2:11 PM IST:
നവകേരള സദസ്സിൽ പങ്കെടുക്കാൻ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും നിർദേശം നൽകി മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്ത്.തവനൂർ മണ്ഡലത്തിൽ നടക്കുന്ന സദസ്സിൽ പങ്കെടുക്കാൻ ആണ് നിർദേശം നൽകിയത്. സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകരും ജീവനക്കാരും സദസ്സിൽ പങ്കെടുക്കാനാണ് നിർദേശം. വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
2:10 PM IST:
മലപ്പുറം പൊന്നാനിയിൽ മുഖ്യമന്ത്രിയെയും മന്ത്രി മാരെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കർമ്മ റോഡിൽ നവകേരള ബസ് എത്തിയപ്പോൾ ആയിരുന്നു പ്രതിഷേധം.യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിന്റെ നേതൃത്വത്തിൽ ആണ് പ്രവർത്തകർ പ്രതിഷേധി ചത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
2:08 PM IST:
ചൈനയിലെ വൈറസ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. മുൻകരുതലെന്ന നിലയ്ക്കാണ് ആശുപത്രിയിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ നിർദേശിച്ചതെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പിപിഇ കിറ്റുകളും അവശ്യ മരുന്നുകളും ശേഖരിച്ചു വയ്ക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
2:07 PM IST:
ദില്ലിയിൽ വായുമലിനീകരണ തോതിൽ നേരിയ കുറവ്. മലിനീകരണ തോത് നാനൂറിന് താഴെയെത്തി. മലിനീകരണത്തിന് ദില്ലിയിലെ താപനിലയങ്ങളും കാരണമാകുന്നു എന്ന പഠനം പുറത്തുവന്നു. അടുത്ത കാലത്തെ ദില്ലിയിലെ ഏറ്റവും മോശം വായു മലിനീകരണ തോതാണ് കഴിഞ്ഞ ഒരു മാസമായി രേഖപ്പെടുത്തുന്നത്. ഇന്നത്തെ ശരാശരി തോത് മുന്നൂറ്റി എഴുപത്തിയഞ്ചാണ്, കഴിഞ്ഞ ദിവസങ്ങളിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്ന മലിനീകരണ തോതിൽ നേരിയ ആശ്വാസമാണിത്. ഈമാസം പത്ത് ദിവസം വായുഗുണനിലവാരം ഗുരുതരാവസ്ഥയിലേക്ക് എത്തി. ഇതിനു മുൻപ് 2021 ൽ ആണ് ഒരു മാസത്തിൽ 12 ദിവസം തോത് ഗുരുതരാവസ്ഥയിലെത്തിയത്.
2:05 PM IST:
പോക്സോ കേസില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി പന്നിയം കുറുശ്ശിയിലെ കെ അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. 16കാരിയുടെ പരാതിയില്‍ ഇന്നലെ വൈകീട്ടോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്ന് രാവിലെ 11 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഡി.വൈ.എഫ്.ഐ ചെര്‍പ്പുളശേരി മേഖലാ ഭാരവാഹിയായിരുന്നു കബീര്‍. അറസ്റ്റിനു പിന്നാലെ അഹമ്മദ് കബീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി അറിയിച്ചു.
