.news-body p a {width: auto;float: none;}
തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ ശരിക്കും പണി തുടങ്ങി. ബിജെപിയിലെ അസംതൃപ്തരെ കോൺഗ്രസിൽ എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് അദ്ദേഹം. ഇത് വ്യക്തമാക്കി ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തു. ബിജെപി വിട്ട് കോൺഗ്രസിലെത്തുന്ന ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല എന്ന ഉറപ്പും അദ്ദേഹം നൽകുന്നുണ്ട്. ‘വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാൻ , കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാൻ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല. ഇതുറപ്പാണ്’. എന്നാണ് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്. ബിജെപിയിലെ അസംതൃപ്തരെയാണ് സന്ദീപ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
കഴിഞ്ഞദിവസം ബിജെപിയിൽ നിന്ന് രാജിവച്ച വയനാട് മുൻ ജില്ലാപ്രസിഡന്റ് കെ പി മധുവിനെ കോൺഗ്രസിലെത്തിക്കാനുള്ള നീക്കവും സന്ദീപ് വാര്യർ തുടരുകയാണ്. മധുവുമായി അദ്ദേഹം ബന്ധപ്പെട്ട് ഇക്കാര്യത്തിൽ ചർച്ച നടത്തിയെന്നാണ് വിവരം. സന്ദീപ് വാര്യർ ബന്ധപ്പെട്ടുവെന്നും ആലോചിച്ച് മറുപടി അറിയിക്കാമെന്ന് പറഞ്ഞതായും കെ പി മധു ഒരു സ്വകാര്യ ചാനലിനോട് പറയുകയും ചെയ്തു. മധുവിനെ എൽഡിഎഫിലെത്തിക്കാനുള്ള നീക്കവും സജീവമാണ്. ആവശ്യങ്ങൾ അംഗീകരിച്ചാൽ എൽഡിഎഫുമായോ യുഡിഎഫുമായോ സഹകരിക്കുമെന്നും മധു വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിൽ നിന്ന് രാജിവച്ചശേഷം ബിജെപിക്കാർ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ചില പ്രാദേശിക പ്രവർത്തകർ അവരുടെ വിഷമം പറഞ്ഞിരുന്നുവെന്നും മധു വ്യക്തമാക്കി. നേതൃത്വവുമായുള്ള ഉടക്കിനെത്തുടർന്ന് ഇന്നലെയാണ് ബിജെപിയിൽ നിന്ന് മധു രാജിവച്ചത്.
സന്ദീപ് വാര്യർക്കും മധുവിനും പിന്നാലെ കൂടുതൽ ബിജെപി നേതാക്കൾ പാർട്ടിവിട്ട് കോൺഗ്രസിലേക്ക് ചുവടുമാറുമോ എന്ന് സംസ്ഥാന നേതൃത്വത്തിന് ഭയമുണ്ട്. നിർണായകമായ ഒരു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏറെ ജനസ്വാധീനമുള്ള സന്ദീപ് വാര്യരെ പിണക്കി കോൺഗ്രസിലെത്തിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ് പ്രവർത്തകരിൽ ഭൂരിഭാഗവും പറയുന്നത്. അതിന്റെ ഫലം പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ വ്യക്തമായി പ്രതിഫലിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഒരു എംഎൽഎ പോലുമില്ലാത്ത പാർട്ടിയിൽ ഇതുപോലെ നേതാക്കൾ പരസ്പരം പാരവയ്പ്പുമായി ഇറങ്ങിയാൽ എങ്ങനെ ജനങ്ങൾ പാർട്ടിയെ വിശ്വാസത്തിലെടുക്കുമെന്നും അവർ ചോദിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, കേരളത്തിലെ തർക്കത്തിൽ കെ.സുരേന്ദ്രന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പൂർണ പിന്തുണ. സംസ്ഥാന അദ്ധ്യക്ഷനായി നിയമസഭാ തിരഞ്ഞെടുപ്പ് വരെ സുരേന്ദ്രൻ തുടരട്ടെയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. പാലക്കാട്ടെ തോൽവി സംബന്ധിച്ച് സുരേന്ദ്രൻ നൽകിയ റിപ്പോർട്ട് കേന്ദ്ര നേതൃത്വം അംഗീകരിച്ചു. പാലക്കാട് ബിജെപി നേതാക്കളെ പരസ്യപ്രതികരണത്തിൽ നിന്നും വിലക്കിയതോടെ ഇനിയൊരു പൊട്ടിത്തെറി ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം. ഉപതിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി നഗരസഭാ അദ്ധ്യക്ഷയുടെ ഉൾപ്പെടെ വിമർശനം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു . കൗൺസിലർമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നേതൃത്വം നടത്തും.