തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ‘കേരള ബ്രാൻഡ്’ പദ്ധതി വിപുലീകരിക്കുന്നു. ഭക്ഷ്യ-ഭക്ഷ്യേതര വിഭാഗങ്ങളിലായി പത്ത് പുതിയ ഉത്പന്നങ്ങളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ അനുമതി നൽകി.
വെളിച്ചെണ്ണ യൂണിറ്റുകളിൽ വിജയകരമായി നടപ്പാക്കിയ പൈലറ്റ് പദ്ധതിയുടെ ചുവടുപിടിച്ചാണ് ഈ തീരുമാനം. കേരളത്തിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് ആഗോള വിപണിയിൽ സ്വീകാര്യത ഉറപ്പാക്കുന്നതിനും ‘മെയ്ഡ് ഇൻ കേരള’ എന്ന ബ്രാൻഡിന് ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും മുദ്ര നൽകുന്നതിനുമാണ് ‘കേരള ബ്രാൻഡ്’ പദ്ധതി നടപ്പിലാക്കുന്നത്.
കാപ്പി, തേയില, തേൻ, നെയ്യ്, കുപ്പിവെള്ളം, കന്നുകാലിത്തീറ്റ തുടങ്ങിയ കാർഷിക-ഭക്ഷ്യ ഉത്പന്നങ്ങളും പ്ലൈവുഡ്, പാദരക്ഷകൾ, പി.വി.സി പൈപ്പുകൾ, സർജിക്കൽ റബ്ബർ ഗ്ലൗസ് തുടങ്ങിയ വ്യാവസായിക ഉത്പന്നങ്ങളുമാണ് പുതുതായി പട്ടികയിൽ ഇടംപിടിച്ചത്. ഇവയ്ക്ക് ‘കേരള ബ്രാൻഡ്’ സർട്ടിഫിക്കേഷൻ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് സംസ്ഥാനതല സമിതി അംഗീകാരം നൽകിക്കഴിഞ്ഞു.
ഉത്പന്നങ്ങളുടെ ഉയർന്ന ഗുണനിലവാരത്തിന് പുറമേ, നിർമ്മാണ യൂണിറ്റുകൾ ബാലവേല ഉപയോഗിക്കുന്നില്ലെന്നും, തൊഴിലാളികളോട് വിവേചനം കാണിക്കുന്നില്ലെന്നും, പരിസ്ഥിതി സൗഹൃദപരമായ രീതികളാണ് പിന്തുടരുന്നതെന്നും ഉറപ്പുവരുത്തും. ‘കേരള ബ്രാൻഡ്’ ലഭിക്കുന്നതിന് ഓരോ ഉത്പന്നത്തിനും അതിൻ്റേതായ ഗുണമേന്മാ സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്.
അസംസ്കൃത വസ്തുക്കളുടെ ഉറവിടം, നിർമ്മാണ യൂണിറ്റിന്റെ സ്ഥാനം എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകളും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിശ്ചിത യോഗ്യതയുള്ള സംസ്ഥാനത്തെ നിർമ്മാതാക്കൾക്ക് സർട്ടിഫിക്കേഷനായി ഉടൻ അപേക്ഷ നൽകാം. സർട്ടിഫിക്കേഷന് രണ്ട് വർഷത്തെ കാലാവധിയാണുണ്ടാവുക.
എന്നാൽ, ഉത്പന്നത്തിനാവശ്യമായ മറ്റ് അംഗീകൃത സർട്ടിഫിക്കേഷനുകളുടെ (IS/ISO) കാലാവധി ഇതിനുമുമ്പ് അവസാനിക്കുകയാണെങ്കിൽ ‘കേരള ബ്രാൻഡ്’ സർട്ടിഫിക്കേഷനും അതോടെ റദ്ദാകും. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