2:04 PM IST:
നവകേരള സദസ്സിലെ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയെയും പാർട്ടി നേതാക്കളെയും വിമർശിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻറെ മകൻ രൂപേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ശീതീകരിച്ച മുറികളിൽ വിരുന്നുണ്ണാനെത്തുന്ന പൗരപ്രമുഖരെ കണ്ട് കോൾമയിർ കൊള്ളുന്ന ഒരു പുതിയ ലോകത്തിനായല്ല, പാറപ്പുറത്തെ മണൽ തരികൾക്ക് മുകളിൽ ചുവപ്പിന്റെ ആദ്യ തിരശ്ശീല ഉയർന്നതെന്ന് വിമർശനം. അധികാരം’ എന്ന നാലക്ഷരത്തിന് ‘ആഡംബരം’ എന്ന നാലക്ഷരം അകമ്പടി ചേരുമ്പോൾ ദുരിത കാലവും ദുരന്ത കാലവും ഏതെന്ന് തിരിച്ചറിയാനാവാതെ എം.എൻ സ്മാരകം നോക്കിപോയ കാലത്തെ ഓർമ്മകൾ തുന്നികെട്ടുകയാണ് സാധാരണക്കാരെന്നും രൂപേഷ്.എസി മുറികളിൽ നിന്നിറങ്ങി വന്ന് തട്ടുകടക്ക് മുന്നിൽ സെൽഫി എടുത്ത് സ്വയം നന്മമരമായി മാറുന്നവരല്ല എം എൻ സ്മാരകത്തിന് ലാളിത്യത്തിന്റെ മുഖം നല്‍കേണ്ടതെന്നും രൂപേഷ് വിമർശിക്കുന്നു
2:03 PM IST:
സിൽക്യാര ടണലിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താൻ തീവ്രശ്രമം. പൈപ്പിലൂടെ യന്ത്ര സഹായമില്ലാതെയുള്ള തുരക്കൽ ഉടൻ തുടങ്ങും. പൈപ്പിൽ കുടുങ്ങിയിരുന്ന ഓഗർ യന്ത്രത്തിന്റെ ഭാഗങ്ങൾ പൂർണമായും നീക്കി. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ള ഉന്നതതലസംഘം ടണലിൽ എത്തി രക്ഷാദൗത്യം വിലയിരുത്തി. എന്നാൽ വിഐപി സന്ദർശനത്തിനിടെ തുരക്കാൻ എത്തിയ സംഘത്തെ അരമണിക്കൂറോളം ആണ് തുരങ്കത്തിലേക്ക് വിടാതെ തടഞ്ഞുവച്ചത്.
2:01 PM IST:
കുസാറ്റ് ദുരന്തത്തിൽ സർവകലാശലയുടെ വീഴ്ച വ്യക്തമാക്കുന്ന കത്ത് പുറത്ത്. പരിപാടിക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്കൂൾ ഓഫ് എഞ്ജിനിയറിങ് പ്രിൻസിപ്പാൾ റെജിസ്ട്രാർക്ക് നൽകിയ കത്താണ് പുറത്തു വന്നത്. കത്ത് ലഭിച്ചിട്ടും രെജിസ്ട്രാർ നടപടി എടുത്തില്ല എന്നാണ് ആരോപണം. അപകടം അന്വേഷിക്കുന്ന മൂന്നംഗ സമിതി കൊച്ചിയിൽ യോഗം ചേർന്നു.
2:00 PM IST:
ജനകീയരോഷം നിലനിൽക്കേ സർവ്വകക്ഷി യോഗ തീരുമാനങ്ങൾ കാറ്റിൽ പറത്തി മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിക്കാൻ തുടങ്ങി. പുലർച്ചെ നാട്ടുകാർ സംഘടിച്ച് എത്തി പ്രതിഷേധിച്ചതോടെ ഇപ്പോൾ മണ്ണെടുപ്പ് നിർത്തിവച്ചിരിക്കുകയാണ്. മാവേലിക്കര താഹസിൽദാർ എത്തി കരാറുകാരനോട് താൽക്കാലത്തേക്ക് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറല്ലെന്നാണ് മറുപടി നൽകിയത്. സർവ്വകക്ഷിയോഗത്തിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കാൻ കഴിയാതെ വന്നതോടെ ഇടതു സർക്കാരും വെട്ടിലായിരിക്കുകയാണ്.
2:00 PM IST:
മലക്കപ്പാറയിൽ ആദിവാസി വയോധിക പുഴുവരിച്ച നിലയിൽ. വീരൻ കുടി ഊരിലെ കമലമ്മ പാട്ടിയാണ് പുഴുവരിച്ച നിലയിൽ ദുരിതത്തിലായത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ വയോധികയെ പുറത്തെത്തിക്കാൻ ജില്ലാ ട്രൈബൽ ഓഫീസർക്ക് ജില്ലാ കളക്ടർ കൃഷ്ണ തേജ നിർദ്ദേശം നൽകി.
