.news-body p a {width: auto;float: none;}
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല;. പെൻഷൻ പ്രായം 60 ആയി ഉയർത്തണമെന്ന ഭരണപരിഷ്ക്കാര കമ്മീഷന്റെ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേസമയം നാലാം ഭരണപരിഷ്ക്കാര കമ്മീഷന്റെ ശുപാർശകൾ പരിശോധിക്കാൻ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാർശകൾ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു.
കേരള സിവിൽ സർവ്വീസ് കോഡ് രൂപീകരിക്കുന്നതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സർവ്വീസിലും സ്റ്റേറ്റ് സർവ്വീസിലും പ്രൊബേഷൻ ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് വർഷത്തിനകം വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് നിർദ്ദേശം നൽകും. പ്രത്യേക ലക്ഷ്യത്തോടുകൂടി സൃഷ്ടിക്കപ്പെടുന്ന തസ്തികകൾ ലക്ഷ്യം പൂർത്തിയായാൽ അവസാനിപ്പിക്കും. പ്രസ്തുത വകുപ്പിലെ ജീവനക്കാരെ ആവശ്യമായ മറ്റ് വകുപ്പുകളിലേക്ക് പുനർവിന്യസിക്കും. സ്ഥലം മാറ്റം സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിനായി സർവ്വീസ് സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
ഏതെങ്കിലും തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ പ്രത്യേകമായ പരിജ്ഞാനം ആവശ്യമാണെങ്കിൽ അത് ആർജിക്കാൻ അർഹതാപരീക്ഷ നടത്തുന്നതിനുള്ള ശുപാർശ തത്വത്തിൽ അംഗീകരിച്ചു. നിയമനാധികാരികൾ എല്ലാ വർഷവും ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ റദ്ദു ചെയ്യാൻ പാടില്ല. തസ്തികകൾ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ എപ്ലോയ്മെന്റ് നിയമനം പാടില്ല. ഓരോ തസ്തികകളിലെയും ഒഴിവുകൾ സ്പാർക്ക് മുഖേന ലഭ്യമാക്കേണ്ടതാണ്. പെൻഷൻ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ലഘൂകരിക്കും.
സെക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏർപ്പെടുത്തും. ബൈ ട്രാൻസ്ഫർ മുഖേനയുള്ള എല്ലാ നിയമനങ്ങളും പി എസ് സി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണം. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി, തസ്തികയിലേക്കുള്ള മുഖ്യ ലിസ്റ്റിന്റെ കാലാവധി കഴിയുമ്പോൾ അവസാനിക്കണം. ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിൽ നിയമനം വേഗത്തിലാക്കാൻ അംഗപരിമിതർക്കനുസൃതമായി അനുയോജ്യമായ തസ്തികകളെയും യോഗ്യതകളെയും സംബന്ധിച്ച് വ്യക്തത വരുത്തണം. എല്ലാ ജീവനക്കാർക്കും വാർഷിക ആരോഗ്യ പരിശോധന ഏർപ്പെടുത്തും. വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ജീവനക്കാരന്റെ പേരിലുള്ള അച്ചടക്ക നടപടികൾ പൂർത്തീകരിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]