വരന് സർക്കാർ ജോലി വേണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് സ്ത്രീകളുണ്ടാവും. എന്നാൽ, വരമാല ചടങ്ങിന് ശേഷം വരന് സ്വകാര്യ കമ്പനിയിലാണ് ജോലി എന്ന് ആരോപിച്ച് വിവാഹം വേണ്ടെന്ന് വയ്ക്കുന്നവരുണ്ടാകുമോ? അസാധാരണമായ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഉത്തർ പ്രദേശിലാണ്.
യുവതി നേരത്തെ കരുതിയിരുന്നത് വരന് സർക്കാർ ജോലിയാണ് എന്നായിരുന്നു. എന്നാൽ, വിവാഹച്ചടങ്ങിനിടെയാണ് വരന് സർക്കാർ ജോലിയില്ല എന്ന് അറിയുന്നതത്രെ. പിന്നാലെ, വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലാണ് ഈ സംഭവം നടന്നത്.
വരൻ ഒരു സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. പ്രതിമാസം 1.2 ലക്ഷം രൂപ സമ്പാദിക്കുന്നുമുണ്ട്. ഛത്തീസ്ഗഡിലെ ബൽറാംപൂർ സ്വദേശിയാണ് യുവാവ്. നാട്ടിൽ ഇയാൾക്ക് ആറ് പ്ലോട്ടുകളും 20 ബിഗാസ് ഭൂമിയും ഉണ്ടായിരുന്നുവത്രെ. എന്നാൽ, ഇത്രയൊക്കെ ഉണ്ടായിട്ടും വരന് സർക്കാർ ജോലിയില്ല എന്ന് പറഞ്ഞ് യുവതി വരനൊപ്പം പോവാൻ തയ്യാറാവാതിരിക്കുകയായിരുന്നു.
സംഭവം ഇങ്ങനെയായിരുന്നു: വിവാഹദിവസം രാത്രി വരനും സംഘവും എത്തി, ദ്വാരചാർ ചടങ്ങും പിന്നാലെ വരമാല ചടങ്ങും നടന്നു. പിന്നാലെയാണ് രാത്രിയോടെ വധു വരന് സർക്കാർ ജോലി ഇല്ല എന്ന് അറിയുന്നത്. അതോടെ അവൾ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു.
ഇതോടെ രണ്ട് വീട്ടുകാരും യുവതിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ, അവൾ ഒരുതരത്തിലും സമ്മതിച്ചില്ല. വരന്റെ സാലറി സ്ലിപ്പും കാണിച്ചത്രെ. എന്നിട്ടും വധു സമ്മതിക്കാതെ വന്നതോടെ വീട്ടുകാർ വിവാഹം വേണ്ട എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. അതുവരെ വന്ന ചെലവുകൾ ഇരുകൂട്ടരും ഭാഗിച്ചെടുക്കാം എന്ന് തീരുമാനിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
‘ഇന്ത്യ എന്റെ വീട്, ഇവിടെ സുരക്ഷിതയാണ്’; മെക്സിക്കോക്കാരിയുടെ വീഡിയോ വൈറൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]