ടോക്യോ: ദക്ഷിണ ചൈനാക്കടലിൽ അമേരിക്കൻ നാവികസേനയുടെ ഹെലികോപ്ടറും, യുദ്ധ വിമാനവും തകർന്നുവീണതിൽ രൂക്ഷമായി പ്രതികരിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് അസ്വാഭാവിക സംഭവമാണെന്നും പോർ വിമാനവും ഹെലികോപ്ടറും തകർന്ന് വീഴാനുള്ള കാരണം എന്താണെന്ന് അമേരിക്ക ഉറപ്പായും കണ്ടുപിടിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
മോശം ഇന്ധനമാണ് പ്രശ്നകാരണമെന്ന് സംശയിക്കുന്നുവെന്നും അമേരിക്ക ഒന്നും ഒളിക്കില്ലെന്നും പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു. ജപ്പാനിൽ നിന്ന് മലേഷ്യയിലേക്കുള്ള യാത്രക്കിടെ എയർഫോഴ്സ് വണ്ണിൽ വച്ചായിരുന്നു യു എസ് പ്രസിഡന്റിന്റെ പ്രതികരണം.
അരമണിക്കൂർ ഇടവേളയിൽ അപകടം അര മണിക്കൂർ ഇടവേളയിലാണ് യു എസ് നാവികസേനയുടെ ഒരു ഹെലികോപ്റ്ററും, ഒരു പോർവിമാനവും തെക്കൻ ചൈനാക്കടലിൽ തകർന്നു വീണത്. നാവിക യുദ്ധക്കപ്പൽ യു എസ് എസ് നിമിറ്റ്സിൽ നിന്ന് പറന്നുയർന്ന എം എച്ച് 60 ആർ സീ ഹോക്ക് ഹെലികോപ്റ്റർ പ്രാദേശിക സമയം രണ്ടേ മുക്കാലോടെയാണ് തകർന്ന് കടലിൽ വീണത്.
മുപ്പത് മിനുട്ടുകൾക്ക് ശേഷം ഇതേ യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന എഫ് എ 18 എഫ് സൂപ്പർ ഹോർണറ്റ് പോർവിമാനവും തകർന്ന് വീഴുകയായിരുന്നു. ഹെലികോപ്റ്ററിലും വിമാനത്തിലുമുണ്ടായിരുന്ന മുഴുവൻ പേരും സുരക്ഷിതരാണെന്നാണ് അമേരിക്കൻ നാവികസേന അറിയിക്കുന്നത്.
എന്താണ് സംഭവിച്ചതെന്നതിനെ പറ്റി കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. യു എസ് നാവിക സേനയും പസഫിക് സേനാ വ്യൂഹമാണ് അപകടം സംബന്ധിച്ച് പ്രസ്താവന പുറത്ത് വിട്ടത്.
ഹെലികോപ്ടറും യുദ്ധവിമാനവും നിരീക്ഷണ പറക്കൽ നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. വെവ്വേറെ നിരീക്ഷണത്തിലായിരുന്നു യുദ്ധ വിമാനവും ഹെലികോപ്ടറുമുണ്ടായിരുന്നതെന്നാണ് യു എസ് നാവിക സേന വിശദമാക്കിയത്.
വിമാനത്തിലുണ്ടായിരുന്ന നാവിക സേനാ ഉദ്യോഗസ്ഥർ സ്വയം ഇജക്ട് ചെയ്തതാണ് ആളപായം ഒഴിവാക്കിയതെന്നാണ് വ്യക്തമാകുന്നത്. അപകടം ട്രംപും ഷി ജിൻപിൻങുമായി കൂടിക്കാഴ്ച നടക്കാനിരിക്കെ ദക്ഷിണ ചൈനാക്കടലിൽ ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണൈ, തായ്വാൻ അടക്കമുള്ള രാജ്യങ്ങൾ അവകാശ വാദങ്ങൾ ഉന്നയിക്കുന്നുണ്ട്.
എന്നാൽ ചൈനയാണ് നിർണായക മേഖലകളിൽ ഉടമസ്ഥാവകാശം സ്ഥാപിച്ചിട്ടുള്ളത്. അന്താരാഷ്ട്ര കോടതി വിധികളെ ലംഘിച്ച് കൂടിയാണ് ചൈന ഉടമസ്ഥാവകാശം സ്ഥാപിച്ചിരിക്കുന്നത്.
മേഖല അന്താരാഷ്ട്ര ജലപാതയാക്കാനുള്ള അമേരിക്കൻ ശ്രമിങ്ങൾക്ക് വെല്ലുവിളിയുയർത്തിയതും ചൈന തന്നെയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിൻങുമായി ഏഷ്യൻ സന്ദർശനത്തിനിടെ ഡോണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അപകടമുണ്ടായതെന്നത് ശ്രദ്ധേയമാണ്.
ദക്ഷിണ കൊറിയയിൽ വച്ച് വ്യാഴാഴ്ചയാണ് ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ച നടക്കുക. വ്യാപാര സംബന്ധിയായ ചർച്ചകളാണ് ഇരു നേതാക്കൾക്കിടയിലുണ്ടാവുകയെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

