.news-body p a {width: auto;float: none;}
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്കുനേരെ ഭീഷണി മുഴക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് തിരഞ്ഞെടുപ്പിന്റെ പേരിൽ വാർത്ത നൽകിയവരെ കൈകാര്യം ചെയ്യുമെന്ന് കെ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ഞാൻ ഒരുകാര്യം വ്യക്തമാക്കാം. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവിൽ നൂറുകണക്കിന് ബലിദാനികൾ ജീവൻ നൽകി പടുത്തുയർത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിതേയ്ക്കാൻ കഴിഞ്ഞ ദിവസങ്ങളിലായി മാദ്ധ്യമങ്ങൾ നടത്തുന്ന ശ്രമത്തെ ഒരുതരത്തിലും അംഗീകരിക്കില്ല. അത്തരം നെറികേടുകൾ കാണിച്ച ഒരുത്തനെയും വെറുതെവിടില്ല. കേരളത്തിലെ മാദ്ധ്യമപ്രവർത്തകരോടാണ് പറയുന്നത്. ഒരു മഹാപ്രസ്ഥാനത്തെ പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു മാദ്ധ്യമപ്രവർത്തകനെയും വെറുതെവിടില്ല. കള്ളവാർത്തകൾ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവർ ഏത് കൊമ്പത്തിരിക്കുന്നവരായാലും അവരെ ശരിയായ നിലയിൽ കൈകാര്യം ചെയ്യും’- സുരേന്ദ്രൻ വ്യക്തമാക്കി.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ കെ സുരേന്ദ്രനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്. എന്നാൽ, പാലക്കാട്ടെ സാഹചര്യം പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ എടുക്കുമെന്നും കേന്ദ്ര നേതൃത്വം സുരേന്ദ്രനെ അറിയിച്ചു. സംസ്ഥാന അദ്ധ്യക്ഷനായി നിയമസഭാ തിരഞ്ഞെടുപ്പ് വരെ സുരേന്ദ്രൻ തുടരട്ടെയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. പാലക്കാട്ടെ തോൽവി സംബന്ധിച്ച് സുരേന്ദ്രൻ നൽകിയ റിപ്പോർട്ട് കേന്ദ്ര നേതൃത്വം അംഗീകരിച്ചു. പാലക്കാട് ബിജെപി നേതാക്കളെ പരസ്യപ്രതികരണത്തിൽ നിന്നും വിലക്കിയതോടെ ഇനിയൊരു പൊട്ടിത്തെറി ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]