ദില്ലി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ ലേബർ കോഡുകൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
യോഗത്തിൽ തൊഴിൽ വകുപ്പ് സെക്രട്ടറിയെ കൂടാതെ സിഐടിയു, ഐഎൻടിയുസി, എഐടിസി, ബിഎംഎസ്, എസ്ടിസി, യുടിയുസി തുടങ്ങിയ പ്രമുഖ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. ലേബർ കോഡുകൾ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ഡിസംബർ 19-ന് ഒരു ലേബർ കോൺക്ലേവ് സംഘടിപ്പിക്കും. ലേബർ കോഡുകളെ എതിർക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെയും കോൺക്ലേവിലേക്ക് ക്ഷണിക്കുമെന്നും ഏകദേശം നൂറ് പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന് തനതായ തൊഴിൽ നിയമം രൂപീകരിക്കുന്നതിന്റെ സാധ്യതകളും പുതിയ ലേബർ കോഡിൽ സംസ്ഥാനത്തിന് എത്രത്തോളം ഭേദഗതികൾ വരുത്താൻ സാധിക്കുമെന്നതും യോഗം വിശദമായി വിലയിരുത്തും. ഇക്കാര്യത്തിൽ നിയമ വിദഗ്ദ്ധരുടെ അഭിപ്രായം തേടും.
ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് ഇ-മെയിൽ അയയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഡിസംബർ 19-ന് ശേഷം കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കുമെന്നും ശ്രീ.
ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി നടന്ന തൊഴിലാളി പ്രതിഷേധത്തെക്കുറിച്ചും മന്ത്രി പരാമർശിച്ചു.
കറുത്ത ബാഡ്ജ് ധരിച്ചാണ് തൊഴിലാളികൾ പ്രതിഷേധത്തിൽ പങ്കാളികളായത്. എന്നാൽ, ഇപ്രകാരം പ്രതിഷേധിച്ച തൊഴിലാളികൾക്കെതിരെ ചില സ്ഥാപനങ്ങൾ നോട്ടീസ് നൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരം പ്രതികാര നടപടികൾ കേരളത്തിലെ ഒരു തൊഴിലാളിക്കുനേരെയും ഉണ്ടാകാൻ അനുവദിക്കില്ല. തൊഴിലാളികളുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനുള്ള ഒരു ശ്രമവും സംസ്ഥാന സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി.
ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന ലേബർ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്ത അന്നത്തെ സെക്രട്ടറി മിനി ആന്റണിയോട് ചട്ടങ്ങൾ രൂപീകരിക്കാൻ നിർദ്ദേശിച്ചു.
അവർ അത് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു. തുടർന്ന് 2022 ജൂലൈ 9-ന് ഒരു സെമിനാർ സംഘടിപ്പിക്കുകയും കരട് ചട്ടങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ഇത് ലേബർ കമ്മീഷണറുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. എല്ലാ തൊഴിലാളി സംഘടനകളുടെയും നേതാക്കൾ പങ്കെടുത്ത യോഗത്തിൽ, തൊഴിലാളി വിരുദ്ധമായ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ തീരുമാനിക്കുകയും അതിനായി സംസ്ഥാന തൊഴിൽ മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരു അനുകൂല നടപടിയും ഉണ്ടായില്ല. അതിനാൽ ആ കരട് അതേപടി തുടരുമെന്നും മന്ത്രി വിശദീകരിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

