ചെന്നൈ: ആരാധകര്‍ക്ക് ധോണി അവരുടെ ‘തല’യാണ്. എന്തുകൊണ്ടാണ് ആരാധകര്‍ ധോണിയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നത് എന്നറിയാന്‍ ഒരു കാരണം കൂടിയിതാ. ബൈക്കില്‍ ഓട്ടോഗ്രാഫ് നല്‍കണമെന്ന് ആവശ്യപ്പെട്ടെത്തിയ ധോണി ആദ്യം ചെയ്തത് ഓട്ടോഗ്രാഫ് നല്‍കാനായി ബൈക്കിന്റെ വൈസര്‍ തുടച്ചു വൃത്തിയാക്കുകയായിരുന്നു. അതും താന്‍ ധരിച്ചിരിക്കുന്ന ടീ ഷര്‍ട്ടുകൊണ്ട്.
പിന്നീട് ഓട്ടോഗ്രാഫ് നല്കുന്ന സ്ഥലത്ത് തന്റെ ഒപ്പ് ഒതുങ്ങുമോ എന്നറിയാന്‍ കൈ കൊണ്ട് എഴുതി നോക്കിയശേഷം ധോണി മാര്‍ക്കര്‍ കൊണ്ട് ബൈക്കില്‍ ഓട്ടോഗ്രാഫ് നല്കി. അതിനുശേഷം ബൈക്കില്‍ കയറിയിരുന്ന് ഓണ്‍ ചെയ്ത് നോക്കിയ ധോണി ആരാധകര്‍ക്കൊപ്പം ബൈക്കിലിരുന്ന് സെല്‍ഫിക്ക് പോസ് ചെയ്യുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു ആരാധകന്റെ ബി എം ഡബ്ല്യു കാറിലും ധോണി ഓട്ടോഗ്രാഫ് നല്‍കിയിരുന്നു. വാഹനപ്രേമിയായ ധോണിക്ക് ബൈക്കുകളുടെയും കാറുകളുടെയും വലിയ ശേഖരം തന്നെ സ്വന്തമായുണ്ട്.
ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ ധോണി സ്റ്റേഡിയത്തില്‍ എത്താതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തിയ ധോണി അവിടുത്തെ ഗ്രാമീണര്‍ക്കൊപ്പം വീഡിയോക്കും ഫോട്ടോക്കും പോസ് ചെയ്യുന്ന ദൃശ്യങ്ങളും പിന്നാലെ പുറത്തുവന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം കാണാന്‍ ധോണി ചെന്നൈയിലെത്തിയിരുന്നു. ഐപിഎല്ലില്‍ അടുത്ത സീസണിലും ചെന്നൈയെ നയിക്കാനുണ്ടാകുമെന്ന് ധോണി നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഐപിഎല്ലില്‍ കാല്‍മുട്ടിലെ പരിക്ക് അവഗണിച്ചും ചെന്നൈയെ നയിച്ച ധോണി ടീമിന് അഞ്ചാം ഐപിഎല്‍ കിരീടം സമ്മാനിച്ചിരുന്നു. ഐപിഎല്ലില്‍ ഓരോ ടീമുകളും നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. ചെന്നൈ ടീം ഇംഗ്ലണ്ട് നായകന് ബെന്‍ സ്റ്റോക്സിനെയും ദക്ഷിണാഫ്രിക്കന്‍ താരം പ്രിട്ടോറിയസിനെയും ഒഴിവാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Nov 26, 2023, 2:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]