ലണ്ടന്റെ രണ്ടിരട്ടി വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയ്ക്ക് സ്ഥാനചലനം സംഭവിച്ചതായി റിപ്പോർട്ട്. 30 വർഷത്തോളം സമുദ്രത്തിന്റെ അടിത്തട്ടിൽ കുടുങ്ങിക്കിടന്ന ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ഇപ്പോൾ സ്വതന്ത്രമായി ചലിക്കാൻ തുടങ്ങിയതായാണ് വിദഗ്ദർ പറയുന്നത്. A23a എന്ന് വിളിക്കപ്പെടുന്ന ഈ മഞ്ഞുമലയ്ക്ക് 3884 ചതുരശ്ര കിലോമീറ്റർ വലിപ്പമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഒരു ബ്രിട്ടീഷ് ദ്വീപിന് സമീപത്തേക്കാണ് ഇപ്പോൾ ഇത് നീങ്ങുന്നത്.
1986 -ൽ ആണ് ഇത് അന്റാർട്ടിക്ക് തീരപ്രദേശത്ത് നിന്ന് അടർന്ന് മാറി സമുദ്രത്തിന്റെ അടിത്തട്ടിൽ പതിച്ച് ഒരു ഐസ് ദ്വീപായി മാറിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായ ദുബായിലെ ബുർജ് ഖലീഫയുടെ മൂന്നിൽ രണ്ട് ഭാഗത്തോളം ഉയരമുള്ള മഞ്ഞുപാളിയുടെ കനം 399 മീറ്റർ ആണ്. 1986 -ൽ ഇത് തകരുന്നതിന് മുമ്പ്, “ദ്രുഷ്നയ 1” എന്ന് വിളിക്കപ്പെടുന്ന ഒരു സോവിയറ്റ് ഗവേഷണ നിലയത്തിന് ഇത് ആതിഥേയത്വം വഹിച്ചിരുന്നു. കടലിന്റെ അടിത്തട്ടിലെ ചെളിയിൽ ഇതുവരെയും കുടുങ്ങിക്കിടന്ന മഞ്ഞുമലയ്ക്ക് ഇപ്പോൾ സ്ഥാനചലനം സംഭവിച്ചിരിക്കുന്നത് അതിശക്തമായ കാറ്റും പ്രവാഹങ്ങളും കൊണ്ടാണ്. ബ്രിട്ടീഷ് അന്റാർട്ടിക് സർവേയിൽ നിന്നുള്ള റിമോട്ട് സെൻസിംഗ് വിദഗ്ധനായ ഡോ. ആൻഡ്രൂ ഫ്ലെമിംഗ് പറയുന്നതനുസരിച്ച് 2020 -ൽ ആണ് ആദ്യത്തെ ചലനം കണ്ടെത്തിയത്.
ബ്രിട്ടീഷ് ദ്വീപായ സൗത്ത് ജോർജിയയ്ക്ക് സമീപം A23a കുടുങ്ങുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഇങ്ങനെ സംഭവിച്ചാൽ ദ്വീപിൽ വസിക്കുന്ന ദശലക്ഷക്കണക്കിന് സീലുകൾക്കും പെൻഗ്വിനുകൾക്കും മറ്റ് കടൽപ്പക്ഷികൾക്കും ഇത് ഒരു പ്രശ്നമായേക്കാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാരണം മഞ്ഞുമല മൃഗങ്ങളുടെ തീറ്റതേടാനുള്ള വഴികൾ തടസ്സപ്പെടുത്തും അത് അവയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. എന്നാൽ, എല്ലാ മഞ്ഞുമലകളും ക്രമേണ ഉരുകുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. A23a യുടെ ചലനം ഇപ്പോൾ ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Nov 26, 2023, 3:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]