
തിരുവനന്തപുരം: റൺവേയുടെ സുരക്ഷ ഉറപ്പു വരുത്താൻ ആധുനിക റബ്ബർ റിമൂവൽ മെഷീൻ തിരുവനന്തപുരം വിമാനത്താവളത്തിൽ കമ്മിഷൻ ചെയ്തു. പുതിയ റൺവേ റബ്ബർ ഡെപ്പോസിറ് ആൻഡ് പെയിന്റ് റിമൂവൽ മെഷീൻ റൺവേയിലെ അപകടകരമായ വസ്തുക്കളും പഴയ മാർക്കിങ്ങുകളും നീക്കാനും ഉപയോഗിക്കും.
ലാൻഡിംഗ് സമയത്തും ടേക്ക് ഓഫ് സമയത്തും വിമാനങ്ങളുടെ ടയറിൽ നിന്നുള്ള റബ്ബർ റൺവേയിൽ നിക്ഷേപിക്കപ്പെടും. ലാൻഡിംഗ് സമയത്ത് 700 ഗ്രാം വരെ റബ്ബർ ഇങ്ങനെ റണ്‍വേയില്‍ നിക്ഷേപിക്കപ്പെടുന്നു എന്നാണ് ട്രാൻസ്പോർട്ട് റിസർച്ച് ബോർഡിന്റെ കണക്ക്. ഇങ്ങനെ റബ്ബര്‍ നിക്ഷേപിക്കപ്പെടുന്നത് റൺവേയുടെ ഘർഷണ ശേഷി കുറയ്ക്കും. ഇത് ലാൻഡിംഗ് സമയത്തെ ബ്രേക്കിങ് ഉൾപ്പെടെയുള്ളവയെയും ബാധിക്കും.
റൺവേ ഉപയോഗിക്കുന്നതിന് ആനുപാതികമായി നിശ്ചിത ഇടവേളകളിൽ ഈ റബ്ബർ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നാണ് വ്യോമയാന ഡയറക്ടർ ജനറലിന്റെ മാർഗ നിർദേശം. നിലവില്‍ എയർപോർട്ട് അതോറിറ്റിയുടെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് മെഷീൻ എത്തിച്ചാണ് ഇതുവരെ ഈ ദൗത്യം നിർവഹിച്ചിരുന്നത്. വെള്ളം മാത്രം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ പുതിയ മെഷീൻ പരിസ്ഥിതി സൗഹൃദവുമാണ്. 10 മണിക്കൂറിൽ റൺവേയുടെ ഘർഷണ ശേഷി പൂർണമായി പുനഃസ്ഥാപിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.
Read also: യാത്രക്കാര്‍ ഇറങ്ങവേ പിന്‍ഭാഗം കുത്തി മുന്‍ഭാഗം ഉയര്‍ന്ന് വിമാനം; ഞെട്ടിക്കുന്ന വീഡിയോ വൈറല്‍ !
അതേസമയം റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന് വൈകിട്ട് മുതൽ രാവിലെ വരെ മാത്രമാണ് നിലവില്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. പ്രവൃത്തി തുടങ്ങിയതു മുതല്‍ വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വീസുകള്‍ വൈകിട്ട് ആറ് മുതൽ രാവിലെ പത്തു മണി വരെയായി പുനഃക്രമീകരിച്ചിരുന്നു. രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് വരെയാണ് റൺവേ ജോലികൾ നടന്നത്. റണ്‍വേ റീകാര്‍പ്പറ്റിങ്ങിന് പുറമേ ഗ്രേഡിംഗ് ജോലി കൂടി പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്.
ഈ മാസം 28 മുതല്‍ 24 മണിക്കൂർ സര്‍വീസ് തുടങ്ങും. ഇത് സംബന്ധിച്ച അറിയിപ്പ് വിമാനക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിലും മാറ്റം വരും. ജനുവരിയില്‍ തുടങ്ങിയ റണ്‍വേ റീ കാര്‍പ്പറ്റിംഗ് ജോലി ജൂണില്‍ പൂര്‍ത്തീകരിച്ചെങ്കിലും വശങ്ങളില് മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിംഗ് ജോലി നീണ്ടു പോവുകയായിരുന്നു. മണ്ണ് ലഭിക്കാത്തതായിരുന്നു പ്രധാന പ്രശ്നം. മഴ കൂടി തുടങ്ങിയതോടെ ഈ പണി നീണ്ടു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ പണികളെല്ലാം പൂര്‍ത്തിയായത്. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ അടിയന്തിരമായി അനുമതി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…
Last Updated Oct 26, 2023, 9:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]