ന്യൂയോർക്ക് ∙ യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി
പ്രസംഗിക്കാൻ എഴുന്നേറ്റതിനു പിന്നാലെ അനവധി രാജ്യങ്ങളുടെ പ്രതിനിധികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. യുഎസിന്റെയും ബ്രിട്ടനിന്റെയും മുതിർന്ന ഉദ്യോഗസ്ഥർക്കു ജൂനിയറായ നയതന്ത്രജ്ഞരാണ് പങ്കെടുത്തത്.
പ്രസംഗത്തിനിടയിലും പ്രതിഷേധശബ്ദമുയർന്നു. അതേസമയം, നെതന്യാഹുവിനെ പിന്തുണച്ച് ഗാലറിയിൽ നിന്ന് കയ്യടികളുമുയർന്നു.
2023 ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം, ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ കുറിച്ചുള്ള വിവരങ്ങൾ, ഹമാസിന്റെ ആക്രമണങ്ങളെ കുറിച്ചുള്ള ഇസ്രയേലിന്റെ നിലപാട് എന്നിവ വിശദമാക്കുന്ന വെബ്സൈറ്റിലേക്കുള്ള ക്യൂആർ കോഡ് വസ്ത്രത്തിൽ ഘടിപ്പിച്ചാണ് നെതന്യാഹു പ്രസംഗിക്കാനെത്തിയത്.
ഇസ്രയേൽ പ്രതിനിധി സംഘത്തിലെ അംഗങ്ങളും ഇതു വസ്ത്രത്തിൽ ഘടിപ്പിച്ചിരുന്നു.
‘ശാപം’ എന്ന തലക്കെട്ടിലുള്ള ഭൂപടം ഉൾപ്പെടെ ഉയർത്തികാട്ടിയായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. ഇറാൻ, ഇറാഖ്, സിറിയ, ലബനൻ, ഗാസ, എന്നിവിടങ്ങളിൽ നിന്ന് ഇസ്രയേൽ നേരിടുന്ന വെല്ലുവിളികൾ ചിത്രത്തിൽ വരച്ചുകാട്ടി വിവിധ രാജ്യങ്ങളുടെ പ്രതിനിധികളെയും ലോകത്തെയും ബോധ്യപ്പെടുത്താനായിരുന്നു നെതന്യാഹുവിന്റെ ശ്രമം.
അൽ–ഖായിദ, ഹമാസ്, ഹിസ്ബുള്ള, ഇറാൻ എന്നിവ അമേരിക്കക്കാരെയും യൂറോപ്യൻ സ്വദേശികളെയും വധിച്ചവരാണെന്നും ഇവർക്കൊപ്പം ഹൂതികളും ‘അമേരിക്കയ്ക്കു മരണം’ എന്ന് ശബ്ദിക്കുന്നവരാണെന്നും നെതന്യാഹു പറഞ്ഞു.
തന്റെ പ്രസംഗം ഗാസയിൽ തൽസമയം കേൾപ്പിക്കാൻ അതിർത്തിയിൽ ഉച്ചഭാഷിണികൾ വച്ചിട്ടുണ്ടെന്നും ബന്ദികളെ മോചിപ്പിക്കാതെ യുദ്ധം നിർത്തില്ലെന്ന പ്രതിജ്ഞ ബന്ദികൾ കേൾക്കട്ടെയെന്നു കരുതിയാണിതെന്നും നെതന്യാഹു പറഞ്ഞു.
നെതന്യാഹുവിന്റെ പ്രസംഗം നടക്കുന്ന സമയത്തു ടൈം സ്ക്വയറിൽ ആയിരക്കണക്കിനു പലസ്തീൻഅനുകൂലികൾ ഗതാഗതം തടഞ്ഞു. ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ രാജ്യാന്തര ക്രിമിനൽ കോടതിയുടെ വാറന്റുള്ള നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
രാജ്യാന്തരവേദിയിൽ ഒറ്റപ്പെട്ടെങ്കിലും ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം ഇസ്രയേൽ പൂർത്തിയാക്കുമെന്നു നെതന്യാഹു പറഞ്ഞു. ട്രംപിനെ വാനോളം പുകഴ്ത്തിയ നെതന്യാഹു, പലസ്തീൻ രാഷ്ട്രപദവിക്കു വിവിധ രാജ്യങ്ങൾ അംഗീകാരം നൽകിയതു ലജ്ജാകരമായിപ്പോയെന്നു വിമർശിച്ചു.
അതേസമയം, ബ്രിക്സ് അംഗത്വത്തിനുവേണ്ടി പലസ്തീൻ അപേക്ഷ നൽകി. റഷ്യ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക സഹകരണ കൂട്ടായ്മയാണു ബ്രിക്സ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]