
പത്തനംതിട്ട: നാരങ്ങാനത്ത് അപകടമുണ്ടായ സ്ഥലത്തേക്ക് 108 ആംബുലൻസ് വിളിച്ചിട്ടും എത്തിയില്ലെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് 108 ആംബുലൻസ് അധികൃതരുടെ വിശദീകരണം. അപകടം നടന്ന സ്ഥലത്തിന് 20 കിലോമീറ്റർ ചുറ്റളവിൽ ഉള്ള ആംബുലൻസുകളെല്ലാം മറ്റ് രോഗികളുമായി പോയിരുന്നതിനാൽ സമീപത്ത് ആംബുലൻസുകൾ ലഭ്യമായിരുന്നില്ലെന്നും ഈ വിവരം വിളിച്ചയാളെ ആദ്യം തന്നെ അറിച്ചിരുന്നു എന്നുമാണ് 108 ആംബുലന്‍സിന്റെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് അധികൃതർ പറയുന്നത്.
ബുധനാഴ്ച പുലർച്ചെ 12.17നാണ് 108 കൺട്രോൾ റൂമിൽ ആദ്യ കോൾ എത്തിയത്. നാരങ്ങാനം എന്ന സ്ഥലത്ത് വാഹനാപകടം നടന്നു എന്നും ഒരാൾക്ക് ഗുരുതര പരിക്ക് പറ്റി കിടക്കുന്നു എന്നും വിളിച്ച വ്യക്തി അറിയിച്ചു. എന്നാല്‍ കൺട്രോൾ റൂമിലെ എമർജൻസി റെസ്പോൺസ് ഓഫീസർ അപകട സ്ഥലത്തിന് 20 കിലോമീറ്റർ ചുറ്റളവിലുള്ള 108 ആംബുലൻസുകളുടെ സ്ഥിതി പരിശോധിച്ചപ്പോള്‍ ഇവയെല്ലാം മറ്റ് രോഗികളുമായി ആശുപത്രികളിലേക്ക് പോയിരിക്കുകയായിരുന്നു. സമീപത്ത് 108 ആംബുലൻസ് ലഭ്യമല്ലെന്ന വിവരം വിളിച്ച ആളിനെ ഉടൻ അറിയിച്ചതായും ബദൽ മാർഗ്ഗം സ്വീകരിക്കാൻ അഭ്യർത്ഥിച്ചതായും 108 ആംബുലൻസ് അധികൃതർ വിശദീകരിക്കുന്നു.
Read also: സ്കൂട്ടറിന് നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത്, യുവാവ് ആശുപത്രിയിൽ; പകല്‍ സമയത്ത് പോലും ദുരിതമെന്ന് നാട്ടുകാര്‍
വീണ്ടും 12.25ന് ആംബുലൻസ് ലഭ്യത അറിയാൻ അതേ വ്യക്തിയിൽ നിന്നു തന്നെ രണ്ടാമത്തെ കോൾ 108 ആംബുലൻസ് കൺട്രോൾ റൂമിൽ ലഭിച്ചു. അപ്പോഴും കോൾ ലഭിച്ചഎമർജൻസി റെസ്പോൺസ് ഓഫീസർ, അടുത്തുള്ള ആംബുലൻസുകൾ പരിശോധിച്ചപ്പോള്‍ അടുത്തുള്ള എല്ലാ ആംബുലൻസുകളും വിവിധ ട്രിപ്പുകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് മറുപടി നൽകിയെന്നും അധികൃതർ പറയുന്നു. എന്നാല്‍ സമീപത്ത് വാഹനം ഇല്ലെങ്കിൽ മറ്റെവിടെ നിന്നെങ്കിലും ആംബുലൻസ് ക്രമീകരിക്കാൻ വിളിച്ച വ്യക്തി അപ്പോള്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് 25 കിലോമീറ്റർ അകലെയുള്ള തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആംബുലൻസിന് നിർദേശം നൽകി. തിരുവല്ലയിൽ നിന്ന് ആംബുലൻസ് വരുന്നുണ്ടെന്ന് നിന്ന് തിരികെ കൺട്രോൾ റൂമിൽ നിന്ന് വിളിച്ച് അറിയിച്ചെങ്കിലും അത്രയും നേരം കാത്തിരിക്കാൻ പറ്റില്ലെന്നും എന്നും മറ്റെന്തെങ്കിലും മാർഗം സ്വീകരിക്കാമെന്ന് വിളിച്ചയാള്‍ അറിയിച്ചതായും 108 അധികൃതർ പറയുന്നു. വീണ്ടും 12.50ന് ഇതേ സംഭവത്തിന് ആംബുലൻസ് സേവനം അഭ്യർത്ഥിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന് വിളിച്ചു. ഇതേ തുടർന്ന് വീണ്ടും തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആംബുലൻസിനെ തന്നെ സ്ഥലത്തേക്ക് അയച്ചു. എന്നാൽ രോഗിയെ മറ്റൊരു വാഹനത്തിൽ കൊണ്ടുപോയെന്ന് പിന്നാലെ അറിയിക്കുകയായിരുന്നു എന്നുമാണ് അധികൃതരുടെ വിശദീകരണം.
സംഭവസ്ഥലത്ത് നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള കോഴഞ്ചേരി ജനറൽ ആശുപത്രിയിലും എട്ട് കിലോമീറ്റർ അകലെയുള്ള പത്തനംതിട്ട ജനറൽ ആശുപത്രിയിലും 10 കിലോമീറ്റർ അകലെയുള്ള എംസി ചെറിയാന് ആശുപത്രിയിലും 108 ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും ഇവയെല്ലാം മറ്റ് രോഗികളുമായി ഈ സമയം കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു. 17 കിലോമീറ്റർ അകലെയുള്ള വടശേരിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ്രോഗിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആക്കി മടങ്ങി വരികയായിരുന്നു എന്നുമാണ് അധികൃതർ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…
Last Updated Oct 26, 2023, 5:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]