭാഗത്തിലെ വസ്ത്ര, പാദരക്ഷ ഉൽപ്പന്നങ്ങൾക്കുണ്ടായിരിക്കുന്നത്. ഇവയിലെ മിക്ക ആഗോള ബ്രാൻഡുകളും ഇന്ത്യയിൽ രണ്ട് പതിറ്റാണ്ടിലേറെയായി നിലവിലുണ്ട്, കൂടാതെ ക്രിക്കറ്റിനും മറ്റ് കായിക പ്രവർത്തനങ്ങൾക്കും ഉള്ള ഉൽപ്പന്നങ്ങൾ കൊണ്ടാണ് ഈ ബ്രാൻഡുകൾ വളർന്നത്. എന്നാലിപ്പോൾ 45 വയസിന് മുകളിലുള്ളവർ കൂടുതലായി ജോഗിംഗ് ഷൂ ധാരാളമായി അന്വേഷിച്ചു വരുന്ന സ്ഥിതിയുണ്ടായിരിക്കുന്നു. രാജ്യത്തെ ട്രെൻഡ് മാറിത്തുടങ്ങിയതോടെ ആഗോള ബ്രാൻഡുകൾ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. 2025ഓടെ രാജ്യത്ത് 50 പുതിയ സ്റ്റോറുകൾ തുറക്കുമെന്ന് ആസിക്സ് കോർപ്പറേഷൻ സിഇഒ യസുഹിതോ ഹിരോട്ട പ്രഖ്യാപിച്ച് കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]