2:00 PM IST:
കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും നവ കേരള സദസ്സിൽ പങ്കെടുത്ത് കോൺഗ്രസ് ലീഗ് നേതാക്കൾ. തിരൂരിൽ നടന്ന പ്രഭാത യോഗത്തിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ പങ്കെടുത്തു.യൂ ഡി എഫ് നേതാക്കൾ നവകേരള സദസ്സിനെത്തുന്നത് നാടിന്റെ പൊതു വികാരതോടൊപ്പം ചേരുന്നത് കൊണ്ടാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലോക്കലായ നേതാക്കളാണ് നവ കേരള സദസിൽ പങ്കെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
1:59 PM IST:
നവകേരളാ സദസിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡി.ഡി.ഇ ഇറക്കിയ ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയിൽ. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി. ഇത്തരം ഉത്തരവുകൾ ഇറക്കിക്കൊണ്ട് ഉദ്യോഗസ്ഥർ ആരെയാണ് സന്തോഷിപ്പിക്കുന്നതെന്നും കോടതി. ഉദ്യോഗസ്ഥൻ ഇത്തരമൊരു ഉത്തരവിറക്കിയതിന്റെ സാഹചര്യം പരിശോധിക്കുമെന്ന് സർക്കാർ. സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവിനെതിരായ ഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു
1:59 PM IST:
കൊല്ലപ്പെട്ട എൽടിടിഇ തലവൻ വേലുപിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം ഇന്ന് സംപ്രേഷണം ചെയ്യുമെന്ന് യൂറോപ്പിലെ തമിഴ് കോഓർഡിനേഷൻ കമ്മിറ്റി. ലണ്ടനിലും സ്കോട്ലണ്ടിലും വീഡിയോ സംപ്രേഷണം ചെയ്യുമെന്ന അറിയിപ്പ് അടങ്ങിയ പോസ്റ്റർ കമ്മിറ്റി പുറത്തുവിട്ടു. വീരന്മാരുടെ ദിനം ആയി എൽടിടിഇ ആച രിച്ചിരുന്ന നവംബർ 27ന് പ്രഭാകരൻ അനുയായികളെ അഭിസംബോധന ചെയുക പതിവായിരുന്നു. എന്നാൽ ഇന്ന് പുറത്തു വിടുന്ന ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയം ഉയർന്നിട്ടുണ്ട്. AI-സഹായത്തോടെ നിർമിച്ച വീഡിയോ പ്രചരിപ്പിക്കുന്നതാകാം എന്ന മുന്നറിയിപ്പ് അന്താരാഷ്ട്ര രഹസ്യമാന്വേഷണ ഏജൻസികൾ നൽകുന്നുണ്ട്. 2009ഇൽ പ്രഭാകരനൊപ്പം മകളെയും ലങ്കൻ സൈന്യം കൊലപെടുത്തി എന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം പ്രഭാകരൻ പിടിയിലാകും മുൻപ് ദ്വാരക യൂറോപ്പിലേക്ക് കടന്നിരുന്നു എന്ന വാദവും അന്ന് മുതലേ സജീവം ആണ്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി ലങ്കൻ പ്രതിരോധ വക്താവ് പ്രതികരിച്ചു
1:58 PM IST:
കണ്ണൂരിൽ കടബാധ്യതയെ തുടർന്ന് ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. കണിച്ചാർ കൊളക്കാട് ആൽബർട്ടാണ് മരിച്ചത്. ഏറെക്കാലം ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്ന ആൽബർട്ടിന് സഹകരണ ബാങ്കുകളിൽ വായ്പാ കുടിശ്ശികയുണ്ടായിരുന്നു. കൊളക്കാട് സജീവ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായ അറുപത്തിയെട്ടുകാരൻ ആൽബർട്ട്.കാൽനൂറ്റാണ്ട് കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു. രാവിലെ ഭാര്യ വത്സ പളളിയിൽ പോയ സമയത്താണ് വീടിനുളളിൽ ആൽബർട്ട് തൂങ്ങി മരിച്ചത്. മൂന്ന് പെൺമക്കളാണ്. പശു വളർത്തിയും റബ്ബറ് വെട്ടിയും ഉപജീവനം നടത്തിയിരുന്ന ആൽബർട്ട് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ബാങ്കുകളിൽ നിന്ന് വായ്പയെടുത്തിരുന്നു.ഭാര്യയുടെ സ്വയം സഹായ സംഘം വഴി കേരള ബാങ്കിന്റെ പേരാവൂർ ശാഖയിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഈ മാസം പതിനെട്ടിന് നോട്ടീസ് വന്നു. സംഘത്തിലെ അഞ്ച് പേർ ചേർന്നെടുത്ത വായ്പയിൽ കുടിശ്ശികയുൾപ്പെടെ രണ്ട് ലക്ഷം തിരിച്ചടയ്കാനായിരുന്നു മേൽനടപടി നോട്ടീസ്.
