കരൂർ∙ രാഷ്ട്രീയ കിരീടത്തിനായുള്ള ‘ദളപതിയുടെ’ പടയോട്ടത്തിൽ ആദ്യ പ്രതിസന്ധി. (തമിഴക വെട്രി കഴകം) പ്രസിഡന്റും നടനുമായ വിജയ്യുടെ റാലി ആവേശക്കടലായി ആരംഭിച്ച് ദുരന്തമായി മാറി.
ഉറ്റവരുടെ ജീവനറ്റ ശരീരങ്ങൾക്കു മുന്നിൽ അലമുറയിട്ടു കരയുന്നവർ, സഹായത്തിനായി കേഴുന്നവർ, ആശുപത്രിയിലേക്ക് പരുക്കേറ്റവരുമായി കുതിക്കുന്ന ആംബുലൻസുകൾ..ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു കരൂരിലേത്.
വിജയ്യുടെ അഞ്ചാമത്തെ പൊതുയോഗമായിരുന്നു
പതിനായിരംപേർ പങ്കെടുക്കുന്ന ചടങ്ങെന്നാണ് ടിവികെ ജില്ലാ ഭാരവാഹികൾ പറഞ്ഞിരുന്നത്. ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 വരെയാണ് യോഗത്തിന് അനുമതി നൽകിയത്.
റാലി കരൂർ ബൈപ്പാസിലെത്തുമ്പോൾ സ്ഥലത്ത് ജനസാഗരമായി. ബൈപ്പാസ് മുതൽ വിജയ് കാരവാനിൽ എഴുന്നേറ്റു നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്തു.
കെട്ടിടങ്ങൾക്കും വൈദ്യുതി പോസ്റ്റുകൾക്കും മുകളിൽ ആളുകൾ വിജയ്യെ കാണാനായി കയറിനിന്നു.
ജനകൂട്ടം വിജയ്യുടെ കാരവാന് ഒപ്പം സഞ്ചരിച്ചതോടെ വാഹനം മുന്നോട്ടു നീങ്ങാൻ ഏറെ പ്രയാസപ്പെട്ടു. ഏറെ വൈകിയാണ് വേലുച്ചാമിപുരത്ത് വിജയ് പ്രസംഗം ആരംഭിച്ചത്.
ഇതിനിടെ, ചിലർ കുഴഞ്ഞു വീണതായി കാരവാന് മുന്നിലുണ്ടായിരുന്നവർ വിജയ്ക്ക് സൂചന നൽകി. അവർക്ക് വെള്ളം നൽകാൻ വിജയ് നിർദേശിച്ചു.
പലരും കുഴഞ്ഞുവീണെന്നും 9 വയസ്സുള്ള കുട്ടിയെ കാണാതായെന്നും ടിവികെ നേതാവ് ആദവ് അർജുന മുന്നറിയിപ്പ് നൽകിയതോടെ വിജയ് പ്രസംഗം അവസാനിപ്പിച്ചു കാരവാന് ഉള്ളിലേക്ക് മടങ്ങി. ആംബുലൻസുകളെ വിളിച്ചെങ്കിലും ജനക്കൂട്ടത്തിന് നടുവിലേക്ക് എത്താൻ ഏറെ പ്രയാസപ്പെട്ടു.
ആംബുലൻസിന്റെ ശബ്ദവും, ആളുകൾ കുഴഞ്ഞു വീണെന്ന പ്രചാരണവും തിരക്ക് വർധിപ്പിച്ചു. ജനം സ്ഥലത്തുനിന്ന് മാറാൻ തിരക്ക് കൂട്ടിയതോടെ വലിയ തിക്കും തിരക്കുമായി.
കുഴഞ്ഞു വീണവർക്ക് മുകളിലേക്ക് ആളുകൾ കൂട്ടത്തോടെ വീണു. കുട്ടികളും സ്ത്രീകളും തിരക്കിനിടയിൽപ്പെട്ട് ചിവിട്ടി മെതിക്കപ്പെട്ടു.
ജനക്കൂട്ടത്തെ മാറ്റാൻ കഴിയാതെ വന്നതോടെ രക്ഷാപ്രവർത്തനം ആദ്യ ഘട്ടത്തിൽ അസാധ്യമായി.
ഏറെ പ്രസാസപ്പെട്ടാണ് പരുക്കേറ്റവരെ അടുത്തുള്ള മെഡിക്കൽ കോളജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും മാറ്റിയത്. കൂടെയുണ്ടായിരുന്നവരെ കാണാതെ കൂട്ടനിലവിളി ഉയർന്നു.
പലരും പരിഭ്രാന്തിയോടെ അടുത്തുള്ള ആശുപത്രികളിലേക്ക് ഓടി. പ്രിയപ്പെട്ടവർ അവിടെയുണ്ടോയെന്ന് അധികൃതരോട് ചോദിച്ച് പൊട്ടിക്കരഞ്ഞു.
ചിലർ ബോധംകെട്ടു വീണു. നിസ്സഹായരായവർ സമ്മേളന സ്ഥലത്ത് തളർന്നിരുന്നു.
കുട്ടികളുടെയും സ്ത്രീകളുടെയും ചെരുപ്പുകളും ബാഗുകളും സ്ഥലത്ത് ചിതറി കിടന്നു.
റാലി ആരംഭിച്ചപ്പോൾ മുതൽ കുട്ടികളുമായി കുടുംബസമേതം ആളുകൾ എത്തുന്നത് പതിവ് കാഴ്ചയായിരുന്നു. തീരെ ചെറിയ കുട്ടികളുമായി എത്തുന്നത് സുരക്ഷാ പ്രശ്നത്തിന് ഇടയാക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും അവഗണിക്കപ്പെട്ടു.
ഇന്നലെ രാത്രി വൈകിയാണ് കരൂരിലെ യോഗത്തിന് അനുമതി ലഭിച്ചത്. വിജയ്ക്കെതിരെ കേസ് എടുക്കുമെന്ന് സൂചനകളുണ്ട്.
വിജയ് റാലി താൽക്കാലികമായി അവസാനിപ്പിക്കുമെന്നും വിവരങ്ങളുണ്ട്. ഡിഎംകെയുടെ ശക്തി കേന്ദ്രത്തിൽ, നേതാവ് ശെന്തിൽ ബാലാജിയുടെ തട്ടകത്തിൽ ശക്തി തെളിയിക്കാനായിരുന്നു വിജയ് ശ്രമിച്ചത്.
അടുത്തെത്തിയ നിയമസഭാ തിരഞ്ഞെടുപ്പിൽ ദുരന്തം ചർച്ചാ വിഷയമാകുമെന്ന് ഉറപ്പ്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @Leennister
എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]