ന്യൂഡൽഹി∙ യുഎൻ പൊതുസഭയിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചു പരാമർശിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനു കണക്കിനുകൊടുത്ത് ഇന്ത്യ. തകർക്കപ്പെട്ട
റൺവേകളും കത്തിനശിച്ച ഹാങ്ങറുകളും വിജയമായി തോന്നുന്നുണ്ടെങ്കിൽ, പാക്കിസ്ഥാന് അത് ആസ്വദിക്കാം എന്നായിരുന്നു ഇന്ത്യ നൽകിയ മറുപടി. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയായ പേറ്റൽ ഗലോട്ട് ആണ് കുറിക്കുകൊള്ളുന്ന മറുപടി നൽകിയത്.
പാക്കിസ്ഥാന്റെ വിദേശനയത്തിന്റെ കാതലായ ഭാഗമാണു ഭീകരപ്രവർത്തനമെന്നും യുഎൻ പൊതുസഭയുടെ എൺപതാം സമ്മേളനത്തിൽ സംസാരിച്ച് അവർ പറഞ്ഞു..
‘‘ഒരു ചിത്രം ആയിരം വാക്കുകൾക്കു തുല്യമാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ബഹാവൽപുർ, മുരീദ്കെ തുടങ്ങിയ ഭീകരതാവളങ്ങളിൽ ഇന്ത്യൻ സൈന്യം വധിച്ച നിരവധി തീവ്രവാദികളുടെ ചിത്രങ്ങൾ ഞങ്ങൾ കണ്ടു.
മുതിർന്ന പാക്ക് സൈനിക, സിവിൽ ഉദ്യോഗസ്ഥർ കുപ്രസിദ്ധരായ അത്തരം ഭീകരരെ പരസ്യമായി മഹത്വവൽക്കരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ ഈ ഭരണകൂടത്തിന്റെ യഥാർഥ സ്വഭാവത്തെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടാകുമോ? ആ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാണ്. പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ തകർന്ന റൺവേകളും കത്തിനശിച്ച ഹാങ്ങറുകളും വിജയമായി തോന്നുന്നുണ്ടെങ്കിൽ, പാക്കിസ്ഥാന് അത് ആസ്വദിക്കാം’’ – അവർ പറഞ്ഞു.
ഇന്ത്യയുടെ പ്രകോപനമില്ലാത്ത ആക്രമണം തന്റെ രാജ്യം നേരിട്ടുവെന്നാണ് ഷരീഫ് വെള്ളിയാഴ്ച യുഎൻ പൊതുസഭയിൽ പറഞ്ഞത്.
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഇന്ത്യൻ വിമാനങ്ങളെ തകർത്ത് ‘പൊടിയും ചാരവുമാക്കി’ മാറ്റിയെന്നും പാക്ക് സായുധസേന പ്രഫഷനലിസവും ധീരതയും കാര്യക്ഷമതയും പ്രകടിപ്പിച്ച് ആകമണങ്ങളെ നേരിട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. പഹൽഗാം ആക്രമണത്തിനുശേഷം ഇന്ത്യ രാഷ്ട്രീയ നേട്ടങ്ങൾ ആഗ്രഹിച്ചു എന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യയുമായി സമഗ്ര ചർച്ചകൾക്ക് പാക്കിസ്ഥാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായ ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരസംഘടനയെ സംരക്ഷിച്ചതിനും അൽ ഖായിദ തലവൻ ഒസാമ ബിൻ ലാദന് അഭയം നൽകിയതും ചൂണ്ടിക്കാട്ടി പാക്കിസ്ഥാനെ ഗെലോട്ട് കടന്നാക്രമിച്ചു. ‘‘എത്ര നാടകം കളിച്ചാലും എത്ര നുണ പറഞ്ഞാലും വസ്തുതകളെ മറച്ചുവയ്ക്കാൻ കഴിയില്ല.