11:35 AM IST:
പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി. പ്ലാന്റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ രാവിലെ 8:45 ആയിരുന്നു സംഭവം. പൊട്ടിത്തെറിയെതുടര്‍ന്ന് സ്ഥലത്ത് ഫയര്‍ഫോഴ്സ് യൂനിറ്റെത്തി പരിശോധന നടത്തി. ഫയര്‍ഫോഴ്സ് യൂനിറ്റ് സ്ഥലത്ത് തുടരുകയണ്. അതേസമയം, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സാങ്കേതിക വിദഗ്ധർ അന്വേഷിക്കണമെന്നാണ് മന്ത്രി നിർദ്ദേശം നൽകിയത്.
11:34 AM IST:
നവ കേരള സദസ്സിൽ പങ്കെടുക്കുന്ന നേതാക്കൾക്കെതിരെ യുഡിഎഫ് പകപോക്കൽ നടപടി സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ തെറ്റായ തീരുമാനത്തിന്റെ അനന്തര ഫലമാണ് യാത്രയിൽ ഇങ്ങനെ നേതാക്കൾ പങ്കെടുക്കുന്നത്. തെറ്റായ തീരുമാനത്തിൽ പിടിച്ചു നിൽക്കാൻ കൂടുതൽ തെറ്റുകളിലേക്ക് പോവുകയാണ് യുഡിഎഫ് നേതൃത്വം.
9:59 AM IST:
മറ്റപ്പള്ളിയിൽ ജനകീയ പ്രതിഷേധം അവഗണിച്ച് വീണ്ടും കുന്നിടിക്കൽ ആരംഭിച്ചതിൽ പ്രതികരിച്ച് കൃഷി മന്ത്രി പി പ്രസാദ്. മണ്ണെടുക്കാനുള്ള കോടതി അനുമതി നിലവിലുണ്ടെന്നും കോടതി വിധി അനുസരിച്ചുള്ള നടപടികളാണ് നടക്കുന്നതെന്നും മന്ത്രി പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കോടതി വിധി നടപ്പാക്കുന്നതിനായി സംരക്ഷണം കൊടുക്കാൻ പൊലീസിന് ബാധ്യതയുണ്ട്. കോടതി വിധി ഉള്ളത് കൊണ്ട് കുന്നിടിക്കലിനെതിരെ നിരോധന ഉത്തരവ് ഇറക്കുന്നതിലും നിയമപരമായ പ്രശ്നങ്ങളുണ്ട്. കലക്ടറുടെ അന്വേഷണം പൂർത്തിയായിട്ടില്ല. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നത്തെ കാര്യത്തിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
8:10 AM IST:
കൊട്ടിയൂർ പാൽച്ചുരത്തിൽ ഇന്ന് മുതൽ കെഎസ്ആർടിസി ബസും ചെറു വാഹനങ്ങളും കടത്തിവിടും. ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം തുടരും. ചുരം റോഡിലെ ഹെയർപിൻ വളവുകളിൽ ഇന്റർലോക്ക് പാകുന്ന ജോലി പൂർത്തിയായി
8:08 AM IST:
തലസ്ഥാനത്തെ വെള്ളപ്പൊക്കം തടയുന്നതിൽ കോർപ്പറേഷൻറെ ഭാഗത്തുണ്ടായത് ഗുരുതര അലംഭാവം. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങൾക്കുള്ള പണം ചെലവഴിക്കുന്നതിൽ മുതൽ സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽപെടുത്തി സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നതിൽ വരെയുണ്ട് വീഴ്ചകൾ. പഴയ തീരുമാനങ്ങൾ ജലരേഖയായിരിക്കെയാണ് പുതിയ കർമ്മപദ്ധതി പ്രഖ്യാപനം
8:06 AM IST:
