
കോഴിക്കോട്: പലസ്തീനികളുടേത് അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. പലസ്തീന്റെ ശ്വാസം തന്നെ ചെറുത്തുനിൽപ്പെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. കോഴിക്കോട് ബീച്ചിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്ഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ ഇന്ത്യൻ ഭരണകൂടം ഇസ്രയേലിനെ വെള്ള പൂശാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. അഹിംസ പഠിപ്പിച്ച ഇന്ത്യക്ക് അങ്ങനെ നിൽക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം വേട്ടക്കാർക്ക് ഒപ്പം നിൽക്കലല്ല ഇന്ത്യയുടെ നയമെന്നും വ്യക്തമാക്കി. ഇസ്രയേലിനെ പിന്തുണക്കുന്നവർ ഭീകരതയെ കൂട്ടുപിടിക്കുന്നു എന്നും സ്വതന്ത്ര പലസ്തീൻ മാത്രമാണ് പരിഹാരമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഇസ്രയേൽ അധിനിവേശത്തെ എന്നും ശക്തമായി എതിർത്ത രാജ്യമാണ് ഇന്ത്യ. ഇസ്രയേൽ രൂപീകരണത്തിൻ്റെ ഒളിയജണ്ട തിരിച്ചറിഞ്ഞ രാജ്യമായിരുന്നു മുമ്പ് ഇന്ത്യ. മഹാത്മാ ഗാന്ധി ഇസ്രയേൽ അധിനിവേശത്തെ ശക്തമായി എതിർത്തിട്ടുണ്ട്. നെഹ്റു അടക്കമുള്ളവർ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച നേതാക്കളായിരുന്നു എന്നും സാദിഖലി ചൂണ്ടിക്കാട്ടി.
ഇസ്രയേൽ ലോകത്തിലെ ഏറ്റവും വലിയ ഭീകര രാജ്യമാണെന്നും ഇസ്രയേലിനെ പിന്തുണക്കുന്നവർ ഭീകരതയെ കൂട്ട് പിടിക്കുകയാണ് ചെയ്യുന്നതെന്നും സാദിഖലി തങ്ങൾ വിമർശിച്ചു. അമേരിക്ക ഉൾപ്പെടെയുള്ളവർ അതാണ് ചെയ്യുന്നത്. ലോകത്തെ ഉണർത്താൻ ആണ് ഈ റാലി നടത്തുന്നത്. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ നമുക്ക് സാധിക്കണം. ലോകരാജ്യങ്ങൾ മനസാക്ഷിയോട് ചോദ്യം ചോദിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാണക്കാട് തങ്ങളുമായി സമുദായത്തിനുള്ള ബന്ധമാണ് ഈ ജനക്കൂട്ടമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതിന് ഒരു പോറലും ഉണ്ടാകില്ല. ഈ റാലിക്ക് ഫലം ഉണ്ടാവില്ലെന്ന് ആരും കരുതേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം ഒരു ലീഡർഷിപ്പിന്റെ കീഴിൽ ഒരുപാട് പ്രതിബന്ധങ്ങളെ മറികടന്നിട്ടുണ്ട്. പഴയ നേതാക്കളുടെ ഐക്യത്തിന് ഒരു മുറിവും ഉണ്ടാവാൻ പാടില്ല എന്നാണ് റാലി കാണിച്ചു തരുന്നത്. ഐക്യം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇവിടെ വന്നവർ. അതിനു പോറൽ ഉണ്ടാവില്ല. എല്ലാവരുടെയും പിന്തുണ ഇതിനുണ്ട്. ഈ റാലിക്കു ഒരേ ഒരു കാരണമേ ഉള്ളു. അത് പലസ്തിൻ ജനത അനുഭവിക്കുന്ന പ്രശ്നങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Last Updated Oct 26, 2023, 9:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]