ചിരട്ട ഒരു ക്യാന്‍വാസാക്കി മാറ്റാന്‍ കഴിയുമോ എന്ന ചോദ്യം ഒരു പക്ഷേ, നമ്മളെ അതിശയിപ്പിച്ചേക്കാം. എന്നാൽ, ശ്രീജ കളപ്പുരയ്ക്കല്‍ ചിരട്ടകളില്‍ തീര്‍ത്ത 350 ഓളം ചിത്രങ്ങള്‍ കണ്ടാല്‍ ആ സംശയം മാറും. തൃശൂര്‍ ലളിത കലാ അക്കാദമിയുടെ ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന ‘ശരറാന്തൽ – എ റേ ഓഫ് നൊസ്റ്റാള്‍ജിയ’ എന്ന ചിത്ര പ്രദര്‍ശനത്തിലാണ് ഈ വ്യത്യസ്ത ചിത്രങ്ങള്‍ ഇടം പിടിച്ചിരിക്കുന്നത്. തുണി ക്യാന്‍വാസില്‍ നിന്നും മാറിയുള്ള ശ്രീജയുടെ ആദ്യ ചിത്രപ്രദര്‍ശനമല്ല ‘ശരറാന്തൽ – എ റേ ഓഫ് നൊസ്റ്റാള്‍ജിയ’. ഇതിന് മുമ്പ് തൂവലുകള്‍, കല്ലുകള്‍, കക്കകള്‍ ചിപ്പികള്‍ എന്നിങ്ങനെ വ്യത്യസ്തമായ ക്യാന്‍വാസുകളില്‍ ഇവര്‍ ചിത്രങ്ങളൊരുക്കിയിട്ടുണ്ട്.
പാതി മുറിച്ച ചിരട്ടയുടെ അകവും പുറവും ഈ പ്രദർശനത്തില്‍ ക്യാന്‍വാസുകളായി മാറുന്നു. അതില്‍ വിരിഞ്ഞതാകട്ടെ കുട്ടിക്കാലത്തെ ഓർമ്മക്കാഴ്ചകളും. ചിരട്ടയില്‍ അക്രിലിക്ക് ഉപയോഗിച്ചാണ് ചിത്രരചനകള്‍ നിര്‍വഹിച്ചിരിക്കുന്നത്. തന്റെ കുട്ടിക്കാലത്ത് കണ്ട ഗ്രാമക്കാഴ്ചകളാണ് ചിരട്ടിയില് പുനസൃഷ്ടിച്ചതെന്ന് ചിത്രകാരി പറയുന്നു. വിശാലമായ പുഞ്ചപ്പാടവും പാളവണ്ടിയും ചായ കെട്ടിലും തൃശ്ശൂര്‍ പൂരവും ഗ്രാമീണ വീടുകളും ശരറാന്തലും കളപ്പുരയും വള്ളംകളിയും എന്ന് വേണ്ട ദശാബ്ദങ്ങള്‍ക്കപ്പുറത്തെ ഓർമ്മ കാഴ്ചകള്‍ ചിരട്ടയുടെ ഉള്ളില്‍ ഇടം പിടിച്ചിരിക്കുന്നു.
ഗൃഹാതുരത്വമുണര്‍ത്തുന്ന ചിത്രങ്ങളില്‍ പാടത്തെ താറാവിന് കൂട്ടവും ഗ്രാമഫോണും തയ്യൽ മെഷ്യനിലെ പാതി തുന്നിയ തുണിയും കുട്ടിക്കാലത്തെ ആറ്റുവക്കിലെ പരല്‍മീന്‍ പിടിത്തം പോലുമുണ്ട്. എടുത്തു പറയേണ്ട അടുക്കള കാഴ്ചക്കളില്‍ വിറകടുപ്പില്‍ തയ്യാറാകുന്ന പുട്ടും കറികളും ഇടം പിടിച്ചിരിക്കുന്നു. ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞ ഡീസല്‍ ട്രെയിനും തപാല്‍പ്പെട്ടിയും അടക്കം നിരവധി ഗ്രാമീണ കാഴ്ചകളുടെ ചിത്രങ്ങള്‍ കാഴ്ചക്കാരനിൽ പഴയ കാല ഓർമ്മകളിലേക്കുള്ള പിന്നടത്തത്തിന് ആക്കം കൂട്ടുന്നു. എടുത്ത് പറയേണ്ട ചിത്രങ്ങളിൽ മറ്റൊന്ന് ചിരട്ട പൊടിച്ച് പശയും പെയ്ന്റും ചേര്‍ത്ത് നിര്‍മ്മിച്ച ഇന്ത്യയുടെ ഭൂപടമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കാലാരൂപങ്ങളും ഈ ഭൂപടത്തില്‍ വരച്ച് ചേർത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അറുപതുകള്‍ക്കും തൊണ്ണൂറുകള്ക്കുമിടയില് ജനിച്ചവരുടെ ഓർമ്മകളില്‍ തങ്ങിനില്ക്കുന്ന കാഴ്ചകളാണ് തന്റെ ചിത്രങ്ങളായി പുനർജനിച്ചതെന്ന് ശ്രീജ കളപ്പുരയ്ക്കല്‍ പറയുന്നു. വ്യത്യസ്തമായ ക്യാന്‍വാസില്‍ ചിത്രങ്ങളൊരുമ്പോഴും ചിത്രകല സ്വയം പരീശീലിക്കുകയായിരുന്നു ഇവര്‍. കഴിഞ്ഞ 15 വര്‍ഷമായി ചിത്രകലാ രംഗത്ത് സജീവമാണ് മൃഗസ്നേഹി കൂടിയായ ശ്രീജ. മൂന്ന് വര്‍ഷം കൊണ്ടാണ് 350 ഓളം ചിത്രങ്ങള്‍ വരച്ചത്. ചിരട്ട ചിത്രങ്ങള്‍ക്ക് ഫ്രെം ഒരുക്കിയിരിക്കിയത് തെങ്ങിന് തടിയിലാണ്. ലിംക ബുക്ക് ഓഫ് റെക്കോർഡ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിങ്ങനെ നിരവധി റെക്കോർഡുകള്‍ക്കും ഉടമയാണ് ഈ തൃശൂരുകാരി. വ്യത്യസ്ത ക്യാന്‍വാസുകളിൽ ചിത്രമൊരുക്കുമ്പോഴും യുഎസ്, യുകെ, ദുബായ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീജ ഓണ്‍ലൈനില്‍ ക്ലാസുകളുമെടുക്കുന്നു. 22 മുതല്‍ ആരംഭിച്ച ചിത്രപ്രദര്‍ശനം നാളെ (28.11.2024) ന് അവസാനിക്കും.