ഈ വർഷം ഏപ്രിൽ 25ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ, ജമ്മു കശ്മീരിലെ വിനോദസഞ്ചാരികളെ ക്രൂരമായി കൂട്ടക്കൊല ചെയ്ത ദി റെസിസ്റ്റൻസ് ഫ്രണ്ടിന ഉത്തരവാദിത്തത്തിൽനിന്നു സംരക്ഷിച്ചത് ഇതേ പാക്കിസ്ഥാൻ തന്നെയാണ്. ഭീകരവാദം വളർത്തുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ദീർഘകാല പാരമ്പര്യമുള്ള രാജ്യമാണ് പാക്കിസ്ഥാൻ.
ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ പങ്കാളിയാണെന്നു നടിക്കുമ്പോഴും ഒരു പതിറ്റാണ്ടോളം ഒസാമ ബിൻ ലാദന് അവർ അഭയം നൽകിയിരുന്നു.’’ അവർ പറഞ്ഞു.
അതേസമയം, ഇന്ത്യയുമായുള്ള സംഘർഷത്തെക്കുറിച്ചുള്ള ഷെരീഫിന്റെ വിവരണം വിചിത്രമാണ് എന്നാണ് ഗലോട്ട് പറഞ്ഞത്. യുദ്ധം ജയിച്ചുവെന്നും ഇപ്പോൾ തങ്ങളുടെ ലോകത്തിന്റെ ഈ ഭാഗത്ത് സമാധാനം നേടാൻ ശ്രമിക്കുകയാണെന്നുമുള്ള ഷെരീഫിന്റെ പരാമർശത്തിന് മറുപടിയായി, മേയ് 10ന് പാക്ക് സൈന്യം പോരാട്ടം നിർത്താൻ നേരിട്ട് അപേക്ഷിച്ചുവെന്നതിനെക്കുറിച്ചും അവർ പറഞ്ഞു.
‘‘പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇന്ത്യയുമായുള്ള സംഘർഷത്തെക്കുറിച്ചു വിചിത്രമായ ഒരു വിവരണം മുന്നോട്ടുവച്ചു. ഈ വിഷയത്തിലെ രേഖകൾ വ്യക്തമാണ്.
മേയ് ഒൻപതുവരെ ഇന്ത്യയ്ക്കെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് പാക്കിസ്ഥാൻ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ മേയ് 10ന് പോരാട്ടം അവസാനിപ്പിക്കാൻ സൈന്യം നേരിട്ട് ഞങ്ങളോട് അപേക്ഷിച്ചു’’ – ഗെലോട്ട് പറഞ്ഞു.
അതേസമയം, വെടിനിർത്തൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ആണെന്ന ഷരീഫിന്റെ പരാമർശങ്ങളെ തള്ളിയ ഇന്ത്യ, പാക്കിസ്ഥാനുമായുള്ള ഏതൊരു പ്രശ്നവും ദ്വിരാഷ്ട്ര തലത്തിൽ പരിഹരിക്കുമെന്നും മൂന്നാം കക്ഷിക്ക് അതിൽ സ്ഥാനമില്ലെന്നും വ്യക്തമാക്കി.
‘‘ഭീകര പ്രവർത്തനങ്ങളുടെ കാര്യത്തിൽ, ഭീകരരും അവരെ പ്രോത്സാഹിപ്പിക്കുന്നവരും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഇരുവരെയും ഉത്തരവാദികളാക്കും.
അണുവായുധ ഭീഷണിയുടെ മറവിൽ ഭീകര പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഞങ്ങൾ അനുവദിക്കുകയില്ല. അത്തരം ഭീഷണികൾക്ക് ഇന്ത്യ വഴങ്ങില്ല.
ലോകത്തോട് ഇന്ത്യയുടെ സന്ദേശം വ്യക്തമാണ്. ഭീകര പ്രവർത്തനങ്ങളോട് ഒരു ദയയും ഉണ്ടാകരുത്’’ – അവർ കൂട്ടിച്ചേർത്തു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]