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ, ദിവസേന അണക്കെട്ടിൽ പരിശോധന നടത്താൻ ജീപ്പും ബോട്ടുമില്ലാതെ വിഷമിക്കുകയാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ. പരിശോധനക്കായി പുതിയ ബോട്ട് അനുവദിക്കുമെന്ന ജലസേചന വകുപ്പ് മന്ത്രിയുടെ രണ്ട് വർഷം മുൻപത്തെ പ്രഖ്യാപനം പാഴ്വാക്കായി. ഉണ്ടായിരുന്ന ജീപ്പുകളിലൊന്ന് മാസങ്ങൾക്കു മുൻപേ കണ്ടം ചെയ്തു.
8:05 AM IST:
ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രിയില്‍ അവയവമാറ്റ ശസ്ത്രക്രിയ. വൃക്ക മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. 28 വയസുള്ള മകന് 50 വയസുകാരിയായ അമ്മയാണ് വൃക്ക നല്‍കിയത്. ശസ്ത്രക്രിയക്ക് ശേഷം ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരെയും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അഭിനന്ദിച്ചു.
8:05 AM IST:
വിഴിഞ്ഞം തുറമുഖത്തേക്കുള്ള മൂന്നാമത്തെ കപ്പലായ ഷെൻ ഹുവ 24ന്റെ ബർത്തിങ് ഇന്ന്. ഇന്നലെ തന്നെ കപ്പൽ പുറംകടലിൽ എത്തിയിരുന്നെങ്കിലും ഇന്ന് രാവിലെ 10 മണിയോടെയാണ് തുറമുഖത്ത് എത്തിക്കുക. ആറ് യാർഡ് ക്രെയിനുകളാണ് കപ്പലിലുള്ളത്. വിഴിഞ്ഞത്ത് ആദ്യമെത്തിയ ഷെൻ ഹുവ 15 ആണ് അടുത്തതായി ക്രെയിനുകളും കൊണ്ട് വരുന്ന കപ്പൽ. ഡിസംബർ 15ന് വിഴിഞ്ഞത്ത് എത്തും. ഇതോടെ ക്രെയ്നുകളുടെ ആദ്യഘട്ട ഇറക്കുമതി പൂർത്തിയാകും.
8:02 AM IST:
ചൈനയിലെ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനങ്ങളിൽ നിരീക്ഷണം ശക്തമായി തുടരുന്നു. ആശുപത്രികളിലെ സാഹചര്യം അടക്കം പരിശോധിച്ച് സംസ്ഥാനങ്ങൾ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ വിവരം അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ശ്വസന സംബന്ധമായ അസുഖങ്ങൾ വ്യപിക്കുന്നുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ റിപ്പോർട്ട് കിട്ടിയ ശേഷമാകും നിയന്ത്രണങ്ങളിൽ അടക്കം കേന്ദ്രത്തിൻ്റെ തുടർനടപടികൾ.
8:01 AM IST:
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് ഇന്ന്. സാന്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് ഉത്തരവ് പറയുന്നത്. സതീഷ് കുമാര്‍, മുന്‍ മന്ത്രി എ.സി മൊയ്തീന്റെ ബിനാമിയാണ് എന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ജാമ്യഹര്‍ജിയിലെ വാദത്തിനിടെ ഇഡി കോടതിയില്‍ ഉന്നയിച്ചിരുന്നു. ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു.
