
തിരുവനന്തപുരം: സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയം കുട്ടികളുടെ മനസിലും കടത്തിവിട്ട് ചെറുപ്പത്തിലെ പിടികൂടുകയെന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ് ഹിന്ദുവത്കരണം അടിച്ചേല്‍പ്പിക്കുന്ന പാഠ്യപദ്ധതിയിലെ പരിഷ്ക്കാരങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ശാന്തിനികേതനില്‍ നിന്ന് മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ പേരു വെട്ടി മാറ്റി അവിടെ മോദിയുടെ പേര് എഴുതിവച്ച അല്പന്മാരാണ് പാഠ്യപദ്ധതി പരിഷ്കാരങ്ങളുടെ പിന്നിലെന്ന് സുധാകരന് പറഞ്ഞു.
അതിനെ മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് ഇന്ത്യ ചെറുത്തു തോല്‍പ്പിക്കും. ഇന്ത്യയെന്ന രണ്ടക്ഷരത്തോടുള്ള ബിജെപിയുടെ എതിര്‍പ്പ് മതനിരപേക്ഷ ചേരിയുടെ സഖ്യം രൂപപ്പെട്ടത് മുതലാണ്. തെരഞ്ഞെടുപ്പ് അടുക്കുംതോറും രാജ്യം കൂടുതല്‍ വര്‍ഗീയവത്കരണത്തിലേക്ക് കൂപ്പുകുത്തുകയാണ്. വാമൊഴിയിലും വരമൊഴിയിലും നാമെല്ലാം അഭിമാനത്തോട് പറഞ്ഞിരുന്ന ‘ഇന്ത്യ എന്ന ഭാരതം’ എന്നതില്‍ നിന്ന് ഇന്ത്യയെ വെട്ടി മാറ്റി വര്‍ഗീയ ധ്രൂവീകരണം നടത്തുകയാണ് പേരുമാറ്റ ഫാക്ടറിയായ ബിജെപിയുടെ ലക്ഷ്യം. ഭാരതം, ഇന്ത്യ എന്നീ പ്രയോഗങ്ങള്‍ യഥോചിതം ദേശീയതയുടെ ഭാഗമായി പ്രയോഗിക്കുന്നതാണെന്ന് തിരിച്ചറിയാനുള്ള വിവേകം സംഘപരിവാരങ്ങള്‍ക്ക് ഇല്ലാതെ പോയിയെന്ന് സുധാകരന് പറഞ്ഞു.
ആര്‍എസ്എസിന്റെ ആലയിലെ വര്‍ഗീയ സിദ്ധാന്തങ്ങള്‍ സ്കൂളുകള്‍ മുതല്‍ സര്‍വകലാശാല വരെയുള്ള പാഠ്യപദ്ധതിയില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി കേന്ദ്ര സര്‍ക്കാരും നടത്തുന്നത്. രാഷ്ട്രനിര്‍മ്മിതിയില്‍ മഹത്തായ സംഭാവനകള്‍ നല്കിയ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഇന്ധിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പേരുകളും മുഗള്‍ സാമ്രാജ്യത്തിന്റെ ചരിത്രവും വെട്ടി മാറ്റിയ ബിജെപി ഭരണകൂടം സംഘപരിവാര്‍ ആചാര്യന് വി ഡി സവര്‍ക്കറെ പ്രതിഷ്ഠിക്കാനുള്ള തത്രപ്പാടിലാണെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം..
Last Updated Oct 26, 2023, 7:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]