7:57 AM IST:
കാര്യവട്ടത്ത് തകർപ്പൻ വിജയവുമായി ഇന്ത്യ. ഓസ്ട്രേലിയയെ തകർത്തത് 44 റൺസിന്. അതിവേഗ അർധസെഞ്ച്വറി നേടിയ യശസ്വീ ജയ്സ്വാൾ കളിയിലെ താരം. ഇന്ത്യ പരന്പരയിൽ 2.0ന് മുന്നിൽ.
7:57 AM IST:
ഗാസയിൽ വെടിനിർത്തൽ ധാരണയുടെ ഭാഗമായി 17 ബന്ദികളെക്കൂടി മോചിപ്പിച്ച് ഹമാസ്. വിട്ടയച്ചവരിൽ 14 ഇസ്രയേലികളും 3 വിദേശപൗരൻമാരും. വെടിനിർത്തൽ സമയപരിധി നീട്ടാനുള്ള ശ്രമത്തിൽ അമേരിക്കയും ഖത്തറും ഈജിപ്തും.
8:02 AM IST:
സിൽക്യാര രക്ഷാദൗത്യം പതിനാറാം ദിവസത്തിലേക്ക് കടന്നു. ടണലിലെ പൈപ്പിൽ കുടുങ്ങിയ ഓഗർ യന്ത്രം പൂർണമായും പുറത്തെടുക്കാനായെന്നാണ് സൂചന. അടുത്ത ഘട്ടമായി വിദഗ്ധരെ നിയോഗിച്ച് പൈപ്പിലൂടെ നേരിട്ടുള്ള തുരക്കൽ തുടങ്ങും. അവസാന ഘട്ടത്തിൽ ശേഷിക്കുന്നത് 10 മീറ്റർ താഴെ ആയതിനാൽ ഇന്ന് എത്ര വേഗത്തിൽ തുരക്കൽ പൂർത്തിയാകുമെന്നതിന് അനുസരിച്ച് ആവും തൊഴിലാളികളുടെ മോചനം. മലയുടെ മുകളിൽ നിന്ന് ടണലിലേക്ക് ലംബമായി കുഴിക്കുന്നതും തുടരുകയാണ്. ഇന്നലെ രാത്രി 19 മീറ്ററിൽ അധികം കുഴിക്കാൻ കഴിഞ്ഞിരുന്നു.
7:56 AM IST:
തെലങ്കാനയിൽ പ്രചാരണം അവസാന ലാപ്പിൽ. മോദിയും പ്രിയങ്കയും ഗാർഗെയും സംസ്ഥാനത്ത്. റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കും.
പരസ്യ പ്രചാരണം നാളെ തീരും. വോട്ടെടുപ്പ് വ്യാഴാഴ്ച.
7:58 AM IST:
നവകേരള സദസ് ഇന്ന് മലപ്പുറം ജില്ലയില്‍. രാവിലെ 9 മണിക്ക് തിരൂരിലാണ് പ്രഭാത യോഗം. തുടര്‍ന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. രാവിലെ 11ന് പൊന്നാനി മണ്ഡലത്തിലാണ് ആദ്യ പരിപാടി. വൈകിട്ട് 3 മണിക്ക് തവനൂരിലും നാലരക്ക് തിരൂര്‍ മണ്ഡലത്തിലും നവകേരള സദസ് നടക്കും. വൈകിട്ട് 6 മണിക്കാണ് താനൂര്‍ മണ്ഡലത്തിലെ പരിപാടി. നവകേരളാ സദസിനോട് അനുബന്ധിച്ച് മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
7:56 AM IST:
കുസാറ്റ് ദുരന്തത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. അപകടം അന്വേഷിക്കുന്ന സിൻഡിക്കേറ്റ്
ഉപസമിതി ഇന്ന് ചേരും. സാറാ തോമസിന് വിട ചൊല്ലാനൊരുങ്ങി നാട്. സംസ്കാരം ഇന്ന് താമരശ്ശേരി ഈങ്ങാപ്പുഴ പള്ളിയിൽ.